സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കേരള സർക്കാർ അവതരിപ്പിച്ച വെബ്സൈറ്റിനും ആപ്ലിക്കേഷനുമെതിരെ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഒരു തിയേറ്ററുകാരും ഈ ആപ്പ് ഉപയോഗിക്കില്ലെന്നും ആർക്കും ആപ്പിൽ വിശ്വാസമില്ലെന്നും സംഘടന വ്യക്തമാക്കി. വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കുമുള്ള വിഹിതം ആപ്പ് നടത്തിപ്പുകാരിലേക്ക് പോകുന്ന സംവിധാനം സ്വീകാര്യമല്ല. അവർ ശേഖരിച്ച് വിതരണക്കാർക്കും തിയേറ്റർ ഉടമകൾക്കും നൽകുന്ന രീതി പ്രായോഗികമായി നടപ്പിലാക്കാൻ കഴിയില്ലെന്നും സംഘടന അറിയിച്ചു.
‘എന്റെ ഷോ’ എന്ന പേരിൽ ആപ്പ് പുറത്തിറക്കുമെന്നാണ് സർക്കാർ അറിയിച്ചത്. സർക്കാർ ആപ്പ് വിജയകരമായി നടപ്പാക്കിയ ശേഷം സ്വകാര്യ തിയേറ്ററുകളിൽ നടപ്പാക്കുന്ന കാര്യം ആലോചിക്കാമെന്നും ഫിയോക്ക് പറഞ്ഞു. സർക്കാരിന്റെ ആപ്പിൽ വിശ്വാസം അർപ്പിക്കാനാകുന്നില്ലെന്നും ഫിയോക്ക് അംഗങ്ങൾ കൂട്ടിച്ചേർത്തു.
ആപ്പിലൂടെ ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ കൃത്യമായ കണക്കുകൾ ശേഖരിക്കാൻ സർക്കാരിന് കഴിയുമെന്നായിരുന്നു സർക്കാരിന്റെ അവകാശ വാദം. വിറ്റുപോയ ടിക്കറ്റിന്റെ വിവരങ്ങൾ സർക്കാരിനും നിർമാതാക്കളും തിയേറ്റർ ഉടമകൾക്കും ലഭ്യമാകും. എന്റെ ഷോ അപ്പിലൂടെ സ്വന്തമാക്കുന്ന ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമാണ് അധികമായി നൽകേണ്ടത് തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചാണ് എന്റെ ഷോ പുറത്തിറക്കാൻ ആലോചിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: