Categories: Kerala

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുമായി വികസിത് ഭാരത് സങ്കല്പ യാത്ര

Published by

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ സമൂഹമധ്യത്തില്‍ എത്തിക്കുന്ന വികസിത് ഭാരത് സങ്കല്പ യാത്രയ്‌ക്ക് വന്‍ ജനസ്വീകാര്യത. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം, പ്രധാനമന്ത്രി ആവാസ് യോജന, നൈപുണ്യ വികസന സംരംഭങ്ങള്‍, ഉജ്ജ്വല്‍ യോജന, ജീവന്‍ജ്യോതി ബീമ യോജന, സുരക്ഷാ ഭീമ യോജന, സ്വച്ഛ്ഭാരത് മിഷന്‍, ജന്‍ധന്‍ യോജന, ദിന്‍ ദയാല്‍ അന്ത്യോദയ യോജന ദേശീയ ഗ്രാമീണ്‍ ജിവനോപാധി ദൗത്യം, മേക്ക് ഇന്‍ ഇന്ത്യാ തുടങ്ങി 55 ഓളം പദ്ധതികളുടെ വിശദ വിവരങ്ങള്‍ വികസിത് ഭാരത് സങ്കല്പ യാത്രയില്‍ പ്രദര്‍ശിപ്പിച്ച് വിശദ വിവരങ്ങളും നല്കുന്നു. ഇതോടൊപ്പം വിവിധ പദ്ധതികളുടെ ലഘുവിരണങ്ങളുടെ ലഘുലേഖയും വിതരണം ചെയ്യുന്നു. സങ്കല്പ യാത്ര കേരളത്തിലെ എല്ലാ പഞ്ചായത്തിലും പ്രയാണം നടത്തും.

നവംബര്‍ 27ന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച യാത്ര സുരേഷ്‌ഗോപി ഉദ്ഘാടനം നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം ചെങ്കല്‍ പഞ്ചായത്തില്‍ നടന്ന വികസിത് ഭാരത് സങ്കല്പ യാത്രയില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണും പങ്കെടുത്തു. പ്രദര്‍ശനം നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് എച്ച്എല്‍എല്ലിന്റെയും ഹിന്ദ് ലാബിന്റെയും നേതൃത്വത്തിലായിരുന്നു സൗജന്യ മെഡിക്കല്‍ ക്യമ്പ്.

ആധാര്‍ സേവനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളും യാത്രയില്‍ വ്യക്തമാക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ നവീന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഡ്രോണ്‍ പരിചയപ്പെടുത്തുന്നുണ്ട്. നബാര്‍ഡാണ് വികസിത് സങ്കല്പ യാത്രയുടെ മുഖ്യ സംഘാടകര്‍. ജില്ലകളില്‍ ലീഡ് ബാങ്കുകളുടെ നേതൃത്വത്തിലാണ് പരിപാടി. വികസിത് ഭാരത് സങ്കല്പ യാത്രയിലൂടെ തുറന്നുകാട്ടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പൊള്ളത്തരങ്ങള്‍ കൂടിയാണ്. നിരവധി കേന്ദ്ര പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരിന്റേതാക്കി അവതരിപ്പിക്കുന്നത്. ഇതിനുള്ള മറുപടി കൂടിയാവുകയാണ് വികസിത് ഭാരത് സങ്കല്പ യാത്ര.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by