പ്രജാപതിയുടെ ദുര്‍ഗന്ധം സുഗന്ധമാണെന്ന് വ്യാഖ്യാനിക്കുന്ന രാജകിങ്കരന്മാരെക്കുറിച്ചുള്ള വര്‍ണ്ണനയോടെയാണ് ഒ.വി.വിജയന്റെ ധര്‍മ്മപുരാണം തുടങ്ങുന്നത്. ഇന്നത്തെ നവകേരള സദസ്സും ധര്‍മ്മപുരാണത്തിലെ പ്രജാപതിസഭയും തമ്മില്‍ ഏറെ സാമ്യമുണ്ട്. നിരാലംബരെ നിരാശരാക്കിയ പിണറായി സര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിക്കും, അമ്മമാരുടെ സാമൂഹ്യ അടുക്കളയ്ക്കും കടം പറയുകയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെയടക്കം, അശരണര്‍ക്ക് പെന്ഷന് പോലും കൊടുക്കാതെ കുടിശ്ശിക വരുത്തിയിട്ടും ധൂര്‍ത്തിനും മേനി പറച്ചിലിനും ഒട്ടും കുറവില്ലാതെയാണ് ഭരണം നടത്തുന്നത്. ചോദ്യങ്ങള്‍ക്കൊന്നിനും ഉത്തരമില്ലങ്കിലും എല്ലാപ്രശ്നങ്ങള്‍ക്കും കാരണമായി പ്രഖ്യാപിക്കുന്നത് മോദി സര്‍ക്കാരിനെതിരെയുള്ള കള്ളക്കണക്കും വിമര്‍ശനങ്ങളും മാത്രമാണ്. വിരല്‍തുമ്പില്‍ വിവരങ്ങള്‍ ലഭിക്കുന്ന ഡിജിറ്റല്‍ യുഗത്തിലാണ് ഈ കള്ളക്കണക്കുകളും പ്രഖ്യാപനങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നതെന്നും ഇവര്‍ വിസ്മരിക്കുന്നു. നവകേരളസദസിലെ നുണകളുടെ ഗീര്വാണങ്ങള്ക്കുള്ള ഉത്തരമായി കേരളത്തിന് അവകാശപ്പെട്ട നയാപൈസ പോലും മോദി സര്‍ക്കാര്‍ നല്കാന് ബാക്കിയില്ലന്ന് കേന്ദ്രധനമന്ത്രി നേരിട്ടുവന്ന് വെളിപ്പെടുത്തിയിട്ടും പ്രജാപതിയുടെ കള്ളക്കണക്ക് തുടരുകയാണ്.
കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണെന്നും, വരുമാനനഷ്ടം നികത്താതെയും കടത്തിന്റെ പരിധി വെട്ടിക്കുറച്ചും ജിഎസ്ടി നഷ്ടപരിഹാരവും യുജിസി ഫണ്ടും തടഞ്ഞുവെച്ചും കേരളത്തോട് നീതികേട് കാണിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ധനകാര്യ കമ്മീഷനും എന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. 54700 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു നല്‍കാനുണ്ടെന്നും മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. മുഖ്യമന്ത്രിയുടെ കള്ളക്കണക്കിന്റെ പൊള്ളത്തരം വിലയിരുത്തപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
കേന്ദ്രസര്‍ക്കാര്‍ ഞെരുക്കുന്നുണ്ടോ?
കെടുകാര്യസ്ഥത, നയരാഹിത്യം, ധൂര്‍ത്ത് ഇതാണ് കേരളത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് പ്രധാന കാരണം. പിണറായി വിജയന് അധികാരത്തില്‍ വന്ന 2016ല്‍ കേരളത്തിന്റെ മൊത്തം കടം 186453.86 കോടി രൂപ ആയിരുന്നത് ഏഴുവര്‍ഷത്തെ ഭരണത്തില്‍ 3.57 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചത്. കേന്ദ്രം കടം മേടിക്കാന്‍ അനുമതി നിഷേധിച്ചതുകൊണ്ടാണൊ അതോ ദുര്‍ഭരണത്തിന്റെ പ്രതിഫലനമോ എന്നാണ് ചര്‍ച്ച ചെയ്യേണ്ടത്. റവന്യൂ വരുമാനത്തിന്റെ 72% ചെലവാകുന്നത് പെന്‍ഷനും ശമ്പളവും പലിശയും കൊടുക്കാനാണ്. മദ്യവും ലോട്ടറിയും മാത്രമാണ് കേരളത്തിന്റെ വരുമാനമാര്‍ഗ്ഗം. പ്രത്യക്ഷ പരോക്ഷ നികുതി പിരിവില്‍ തികഞ്ഞ അലംഭാവം കാട്ടുന്ന സര്‍ക്കാര്‍ 28852 കോടി രൂപയാണ് നികുതി ഇനത്തില്‍ പിരിച്ചെടുക്കാനുള്ളത്. കാര്‍ഷിക വ്യാവസായിക മേഖലകളിലെ തകര്‍ച്ചയും റവന്യൂ വരുമാനത്തിലെ ഭാരിച്ച ചെലവും കേരളത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമ്പോള്‍ പ്രായോഗികമായി പരിഹാരം കണ്ടെത്താന്‍ പിണറായി സര്‍ക്കാറിനും കഴിയുന്നില്ല. മുരടിപ്പ് നേരിടുന്ന കാര്‍ഷിക മേഖലയില്‍ നെല്ലിന്റെ താങ്ങുവില കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില 21 രൂപ 60 പൈസയായി ഉയര്‍ത്തിയപ്പോള്‍ കേരളം ഒരു രൂപ 60 പൈസ കുറയ്ക്കുകയാണ് ചെയ്തത്. 1972 ല്‍ മൂന്ന് വിളവുകള്‍ അടക്കം എട്ടര ലക്ഷം ഹെക്ടറില്‍ നടന്ന നെല്ല് ഉല്‍പ്പാദനം ഇപ്പോള്‍ 2 ലക്ഷം ഹെക്ടറിന് താഴെയായി. ഭൂപരിഷ്കരണം നടപ്പാക്കാത്ത തോട്ടം മേഖലയിലും വളര്‍ച്ച കീഴ്പ്പോട്ടാണ്. 1956ല്‍ തേയില ഉല്‍പ്പാദനത്തില്‍ 12% കേരളത്തിന്റെതെങ്കില്‍ ഇന്ന് 4.55% ആയി കുറഞ്ഞു. 98% മായിരുന്ന റബ്ബര്‍ ഉല്‍പ്പാദനം ഇന്ന് 72% മായി കുറഞ്ഞു. ഏലവും കുരുമുളകും അടക്കം തോട്ടവിളകള്‍ തകര്‍ച്ചയെ നേരിടുകയാണ്. പച്ചക്കറിഉപഭോഗത്തിന്റെ 18% മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
വ്യാവസായിക രംഗം പണ്ടെ തകര്‍ച്ചയിലാണ്. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും വ്യവസായം വളര്‍ന്നില്ല, വന്നില്ല. കേരളത്തിലെ പ്രധാനവ്യവസായശാലകളായ ടൈറ്റാനിയം, എഫ്എസിടി, കൊച്ചിന് ട്രാവന്‍കൂര്‍ അടക്കമുള്ള വ്യവസായശാലകള്‍ കൊണ്ടുവന്നത് സര് സിപിയാണ്. പെട്ടിപ്പീടകക്കാരെ പോലും ബൂര്‍ഷ്വാസിയായി മുദ്രകുത്തി, കമ്പ്യൂട്ടറിനേയും ട്രാക്ടറിനെയും എതിര്‍ത്ത് സമരം ചെയ്ത് നാട് മുടിപ്പിച്ച കമ്മ്യൂണിസ്റ്റ് അരാജകത്വ സമീപനമാണ് കേരളത്തിന്റെ തകര്‍ച്ചക്ക് കാരണം.
റവന്യൂ കമ്മി ഗ്രാന്റ്
സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള അന്തരം അടിസ്ഥാനമാക്കിയാണ് റവന്യൂ കമ്മിഗ്രാന്റ് അനുവദിക്കുന്നത്. നിയമസഭയില്‍ ധനമന്ത്രി നടത്തിയ പ്രസ്താവന പ്രകാരം റവന്യൂകമ്മിഗ്രാന്റ് ലഭിക്കുന്ന 17 സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കേരളത്തിനാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കിട്ടാത്ത ഗ്രാന്റുകള്‍ ഉള്‍പ്പടെ റവന്യൂഗ്രാന്റ് അടക്കം കേരളത്തിന് അധികമായി 53000 കോടി രൂപ നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയെന്ന് സാമ്പത്തികവിദഗ്ധന്‍ ഡോ. വി.കെ. വിജയകുമാര്‍ കണക്കുകള്‍ നിരത്തി പറയുന്നു. 15-ാംധനകാര്യ കമ്മീഷന് റവന്യൂ കമ്മി ഗ്രാന്റ് ഇനത്തില്‍ 53137 കോടി രൂപയാണ് വരുമാനകമ്മി നികത്താന്‍ കേരളത്തിന് നല്‍കിയത്. റവന്യൂകമ്മി ഗ്രാന്റ് ഏറ്റവും കൂടുതല്‍ കേരളത്തിന് ലഭിച്ചപ്പോള്‍, ബിജെപി ഭരിക്കുന്ന പ്രമുഖ സംസ്ഥാനങ്ങള്‍ക്കോ ദരിദ്ര ഒറീസ്സക്കോ ഈ ഗ്രാന്റ് ലഭിച്ചിട്ടില്ല.
15-ാംധനകാര്യ കമ്മീഷനും കേരളവും
ഫെഡറല്‍ സമ്പ്രദായത്തില്‍ സംസ്ഥാനങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നികുതി പങ്കിടല്‍ തുടങ്ങി ചുമതലയുള്ള ഭരണഘടനയിലെ 280-ാംവകുപ്പു പ്രകാരമുള്ള സ്ഥാപനമാണ് ധനകാര്യകമ്മീഷന്. 15-ാംധനകാര്യകമ്മീഷന്‍ കേരളത്തിനുകിട്ടേണ്ട കേന്ദ്രവിഹിതം വെട്ടിക്കുറച്ചു എന്ന മുഖ്യമന്ത്രിയുടെ പരാതി അര്‍ത്ഥശൂന്യമാണ്. നാല് ഘടകങ്ങളെ ആസ്പദമാക്കിയാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രവിഹിതം നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിനു വേണ്ടി മാത്രമായി ഒരു നടപടിയോ സമീപനമോ കമ്മീഷന് നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാനങ്ങളുടെ ധനസ്ഥിതി വിലയിരുത്തി പ്രത്യക്ഷനികുതിയില്നിന്നും കേന്ദ്രവിഹിതം സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന് നല്കുന്നു. ജനസംഖ്യ, ഏരിയ, പാരിസ്ഥിതികപ്രശ്നങ്ങള്‍, വരുമാനദൂരം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, പാരിസ്ഥിതികപ്രശ്നങ്ങള്‍, ദാരിദ്ര്യം എന്നീ മേഖലകളിലെ വികാസനോന്മുഖമായ പദ്ധതികള്‍ക്കുള്ള ധനസഹായം ധനകാര്യ കമ്മീഷന് നല്‍കുന്നുണ്ട്. 14-ാം ധനകാര്യകമ്മീഷന് 1971 ലെ ജനസംഖ്യയായിരുന്നു അടിസ്ഥാനമാക്കിയതെങ്കില്‍ 15-ാംകമ്മീഷന് 2011ലെ ജനസംഖ്യയാണ് അടിസ്ഥാനമാക്കിയിട്ടുള്ളത്. ഇതനുസരിച്ച് തെക്കേ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നഷ്ടമുണ്ടായി. കര്‍ണ്ണാടകയ്ക്കും ആന്ധ്രക്കും തെലങ്കാനക്കും വിഹിതക്കുറവ് സംഭവിച്ചു. ധനകാര്യകമ്മീഷന് ഉത്തര്‍പ്രദേശിന് കൂടുതല്‍ കൊടുത്തു. കേരളത്തിന് കുറച്ചു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മൂന്നര കോടി ജനസംഖ്യയുള്ള കേരളവും 20 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശും തമ്മില്‍ ബഹുദൂരവ്യത്യാസമുണ്ട്. ദാരിദ്ര്യം കുറഞ്ഞു ആരോഗ്യം വികസിച്ചു എന്ന് ബജറ്റില്‍ രേഖപ്പെടുത്തിയത് ധനമന്ത്രി ബാലഗോപാലാണ്. ദാരിദ്ര്യനിര്‍മ്മാര്‍ജനവും ആരോഗ്യസംരക്ഷണവും ഉത്തര്‍പ്രദേശില്‍ ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ടെന്ന യാഥാര്‍ത്ഥ്യം ധനകാര്യകമ്മീഷന് വിസ്മരിക്കാന്‍ കഴിയില്ലെന്നുള്ളതുകൊണ്ട് കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ക്ക് കുറയും, ചില സംസ്ഥാനങ്ങള്‍ക്ക് കൂടും. ഇത് സ്വാഭാവികമാണ്. ഭരണഘടനാ സ്ഥാപനമായ ധനകാര്യകമ്മീഷന് സര്‍ക്കാരിന്റെ താല്പര്യമനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്.
കടം വാങ്ങാന്‍ അനുവാദം നിഷേധിച്ചുവോ?
ഫിസിക്കല്‍ റെസ്പോണ്സിബിലിറ്റി മാനേജ്മെന്റ് ആക്ട് 2003ല്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ നിയമമാണ്. അഥവാ എഫ്ബിആര്എം നിയമം മൊത്തം സംസ്ഥാന വരുമാനത്തിന്റെ (ജിഎസ്ഡിപി) 3% ആണ് കടം മേടിക്കാനുള്ള പരിധി. റിസര്‍വ്വ് ബാങ്ക് ഈ നിയമത്തിനനുസരിച്ചാണ് കടം കൊടുക്കുന്നതും കടം വാങ്ങാനുമുള്ള അനുമതി നല്‍കുന്നതും. മൊത്തം സഞ്ചിത കടം 29%ത്തില്‍ കൂടാന്‍ പാടില്ലെന്നും നിയമം നിഷ്കര്‍ഷിക്കുന്നു. കേരളം ഇപ്പോള്‍ തന്നെ ഈ പരിധി ലംഘിച്ചിരിക്കുന്നു. കേരളത്തിന്റെ കടബാദ്ധ്യത 4.5%മായും സഞ്ചിതകടം 38%മായും വര്‍ദ്ധിച്ചു. റിസര്‍വ്വ് ബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ കടബാദ്ധ്യതയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ രണ്ടാംസ്ഥാനത്ത് കേരളമാണ്. കേരളത്തിന്റെ ജിഡിപി 11 ലക്ഷത്തി 32194 കോടിയാണ്. ഇതു പ്രകാരം 33900 കോടി കടമെടുക്കാനുള്ളഅവകാശം കേരളത്തിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ 22000 കോടി മാത്രമാണ് കടമെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കിയിട്ടുള്ളതെന്നാണ് ധനമന്ത്രിയുടെ വാദം. ഇടതുപക്ഷം ഉയര്‍ത്തുന്ന ഈ വാദം അര്ത്ഥരഹിതമാണെന്നുള്ളതിന്റെ കാരണം കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി കമ്പനി വഴി വിദേശത്തുനിന്ന് വാങ്ങിയ കടം ബജറ്റിന് പുറത്താണെന്ന് പറഞ്ഞ് ഇവര്‍ കൂട്ടുന്നില്ല. ബജറ്റിനു പുറത്തായാലും അകത്തായാലും ഉത്തരവാദിത്വം കേന്ദ്രത്തിനാണ്. കേരളം തിരിച്ചടച്ചില്ലെങ്കില്‍ കേന്ദ്രം തിരിച്ചടക്കണം. കടങ്ങളുടെ അന്തിമജാമ്യം (സോവറിന്‍ അതോറിറ്റി) കേന്ദ്രസര്‍ക്കാരാണ്. ഈ കാര്യം സിഎജി നിര്‍ദ്ദേശിച്ചിട്ടുള്ളതുമാണ്. ഓഫ് ബഡ്ജറ്റ് ആയി കിഫ്ബി കടം എഴുതി തള്ളണമെന്ന കേരളത്തിന്റെ ആവശ്യം റിസര്‍വ്വ് ബാങ്കിനോ കേന്ദ്രസര്‍ക്കാരിനോ അനുവദിക്കാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ജനങ്ങളില്‍നിന്ന് മുഖ്യമന്ത്രി മറച്ചുവെക്കുന്നു. കിഫ്ബിയിലെ കടബാദ്ധ്യത കേരളത്തിന്റെ മൊത്തം കടബാദ്ധ്യതയില്‍ കൂട്ടാതെ നിവൃത്തിയില്ല എന്നതാണ് ഭരണഘടനാപരമായ യാഥാര്‍ത്ഥ്യം. ഇതു മനസ്സിലാക്കുമ്പോഴാണ് കേരളത്തിന് നിയമപ്രകാരം കിട്ടേണ്ട കടത്തേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ തന്നെ എടുത്തുകഴിഞ്ഞു എന്ന് വ്യക്തമാകുന്നത്.
ജിഎസ്ടി നഷ്ടപരിഹാരം
2017ല്‍ നിയമം നിലവില്‍ വന്ന സമയം തന്നെ ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് എന്ന നിജപ്പെടുത്തിയിരുന്നതും ഇതുപ്രകാരം 2022 ജൂണ്മാസത്തില് നഷ്ടപരിഹാര വിഹിതം അവസാനിക്കുകയും ചെയ്തു. 4000 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരത്തുക കേരളത്തിന് കിട്ടാനുണ്ടെന്ന ധനമന്ത്രിയുടെയും ദേശാഭിമാനിയുടെയും നിരന്തര ആരോപണത്തിന്റെ കള്ളത്തരം പൊളിഞ്ഞത് കൊല്ലം എം.പി പ്രേമചന്ദ്രന് പാര്‍ലമെന്റില്‍ ഉയര്‍ത്തിയ ചോദ്യത്തോടെയായിരുന്നു. കേന്ദ്രമന്ത്രി ഉത്തരം പറഞ്ഞപ്പോള്‍ നാണംകെട്ടത് കേരളത്തിലെ എം.പി മാരാണ്. 870 കോടിയാണ് കൊടുക്കാനുള്ളതെന്നും കൃത്യമായി കണക്കുകള്‍ തന്നാല്‍ ഉടന്‍ കൊടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി ഇനത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന 16982കോടി രൂപയില്‍ 16523കോടി രൂപയും ഇതിനകം കൊടുത്തുകഴിഞ്ഞു. കേരളത്തിന് അധികമായി നല്‍കേണ്ട ബാക്കിത്തുകയുടെ കണക്കുകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചാല്‍ ശേഷിച്ച തുകയും ഉടന്‍ തരാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 14000 കോടി ജിഎസ്ടി കേരളത്തില്‍ പിരിച്ചെടുക്കാനുള്ളപ്പോള്‍ ജിഎസ്ടി ഉദ്യോഗസ്ഥരെ കേരളീയത്തിന്റെ സ്പോണ്‍സര്‍മാരെ തപ്പി വിടാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
അടിസ്ഥാനസൗകര്യ വികസനഫണ്ട്
അടിസ്ഥാന സൗകര്യവികസനത്തിന് സംസ്ഥാനങ്ങള്‍ക്ക് പലിശരഹിതമായി നല്കുന്ന ഫണ്ടിന്റെ കാര്യത്തിലും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ നീതിയുക്തമായി മാത്രമാണ് സമീപിച്ചിട്ടുള്ളത്. ഈ വര്‍ഷം 1925 കോടി വിഴിഞ്ഞം പദ്ധതിക്കായിപോലും നല്കി. റോഡ്, റെയില്‍വേ വികസനത്തിനും ജലഗതാഗതത്തിനും അടക്കം നാളിതുവരെ കേരളത്തിന് ലഭിച്ചിട്ടില്ലാത്ത സഹായമാണ് മോദിസര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്. 65000 കോടി രൂപ മുതല്‍മുടക്കില്‍ കേരളത്തിലെ 1100 കിലോമീറ്റര്‍ എന്‍എച്ച് 66ന്റെ വികസനം സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ്. റെയില്‍വേ വികസനത്തിന് 2033 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. കഴിഞ്ഞ ബഡ്ജറ്റിന്റെ ആമുഖത്തില്‍ തന്നെ ധനമന്ത്രി കേന്ദ്രസഹായത്തെ പ്രശംസിച്ചിട്ടുണ്ട്. എന്നിട്ടും പിണറായിയും കൂട്ടരും കള്ളക്കണക്കുകള്‍ നിരത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപലപനീയവും തടയപ്പെടേണ്ടതുമാണ്.
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: