മണിപ്പൂരില്‍ പതിറ്റാണ്ടുകളായി സായുധസമരത്തിന്റെ പാതയിലായിരുന്ന യുഎന്‍എല്‍എഫ് എന്ന യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും കേന്ദ്രസര്‍ക്കാരുമായി എത്തിച്ചേര്‍ന്നിരിക്കുന്ന സമാധാന ഉടമ്പടി ചരിത്രപരമാണ്. അക്രമത്തിന്റെ പാതയില്‍നിന്ന് ദേശീയ മുഖ്യധാരയില്‍ എത്തിച്ചേരാനുള്ള ഈ സംഘടനയുടെ തീരുമാനം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിക്കും. സ്വാതന്ത്ര്യാനന്തരം അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഈ സംസ്ഥാനങ്ങളെ വികസനത്തിലേക്ക് നയിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് ഈ സമാധാന ഉടമ്പടി കൂടുതല്‍ കരുത്തു പകരും. സംവരണത്തിന്റെ പേരില്‍ മണിപ്പൂരില്‍ കുറച്ചുനാള്‍ മുന്‍പ് നടന്ന കലാപത്തിനുശേഷം താഴ്‌വരയിലെ ഒരു നിരോധിത സംഘടനയുമായി സമാധാന ചര്‍ച്ചകളിലൂടെ ഇങ്ങനെയൊരു കരാറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞത് കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വലിയ നേട്ടമാണ്. മണിപ്പൂര്‍ കലാപം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും, അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്ത മാധ്യമങ്ങള്‍ക്ക് ഈ സമാധാന കരാര്‍ വലിയ വാര്‍ത്തയല്ലാതായത് സ്വാഭാവികം. ദേശീയ ഐക്യം ശക്തിപ്പെട്ട് രാജ്യം പുരോഗതിയിലേക്ക് മുന്നേറുന്നത് ഇഷ്ടപ്പെടാത്തവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ വാര്‍ത്തയാവണമെന്നില്ല. മണിപ്പൂരില്‍ കലാപം ആളിക്കത്തിക്കുന്നതിലും, അത് മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതിലായിരുന്നു ഇവര്‍ക്ക് താല്‍പര്യം. അങ്ങനെ വന്നാലാണല്ലോ ഭാരതത്തില്‍ വംശഹത്യ നടക്കുന്നു എന്ന വൈദേശിക പ്രചാരണം കൊഴുക്കുകയുള്ളൂ.
മണിപ്പൂരിലെ ഏറ്റവും വലിയ സായുധസംഘമായ യുഎന്‍എല്‍എഫ് അക്രമം വെടിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ സമ്മതിച്ചിരിക്കുകയാണെന്നും, ജനാധിപത്യ പ്രക്രിയയിലേക്ക് അവരെ സ്വാഗതം ചെയ്യുകയാണെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രതികരണം രാജ്യത്തെ മുഴുവന്‍ ജനതയും പിന്തുണയ്‌ക്കുമെന്ന് ഉറപ്പാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന യുഎപിഎ നിയമത്തിനു കീഴില്‍ എട്ട് തീവ്രവാദ സംഘടനകളുടെ നിരോധനം ഇക്കഴിഞ്ഞ പതിമൂന്നിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീട്ടിയിരുന്നു. ഇതില്‍ യുഎന്‍എല്‍എഫും ഉണ്ടായിരുന്നു. ഇതു നടന്ന് രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഈ സംഘടനയുമായി സമാധാന കരാറുണ്ടാക്കാന്‍ കഴിഞ്ഞതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഹിച്ച പങ്ക് പ്രശംസാര്‍ഹമാണ്. ഇതിനിടെ മെയ്‌തേയ് തീവ്രവാദ സംഘടനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ മതിയായ കാരണങ്ങളുണ്ടോ, നിയന്ത്രണങ്ങള്‍ തുടരേണ്ടതുണ്ടോ എന്നു തീരുമാനിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ട്രൈബ്യൂണലിന് രൂപം നല്‍കിയിരിക്കുകയാണ്. ഗുവാഹത്തി ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജയകുമാര്‍ മേധിയുടെ നേതൃത്വത്തിലാണ് ഇക്കാര്യം പരിശോധിക്കുക. ഏതെങ്കിലും ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തലല്ല, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി വികസനവും പുരോഗതിയും സാധ്യമാക്കുക എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ഛിദ്രശക്തികള്‍ സജീവമായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഈ നയം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈദേശിക ശക്തികളുടെ പിന്തുണയോടെ ഇത് അട്ടിമറിക്കാനാവുമോയെന്നാണ് ചിലര്‍ നോക്കുന്നത്.
മണിപ്പൂര്‍ ഒരു ചെറിയ സംസ്ഥാനമാണ്. എന്നാല്‍ ഈ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ എണ്ണം സമാധാനകാംക്ഷികളെ അമ്പരിപ്പിക്കുകതന്നെ ചെയ്യും. രാഷ്‌ട്രീയപാര്‍ട്ടിയായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ടിന്റെ സായുധവിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സായുധവിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി, പീപ്പിള്‍സ് റവല്യൂഷണറി പാര്‍ട്ടിയായ കംഗ്ലിപാക്കിന്റെ റെഡ് ആര്‍മി, കംഗ്ലിപാക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മറ്റൊരു റെഡ് ആര്‍മി, അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലി പാക് എന്നതിന്റെ മുന്നണി സംഘടനകള്‍ എന്നിവയൊക്കെ തീവ്രവാദ സംഘങ്ങളില്‍പ്പെടുന്നു. ഈ സംഘടനകളില്‍ പലതിനും ചൈനയില്‍നിന്നും, മണിപ്പൂരിന്റെ അതിര്‍ത്തി പങ്കിടുന്ന മ്യാന്‍മറില്‍നിന്നുമൊക്കെ സാമ്പത്തികമായും ആയുധങ്ങളായും നിര്‍ലോപമായ സഹായങ്ങള്‍ ലഭിക്കുന്നു. മണിപ്പൂര്‍ കലാപകലുഷിതമായി തുടരുന്നതിന്റെ പശ്ചാത്തലമിതാണ്. ഒരു നിലയ്‌ക്കും സമാധാനം പുലരാന്‍ പാടില്ലെന്ന് വിചാരിക്കുന്നവരുടെ അഞ്ചാംപത്തികളായും കൈക്കോടാലികളായും പ്രവര്‍ത്തിക്കുന്നവരെ അടിച്ചമര്‍ത്തുകതന്നെ വേണം. അപ്പോഴും സംഭാഷണത്തിന്റെയും അനുരഞ്ജനത്തിന്റെയും മാര്‍ഗം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുന്നില്ല എന്നതിന്റെ തെളിവാണ് യുഎന്‍എല്‍എഫുമായി എത്തിച്ചേര്‍ന്ന കരാര്‍. കൂടുതല്‍ സംഘടനകള്‍ സംഘര്‍ഷം വെടിഞ്ഞ് സമാധാനത്തിന്റെ മാര്‍ഗം അവലംബിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക