തിരുവനന്തപുരം: നവകേരള സദസ്സിന് പ്രചാരണം നടത്താന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ച് പഞ്ചായത്ത് ഉത്തരവ്. ആരോഗ്യ വകുപ്പ് ജീവനക്കാരെ മറ്റ് വകുപ്പുകളിലെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാന്‍ പാടില്ലെന്ന സര്‍ക്കാരിന്റേയും മനുഷ്യാവകാശ കമ്മീഷന്റേയും ഉത്തരവുകള്‍ മറികടന്നാണ് വിതുര പഞ്ചായത്തിന്റെ ഉത്തരവ്.
വാര്‍ഡുകളില്‍ സഞ്ചരിച്ച് കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാനും നവകേരള സംഘാടക സമിതികള്‍ രൂപീകരിക്കാനുമുള്ള കോര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചുകൊണ്ടാണ് പഞ്ചായത്തിന്റെ ഉത്തരവ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്. പഞ്ചായത്ത് ജീവനക്കാര്‍ക്ക് പുറമെ ആരോഗ്യം, കൃഷി, അങ്കണവാടി എന്നിവയിലെ ജീവനക്കാരെ ഉള്‍പ്പെടുത്തി 17 പേരെയാണ് നവകേരള സദസ്സിന്റെ പ്രചരണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് പേര് വിതുര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ്.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ കെ.ശ്യാമള, എച്ച്.എസ്.ഗായത്രി, സ്മിത, ടി.ഷീല. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജീവന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ലിജു, സജി എന്നിവരെയാണ് നവകേരള സദസ്സിന്റെ കോര്‍ഡിനേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത്. ഇവര്‍ വാര്‍ഡുകളില്‍ പ്രചരണം നടത്തി റിപ്പാര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ആരോഗ്യമേഖലയില്‍ സേവനമനുഷ്ഠിക്കേണ്ട ജീവനക്കാരെ മറ്റ് വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ലെന്ന് 2018 ലാണ് സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും ഉത്തരവിറക്കിയത്. വിനിയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവുകള്‍ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് വിതുര പഞ്ചായത്ത് അധികൃതര്‍. പകര്‍ച്ചപനികള്‍ പകരുന്ന സാഹചര്യത്തില്‍ പഞ്ചായത്തിന്റെ നടപടി വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: