കൊച്ചി: നാവികസേനയ്‌ക്കുവേണ്ടി കൊച്ചിന്‍ ഷിപ്‌യാര്‍ഡ് നിര്‍മിക്കുന്ന മൂന്ന് അന്തര്‍വാഹിനി പ്രതിരോധ കപ്പലുകള്‍ ഒന്നിച്ച് നീറ്റിലിറക്കി. കപ്പല്‍ശാലയില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം ആദ്യയാനം അഞ്ജലി ബാലും രണ്ടാമത്തെ യാനം കങ്കണ ബെറിയും മൂന്നാമത്തെ യാനം സറിന്‍ പ്രഭു സിങ്ങും നീറ്റിലിറക്കി.
നാവികസേന വൈസ് അഡ്മിറല്‍മാരായ സഞ്ജയ് ജെ. സിങ്, സൂരജ് ബെറി, പുനീത് ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എട്ട് അന്തര്‍വാഹിനി പ്രതിരോധ യുദ്ധക്കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ പ്രതിരോധ മന്ത്രാലയവും കൊച്ചിന്‍ ഷിപ്യാര്‍ഡും തമ്മില്‍ 2019 ഏപ്രില്‍ 30നാണ് ഒപ്പുവച്ചത്. ഈ പരമ്പരയിലെ ആദ്യത്തെ മൂന്ന് കപ്പലുകളാണ് ഇന്നലെ നീറ്റിലിറക്കിയത്. ഇവ അടുത്ത വര്‍ഷം അവസാനം നാവികസേനയ്‌ക്ക് കൈമാറും.
ഭാരതത്തില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അന്തര്‍വാഹിനി പ്രതിരോധ കപ്പലിന് 78 മീറ്റര്‍ നീളവും 11.36 മീറ്റര്‍ വീതിയുമുണ്ട്. വെള്ളത്തിനടിയിലുള്ള നിരീക്ഷണത്തിനായി തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങളോടെയാണ് കപ്പലുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ഭാരത നാവിക സേനയുടെ ചരിത്രത്തിലാദ്യമായാണ് മൂന്ന് യാനങ്ങള്‍ ഒന്നിച്ച് നീറ്റിലിറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: