പാലക്കാട്: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ വിചിത്രവാദവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിധി സർക്കാരിന് തിരിച്ചടിയാണെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ ആ പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും വിധിയിൽ തിരിച്ചടിയേറ്റത് ഗവർണർക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിസി നിയമനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് ഗവർണർ കോടതിയിൽ അറിയിച്ചത്. എന്നാൽ ചട്ട വിരുദ്ധമായി അല്ല കണ്ണൂർ വി.സി നിയമനം നടന്നത് എന്ന് കോടതി തന്നെ വ്യക്തമാക്കുന്നു. വിധി വന്നതിന് ശേഷവും ചാൻസലർ നിയമനം നടന്നത് ചട്ടവിരുദ്ധമായാണ് എന്നാണ് പറയുന്നത്. ചാൻസലറെ കുറിച്ചാണ് കോടതിയിൽ പ്രതികൂല പരാമർശമുണ്ടായത്. ഇത്തരത്തിലുള്ള പ്രതികരണം നടത്തുന്ന ഗവർണർ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനാണോ?. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്ന് ഗവർണർ ഓർക്കണം.
വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തെ സംബന്ധിച്ച് മൂന്ന് നിയമപ്രശ്‌നങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഒന്ന് വൈസ് ചാന്‍സലര്‍ തസ്തിക നിശ്ചിത കാലാവധിയുള്ള തസ്തികയാണ്. അതിലേക്ക് പുനര്‍നിയമനമാകാമോ ഇതാണ് ഒരു ചോദ്യം. പുനര്‍നിയമനമാകാമെന്നാണ് സുപ്രീം കോടതി പറഞ്ഞതെന്നും മുഖ്യമന്ത്രി പറയുന്നു.
ഗോപിനാഥിന് വിസി ആയി പുനര്‍നിയമനം നല്‍കാന്‍ പ്രായപരിധി ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. പുനര്‍നിയമനത്തിലും സെര്‍ച്ച് പാനല്‍ പ്രകാരം നടപടി വേണോയെന്ന നിയമപ്രശ്‌നത്തിലും ഈ പ്രക്രിയ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ആദ്യനിയമനത്തിലെന്ന പോലെ പുനര്‍ നിയമനത്തിലും സെലക്ഷന്‍ സെര്‍ച്ച് പാനല്‍ രൂപീകരിച്ച് അതിന്‍ പ്രകാരം നടപടി ആരംഭിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് പുനര്‍നിയമനത്തിന് ഈ പ്രക്രിയ ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്. ഈ മൂന്ന് വാദങ്ങളാണ് പുനര്‍നിയമനവുമായി ഉയര്‍ന്നുവന്നത്. ഇത് സര്‍ക്കാര്‍ നിലപാട് ശരിവയ്‌ക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിധിക്കു ശേഷമുള്ള ഗവര്‍ണറുടെ പ്രസ്താവന മറ്റേതെങ്കിലും സ്വാധീനത്തിന് വഴങ്ങിയാണോയെന്ന് സംശയമുണ്ട്. പ്രോ ചാന്‍സിലര്‍, ചാന്‍സിലര്‍ക്കയച്ച കത്താണ് ബാഹ്യസമ്മര്‍ദ്ദമായി പറയുന്നത്. അതെങ്ങനെ ബാഹ്യസമ്മര്‍ദ്ദമാകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഗോപിനാഥ് രവീന്ദ്രനെ ഇവിടെ നിന്ന് തുരത്തണമെന്ന കാര്യത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ട്. പുനര്‍ നിയമനത്തില്‍ യുജിസിയുടെ ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നാണ് വിധിന്യായത്തില്‍ സുപ്രീം കോടതി പറഞ്ഞത്. ഗവര്‍ണറുടെ ഈ വാദം സുപ്രീം കോടതി തിരുത്തിയിട്ടും അദ്ദേഹം അത് ആവര്‍ത്തിക്കുന്നത് വിചിത്രനിലപാടാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലപാടുകൾ തുറന്നുപറയുന്ന ആളാണ് വിസി. പ്രതിപക്ഷം ഇക്കാര്യത്തിൽ ഇത്ര സന്തോഷിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: