ചെന്നൈ: 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഇ.ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതിനുപിന്നാലെ മധുരയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ പരിശോധന. തമിഴ്‌നാട് ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ (ഡി.വി.എ.സി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മധുരയിലെ സബ് സോണല്‍ ഓഫീല്‍ പരിശോധന നടത്തിയത്.
വെള്ളിയാഴ്ച രാത്രിവരെ പരിശോധന നീണ്ടു. ഡി.വി.എ.സി ഉദ്യോഗസ്ഥര്‍ എത്തുന്നതിനുമുമ്പുതന്നെ സി.ആര്‍.പി.എഫ് സംഘം ഇഡി ഓഫീസിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നു. മധുര സബ് സോണല്‍ ഓഫീലെ ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരി 20 ലക്ഷം രൂപ കൈക്കുലി വാങ്ങിയ പണവുമായി വെള്ളിയാഴ്ചയാണ് പിടിയിലായത്. ദിണ്ടിക്കല്‍-മധുര ദേശീയപാതയില്‍ പോലീസും വിജിലന്‍സും ചേര്‍ന്ന് നടത്തിയ വാഹനപരിശോധന്ക്കിടെ കേന്ദ്ര സര്‍ക്കാര്‍ സ്റ്റിക്കര്‍ പതിച്ച മധ്യപ്രദേശ് രജിസ്ട്രേഷനുള്ള കാര്‍ പരിശോധിച്ചപ്പോഴാണ് പണം കണ്ടെടുത്തത്.
കൂടുതൽ ഇഡി ഉദ്യോഗസ്ഥരെ സംഭവത്തിൽ ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. അറസ്റ്റിലായ അങ്കിത് തിവാരിയുടെ സഹപ്രവർത്തകർക്ക് ഉടൻ സമൻസ് അയക്കും. കേസ് സിബിഐക്ക് കൈമാറില്ലെന്നും സൂചനയുണ്ട്. ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അതിവേഗ നീക്കങ്ങളാണ് തമിഴ്നാട്ടിൽ നടന്നത്. അങ്കിത് തിവാരിയുമായി ബന്ധപ്പെട്ട കൂടുതൽ ഇടങ്ങളിൽ പരിശോധന ഉണ്ടാകുമെന്ന് വിജിലൻസ് വാർത്താക്കുറിപ്പ് ഇറക്കി. തൊട്ടു പിന്നാലെ ചെന്നൈയിലെ ഇഡി ഓഫീസിന്റെ ഗേറ്റ് പൂട്ടുകയും സിആർപിഎഫ് സംഘത്തെ വിന്യസിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: