പുതുമന മനു നമ്പൂതിരി
(മാളികപ്പുറം മുന്‍ മേല്‍ശാന്തി)
സമീപ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ അര്‍പ്പിച്ച് ഗുരുപരമ്പരകള്‍ക്ക് ദക്ഷിണ നല്‍കി കെട്ടു നിറയ്‌ക്കല്‍ ആരംഭിക്കുന്നു.
രണ്ടു അറകളായി തയ്യാറാക്കിയ സഞ്ചിയാണ് ഇരുമുടി. മുമ്പില്‍ അയ്യപ്പസ്വാമിയുടെ നടയിലേക്കും പിന്‍കെട്ടില്‍ മാളികപ്പുറത്തേയ്‌ക്കും ഉപദേവന്മാരുടെ നടയിലേയ്‌ക്കുമുള്ള സാധനങ്ങളുമാണ് നിറയ്‌ക്കുന്നത്. വെറ്റിലയും പാക്കും നാണയവും ചേര്‍ത്ത്, ഇരുമുടിയില്‍ ആദ്യം സമപ്പിക്കും. ഇതിന് കാണിപ്പൊന്ന് എന്നു പറയും. അന്നദാനപ്രിയനായ ശാസ്താവിന് അരിയാണ് ഇരുകൈകളും ചേര്‍ത്ത് പിന്നീട് നിറയ്‌ക്കുന്നത്.
നെയ്യഭിഷേകപ്രിയനായ അയ്യപ്പനെ നല്ല നാളികേരത്തിന്റെ ഒരു കണ്ണു കിഴിച്ച് വെള്ളം കളഞ്ഞ് അതില്‍ നെയ്യ് നിറയ്‌ക്കുന്നു. പതിനെട്ടാം പടിയില്‍ ഉടയ്‌ക്കുവാനുള്ള നാളികേരം, നിവേദ്യ വസ്തുക്കള്‍ (കദളിപ്പഴം, ശര്‍ക്കര, അവല്‍, മലര്‍) ഇത്രയും നിറച്ചു കഴിഞ്ഞാല്‍ പിന്‍കെട്ടില്‍ മാളികപ്പുറത്തമ്മയ്‌ക്കും നാഗര്‍ക്കും കറുപ്പസ്വാമിക്കും ഉള്ള വഴിപാടു സാധനങ്ങള്‍ നിറയ്‌ക്കും. മഞ്ഞള്‍പ്പൊടി, കര്‍പ്പൂരം, തിരി, പനിനീര്‍, ഭസ്മം, കുങ്കുമം, വറപ്പൊടി, കുരുമുളക്, തിരിച്ചിറങ്ങുമ്പോള്‍ അടിയ്‌ക്കാനുള്ള നാളികേരം, ഇവയെല്ലാം നിറച്ചു കെട്ടി കര്‍പ്പൂരാതി നടത്തി, തലയില്‍ തുണികെട്ടി, കറുപ്പു കച്ച അരയില്‍ കെട്ടി, ഗുരുസ്വാമിക്കും, ഗുരുജനങ്ങള്‍ക്കും ദക്ഷിണ കൊടുത്ത് കെട്ടു താങ്ങി നാളികേരമുടച്ച് യാത്രയാരംഭിക്കുന്നു. ഇരുമുടി കെട്ട് ഉള്ളവര്‍ക്ക് മാത്രമേ പതിനെട്ടാംപടി ചവിട്ടുവാന്‍ സാധിക്കൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക