തിരുവനന്തപുരം: ആയുര്‍വേദ മേഖലയില്‍ കേരളം ആഗോളതലത്തില്‍ നേതൃനിരയിലാണെന്നും കേരള സംസ്കാരം ആയുര്‍വേദവുമായി ആഴത്തില്‍ ബന്ധമുള്ളതാണെന്നും കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.
തിരുവനന്തപുരത്ത് നടന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ദേശീയ ആരോഗ്യമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്തിനകത്തു മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ മനുഷ്യരാശിക്ക് മുഴുവന്‍ പ്രയോജനപ്പെടുന്ന രീതിയില്‍ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശികള്‍ക്കായി ഇന്ത്യന്‍ ഗവണ്മെന്റ് ആയുഷ് വിസ അവതരിപ്പിച്ചതായും വരും നാളുകളില്‍ ആഗോള ജനതയുടെ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഇത് വലിയ പ്രഭാവം സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ സംരഭകത്വ വികസനം ഒരു മുന്‍ഗണനാ വിഭാഗമായി കേന്ദ്ര ഗവണ്മെന്റ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവ സംരഭകര്‍ക്ക് ഈ മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്നും ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണം, ആയുഷ് മേഖലക്കാവശ്യമായ ഉപകരണ നിര്‍മ്മാണം തുടങ്ങി ഈ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രസക്തി ഏറെയാണെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
വളര്‍ന്നു വരുന്ന ആയുഷ് മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മേഖലയില്‍ ബിസിനസ് എളുപ്പമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയില്‍ ഇതിനകം നിരവധി രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി വളര്‍ന്നു വരുന്ന ആയുഷ് മേഖലയില്‍ മുതല്‍ മുടക്കാന്‍ നിക്ഷേപകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
മറ്റു രാജ്യങ്ങളില്‍ നിക്ഷേപത്തിന് താത്പര്യമുള്ളവര്‍ക്കുള്ള സൗകര്യങ്ങള്‍ പ്രദാനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ആയുഷ് മേഖലയിലെ നവീകരണത്തിന്റെ സഹകരണത്തിന്റേയും വേഗത ഉള്‍ക്കൊണ്ട് പുരാതന ജ്ഞാനവും ആധുനിക മുന്നേറ്റവും തമ്മിലുള്ള അന്തരം കുറച്ചു കൊണ്ടുവരാന്‍ ചികിത്സരും സംരഭകരും മുന്നോട്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആയുര്‍വേദം എന്നത് കേവലം ചികിത്സാ സമ്പ്രദായം എന്നതിലുപരി മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും മനസ്സിനെയും ശരീരത്തെയും സന്തുലിതമാക്കുകയും ആരോഗ്യകരമായ ഭാവിയിലേക്ക് മനുഷ്യരാശിയെ നയിക്കുകയും ചെയ്യുന്ന ഒരു സമഗ്രമായ ജീവിതശൈലിയാണെന്ന് കേന്ദ്ര വിദേശകാര്യപാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന് പറഞ്ഞു.
ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സമഗ്രമായ സമീപനത്തില്‍ വേരൂന്നിയ ആയുര്‍വേദം, രോഗലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനുപകരം രോഗങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പ്രതിവര്‍ഷം 41 ദശലക്ഷം ആളുകളുടെ മരണത്തിന് കാരണമാകുന്നത് സാംക്രമികേതര രോഗങ്ങള്‍ കാരണമാണെന്നും ഈ രോഗങ്ങളുടെ ആഘാതം ഏറ്റവും ഗുരുതരമാകുന്നത് 30 വയസിന് മുകളിലുള്ള വ്യക്തികളിലാണെന്നും ആദ്ദേഹം പറഞ്ഞു.
സാംക്രമികേതര രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള ദീര്‍ഘകാല പരിഹാരം നല്കാന് ആയുര്‍വേദത്തിന് കഴിയുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ആയുഷ് മിഷനിലൂടെ പൊതുജനാരോഗ്യത്തില്‍ പരിവര്‍ത്തനപരമായ സ്വാധീനം ഉണ്ടായതായി ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച പറഞ്ഞു. ചടങ്ങില്‍ വിശിഷ്ട അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ അറിവ് വികസിപ്പിക്കുന്നതിലും സുപ്രധാന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിലും പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളില്‍ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള റിസര്‍ച്ച് കൗണ്‍സില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ദേവീദാസ് വാര്യര്‍, ഡോ. ജെ ഹരീന്ദ്രന്‍ നായര്‍, ഡോ. നീലകണ്ഠന് മൂസ് തുടങ്ങിയ ആയുര്‍വേദ രംഗത്തെ പ്രമുഖരും ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ വി ജി ഉദയകുമാര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. വിഷ്ണു നമ്പൂതിരി എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: