Categories: Kerala

മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി; സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് ചോദിക്കുന്ന തുക യാത്രാബത്ത നല്കാന്‍ ഉത്തരവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലകളില്‍ പരിശീലനം നല്കാന്‍ പോയ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് ചോദിക്കുന്ന തുക യാത്രാബത്ത നല്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. യാത്രാബത്ത ഇനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട തുകയുടെ പരിധി ബാധകമാക്കാതെയും ബില്ലുകള്‍ ഹാജരാക്കാനായില്ലെങ്കിലും തുക അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

പൊതുജനസമ്പര്‍ക്ക പരാതി പരിഹാര പരിപാടിയുമായി ബന്ധപ്പെട്ട് പരാതികള്‍ തീര്‍പ്പാക്കുമ്പോള്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇതിലേക്കായി മുഖ്യമന്ത്രിയുടെ കമ്പ്യൂട്ടര്‍ സെല്ലിലെ ജോ. സെക്രട്ടറിയും ഒരു സെക്ഷന്‍ ഓഫീസറും ഒരു അസിസ്റ്റന്റും അടങ്ങുന്ന സംഘം ജില്ലകളിലെത്തണം. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ എത്തുന്ന പരാതികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം നല്കണം. ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ജില്ലാ സിഎംഒ പോര്‍ട്ടലിലെ ജീവനക്കാര്‍ക്കുമാണ് ജില്ലാതല യോഗങ്ങളില്‍ പരിശീലനം നല്‌കേണ്ടത്.

ഓരോ ജില്ലയിലും രണ്ടു ദിവസങ്ങളിലായി രണ്ടര മണിക്കൂറിലധികം വീതമുള്ള നാല് സെഷനുകള്‍ വീതമുള്ള ക്ലാസുകള്‍ 2022 നവംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെയാണ് വിവിധ ജില്ലകളില്‍ പരിശീലനം നല്കിയത്. ഇതിലേക്കായി ഉദ്യോഗസ്ഥര്‍ക്ക് നിരന്തരം യാത്രകള്‍ വേണ്ടിവന്നതിനാല്‍ ട്രയിന്‍, ബസ് എന്നിവയുടെ ടിക്കറ്റുകളും മറ്റ് ചിലവുകളിലെ വൗച്ചറുകളും സൂക്ഷിച്ച് വയ്‌ക്കാന്‍ സാധിച്ചില്ല. അതിനാല്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതി സംവിധാനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടര്‍ സെല്‍ ജീവനക്കാര്‍ നടത്തിയ യാത്രകള്‍ മറ്റ് നിബന്ധനകളില്‍ നിന്നും ഒഴിവാക്കി ആവശ്യപ്പെടുന്ന തുക അനുവദിക്കണമെന്നാണ് ഉത്തരവ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക