ദുബായ്: ലോക ജനസംഖ്യയുടെ 17 ശതമാനവും ഭാരതത്തിലാണെങ്കിലും കാര്‍ബണ്‍ പുറന്തള്ളുന്നതില്‍ രാജ്യത്തിന്റെ സംഭാവന നാല് ശതമാനം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുറച്ച ഭാരതം 2028ലെ കാലാവസ്ഥാ ഉച്ചകോടിക്ക് വേദിയാകാന്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
യുഎഇയില്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യുഎന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഭാരതം പ്രതിജ്ഞാബദ്ധമാണ്. ഇക്കോളജിയും ഇക്കോണമിയും തമ്മില്‍ സന്തുലിതാവസ്ഥ പാലിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഭാരതം, അദ്ദേഹം പറഞ്ഞു.
വികസിത രാജ്യങ്ങള്‍ 2050ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച മോദി, കാലാവസ്ഥാ വ്യതിയാനത്തോട് പോരാടാന്‍ വേണ്ട പണം അന്താരാഷ്ട്ര തലത്തിലുള്ള വിവിധ വികസന ബാങ്കുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. ഉച്ചകോടിക്കിടെ ലോകനേതാക്കളുമായി മോദി ചര്‍ച്ച നടത്തി.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം, ഉസ്ബെക്കിസ്ഥാന് പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവ്, താജിക്കിസ്ഥാന്‍ പ്രസിഡന്റ് ഇമാം അലി റഹ്മാന്, ജോര്‍ദ്ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്, നെതര്‍ലന്‍ഡ്സ് പ്രധാനമന്ത്രി മാര്‍ക്ക് റൂത്ത്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണി, യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഉറുസുല വോണ്‍ ഡേര് ലെയന്, ലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് എന്നിവര്‍ ചേര്‍ന്ന് മോദിയെ ഉച്ചകോടിയിലേക്ക് സ്വീകരിച്ചു. സെര്‍ബിയ സന്ദര്‍ശിക്കാനുള്ള പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക്കിന്റെ ക്ഷണം മോദി സ്വീകരിച്ചു.
30 ബില്ല്യന്‍ ഡോളറിന്റെ കാലാവസ്ഥാ നിധി
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള പണം ലോകരാജ്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉച്ചകോടി പ്രത്യേക നിധി പ്രഖ്യാപിച്ചു. 30 ബില്ല്യന്‍ ഡോളറിന്റെ ഫണ്ടാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് പ്ര്യാപിച്ചത്. 2030 ഓടെ ഇത് 250 ബില്ല്യന്‍ ഡോളറാക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: