ബെംഗളൂരു: ബെംഗളൂരുവില്‍ 45ലധികം സ്കൂളുകളിലേക്ക് ബോംബ് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തില്‍ ജിഹാദി സംഘത്തിന്റ സാന്നിധ്യം സംശയിച്ച് പോലീസ്. ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ ഇസ്ലാമിന്റെ വാളിന്റെ മൂര്ച്ചയാല് മരിക്കുക എന്നാണ് ഭീഷണി സന്ദേശത്തില്‍ കുറിച്ചത്. മാത്രമല്ല, ബിസ്മില്ല, അള്ളാഹുവിന്റെ യഥാര്‍ത്ഥ മതം ഞങ്ങള്‍ ഇന്ത്യ മുഴുവന്‍ പ്രചരിപ്പിക്കുമെന്നുമുണ്ട്. അടിമകളാകാനോ അല്ലാഹുവിന്റെ യഥാര്‍ത്ഥ മതം സ്വീകരിക്കാനോ എന്നത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ അനന്തര ഫലം കടുത്തതായിരിക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ അജ്ഞാതര്‍ കുറിച്ചിരുന്നു.
സ്കൂള്‍ പരിസരത്ത് സ്ഫോടകവസ്തുക്കള്‍ ഉണ്ടെന്നും മുംബൈ ഭീകരാക്രമണത്തെ പരാമര്‍ശിച്ചുകൊണ്ട് ഇ-മെയില്‍ അവകാശപ്പെട്ടു, നവംബര്‍ 26 ന്, അല്ലാഹുവിന്റെ മാര്‍ഗത്തിലെ രക്തസാക്ഷികള്‍ നൂറുകണക്കിന് വിഗ്രഹാരാധകരെ കൊന്നു. ദശലക്ഷക്കണക്കിന് കാഫിറുകള്‍ക്ക് മുകളില്‍ കത്തി പിടിക്കുന്നത് ശരിക്കും ശക്തര്‍ മാത്രമാണെന്നും ഇ-മെയിലില്‍ പറയുന്നുണ്ട്. ഇത്തരമൊരു വര്‍ഗീയമായ സന്ദേശം സംസ്ഥാനത്തിന്റെ ക്രമസമാധാനത്തെ ഗൗരവമായി കാണാനിടയാക്കിയതായി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ വിശദ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും താമസിയാതെ പ്രതികളെ പിടികൂടുമെന്നും സിറ്റി പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് 45-ലധികം സ്വകാര്യ സ്കൂളുകള്‍ക്ക് അവരുടെ ഔദ്യോഗിക ഇമെയില്‍ ഐഡികളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. വൈറ്റ്ഫീല്‍ഡ്, കോറമംഗല, യെലഹങ്ക അടക്കമുള്ള സ്ഥലങ്ങളിലെ സ്കൂളുകള്‍ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും സിറ്റി പോലീസ് അടിയന്തരമായി ഒഴിപ്പിച്ചു. ഉടന്‍ തന്നെ പോലീസ് അതാത് സ്കൂളുകളിലെത്തി അവിടെയുള്ള മുഴുവന്‍ പേരേയും ഒഴിപ്പിക്കുകയായിരുന്നു. എല്ലാ സ്കൂളുകളില്‍ നിന്നുമായി 5000 കുട്ടികളെ എങ്കിലും വീട്ടിലേക്ക് പറഞ്ഞു വിട്ടു. ബോംബ് ഭീഷണി സന്ദേശം ലഭിച്ച ചില സ്കൂളുകള്‍ക്ക് രാവിലെ തന്നെ അവധി നല്‍കിയിരുന്നു.
സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ പോലീസ് ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ യാതൊന്നും സ്കൂള്‍ പരിസരങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. വ്യത്യസ്തമായ ഐപികളില്‍ നിന്നാണ് ഇ-മെയില്‍ സന്ദേശം വന്നിരിക്കുന്നത്. ബോംബ് ഭീഷണി വന്ന സ്കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ്.
ഭീഷണി സന്ദേശം എവിടെ നിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്. ഭീഷണി സന്ദേശം വ്യാജമാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണര്‍ ബി. ദയാനന്ദ സ്ഥിരീകരിച്ചു. സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: