ഡോ. മന്മോഹന് വൈദ്യ
സഹസര്‍ കാര്യവാഹ്
രാഷ്ട്രീയ സ്വയംസേവക സംഘം
കമ്മ്യൂണിസം പടര്‍ന്നു പന്തലിച്ച കേരളത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ദേശീയചിന്തയുടെ വിത്തുപാകിയ ജ്ഞാനികളും പ്രചോദിതരുമായ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ആര്.ഹരി. മറ്റെന്തിനെയും നിരാകരിക്കുന്ന, വെറുപ്പിന്റേതു മാത്രമായ ഇടതുപക്ഷ പ്രത്യയശാസ്ത്രം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സധൈര്യം നേരിട്ട്, ഹിന്ദുത്വവാദം മുന്നോട്ടു വയ്ക്കുന്ന സമഗ്രവും ദേശീയവുമായ ചിന്തകള്‍ പ്രാവര്‍ത്തികമാക്കിയവരില്‍ മുന്‍നിരക്കാരനാണ് രംഗഹരിജി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് ഞായറാഴ്ച രാവിലെ 7ന് 93-ാം വയസ്സില്‍ അദ്ദേഹം ഇഹലോക ജീവിതയാത്രയ്ക്ക് വിരാമമിട്ടു. രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ മുതിര്‍ന്ന പ്രചാരക്, മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് (ബൗദ്ധിക പരിശീലനത്തിന്റെ ചുമതലയുള്ള വ്യക്തി) എന്നീ ഉയര്‍ന്ന നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 13-ാം വയസ്സില്‍ സ്വയംസേവകനായതുമുതല് 80 വര്‍ഷത്തോളം സംഘ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായി. 1983നും 1993നും ഇടയില്‍ കേരളത്തില്‍ പ്രാന്തപ്രചാരകനായി. 1991 മുതല്‍ 2005 വരെ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖായി സേവനമനുഷ്ഠിച്ചു. റോബിന് ശര്‍മ്മയുടെ പുസ്തകത്തിന്റെ ശീര്‍ഷകം ശരിവയ്ക്കുന്നതുപോലെ ‘തലക്കെട്ടില്ലാത്ത നേതാവ്’ ആയിരുന്നു രംഗഹരിജി. സംഘത്തിന്റെ ചുമതലകളില്‍ നിന്ന് മാറിയതിനു ശേഷവും ഒരു സ്വയംസേവകന് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ വളരെ ക്രിയാത്മകമായി, സജീവമായി തുടര്‍ന്നു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ നടത്തിയ രക്തരൂഷിത കലാപങ്ങളില്‍ 298 സംഘ കാര്യകര്‍ത്താക്കള്‍ ബലിദാനികളായിട്ടുണ്ട്. ഇവരില്‍ 70 ശതമാനവും ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉപേക്ഷിച്ച് സ്വയംസേവകരായവരാണ്. അവരുടെയെല്ലാം കുടുംബങ്ങളെയും വീട്ടുകാരെയും പിന്തുണയ്ക്കുക, സങ്കടം ശമിപ്പിക്കുക, അവര്‍ ഇപ്പോഴും സംഘത്തിന്റെ തന്നെ ഭാഗമാണെന്ന വിശ്വാസം ഉറപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം കലാപങ്ങളെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണമായ ജോലികളായിരുന്നു. ഇത്രയും ഭാരം താങ്ങാന്‍ ഹൃദയത്തെ എങ്ങനെ പാകപ്പെടുത്താമെന്ന് ഒരിക്കല്‍ ഞാന്‍ രംഗഹരിജിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം വിങ്ങിപ്പൊട്ടി. കലാപകലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ കടുത്ത തീരുമാനങ്ങളെടുക്കാന്‍ നമ്മള് പാകപ്പെടും. അതുപോലെ മനസ്സും കഠിനമാക്കാന്‍ നല്ലൊരു അവസരം കൂടിയാണത്. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ആര്‍ദ്രതയും സംവേദനക്ഷമതയും എത്രമാത്രമാണെന്ന് മനസ്സിലാക്കാന്‍ അന്നെനിക്ക് കഴിഞ്ഞു.
കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുമായുള്ള പോരാട്ടം ഇടതടവില്ലാതെ തുടരുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുമായി രംഗഹരിജി സംവാദങ്ങള്‍ ആരംഭിച്ചു. സംഘത്തിന്റെ സമുന്നത നേതാവായിരുന്ന ദത്തോപന്ത് ഠേംഗ്ഡിയും അത്തരമൊരു സംഭാഷണത്തില്‍ പങ്കാളിയായിരുന്നു. സംഘര്‍ഷഭരിതമായ കേരളത്തില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുന്ന പുതിയൊരു പരമ്പരയ്ക്കായി ‘കേസരി’ വാരികയില്‍, ലേഖനങ്ങള്‍ ക്ഷണിച്ചപ്പോള്‍, എഡിറ്ററുടെ തുറന്ന മനസ്സിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് രംഗഹരിജി അദ്ദേഹത്തിന് കത്തെഴുതി.
ഗൗരവമേറിയതും സങ്കീര്‍ണവുമായ വിഷയങ്ങള്‍ ഉദാഹരണ സഹിതം നാടകീയമായി, ഒപ്പം രസകരമായും വിശദീകരിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. സംസ്കൃത ശ്ലോകങ്ങളുടെയും സുഭാഷിതങ്ങളുടെയും സമ്പന്നമായൊരു ശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. വായിച്ചതും അറിഞ്ഞതും പ്രസംഗങ്ങളില്‍ ഉദ്ധരിച്ചതുമായ സുഭാഷിതങ്ങള്‍ പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തിന്റെ തലക്കെട്ടും വളരെ ശ്രദ്ധേയമാണ്. പുതിയ ഭാഷകള്‍ പഠിക്കാനുള്ള അദ്ദേഹത്തിന്റെ ത്വരയും വൈഭവവും അസാധാരണമായിരുന്നു. ഗുജറാത്തിലെ ആദ്യ സന്ദര്‍ശനവേളയില്‍ അദ്ദേഹം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗുജറാത്തി വായിക്കാനും എഴുതാനും പഠിച്ചത് എന്നെ ഞെട്ടിച്ചു. സ്ഥിരതയോടെയുള്ള വായനാശീലം, മൗലികതയുടെ പ്രതിഫലനം, ആന്തരാര്‍ഥങ്ങളെ വിവേചിച്ചറിയുക തുടങ്ങിയ കാര്യങ്ങളില്‍ അദ്ദേഹം പ്രതിബദ്ധത പുലര്‍ത്തിയിരുന്നു. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ 62 പുസ്തകങ്ങള്‍ രചിച്ചു. ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി (2005-2006) വേളയില്‍, ഗുരുജിയുടെ 33 വര്‍ഷത്തെ നിരവധി പ്രഭാഷണങ്ങള്‍ ശേഖരിച്ച് 12 വാല്യങ്ങളായി തരംതിരിച്ച് ബൃഹത്തായൊരു ദൗത്യവും രംഗഹരിജി പൂര്‍ത്തിയാക്കി. അതുപോലെ, ഗുരുജിയുടെ അമര ചിന്തകളുടെ സാരാംശം, ‘ശ്രീ ഗുരുജി: ദര്‍ശനവും ദൗത്യവും’, ഗുരുജിയുടെ ജീവചരിത്രം എന്നിവ അദ്ദേഹത്തിന്റെ ബൗദ്ധിക വൈദഗ്ധ്യത്തിന്റെ തെളിവാണ്.
സീമാതീതമായ ചിന്താവൈഭവം അദ്ദേഹത്തില്‍ പ്രകടമായിരുന്നു. കൂടെയുള്ളവരെ അത്തരത്തില്‍ ചിന്തിക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുതിയ ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിന് വ്യത്യസ്തമായി ചിന്തിക്കാനും ആഴത്തില്‍ പഠിക്കാനും ആളുകളെ സ്ഥിരമായി പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. അഹല്യ, ദ്രൗപതി, കുന്തി, താര, മണ്ഡോദരി എന്നിവരെക്കുറിച്ച് ദീപ്തി വര്‍മ്മ എഴുതിയ നോവലാണ് ‘പഞ്ചകന്യ’. ഈ അഞ്ചു സ്ത്രീരത്നങ്ങളുടെ മഹത്തായ ജീവിതപാഠങ്ങള്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ പ്രേരകമാക്കുക എന്നതായിരുന്നു നോവലിന്റെ ലക്ഷ്യം. യുവതികള്‍ക്കിടയില്‍ പ്രചുരപ്രചാരവും പുസ്തകത്തിന് ലഭിച്ചു. ‘അഹല്യ’ എന്ന തലക്കെട്ടിലുള്ള ആദ്യ അധ്യായം രംഗഹരിജിയുടെ പ്രതികരണത്തിനായി ദീപ്തി അയച്ചു. രംഗ ഹരി ജിയുടെ പൗത്രിയാകാനുള്ള പ്രായമായിരുന്നു ദീപ്തിയുടേത്. അനുഗ്രഹങ്ങള്‍ നല്‍കുന്നുവെന്ന് ആധുനികതയ്ക്ക് അനുസൃതമായി പറയുന്നതിനു പകരം അദ്ദേഹം പറഞ്ഞത് ‘ദൈവം നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു. മനസ്സിന്റെ വിശാലതയാണ് അതില്‍ പ്രതിഫലിച്ചത്.
രംഗഹരിജിയുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരുന്നു നര്‍മം. സംഘ് അഖില ഭാരതീയ ബൈഠക്കിലെ (യോഗങ്ങളില്‍), ഇടവേളകളില്‍ സ്വയംസേവകര്‍ക്കൊപ്പം ഏതെങ്കിലുമൊരു കാര്യകത്താവ് ചേര്‍ന്നിട്ടുണ്ടെങ്കില്‍, അവിടെ നിന്ന് പൊട്ടിച്ചിരി ഉയര്‍ന്നാല്‍ അവിടെ ആര്. ഹരി ഉണ്ടെന്ന് ഉറപ്പിക്കാം. പൊക്കക്കുറവുള്ളതിനാല്‍ (5അടിയില്‍ അല്പം കുറവ്), അത്തരം ഒത്തുചേരലുകളില്‍ ദൂരെ നിന്ന് അദ്ദേഹത്തെ കാണാന്‍ കഴിയില്ലെങ്കിലും, പൊട്ടിച്ചിരികള്‍ ഉയര്‍ന്നു കേട്ടാല്‍ അത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിന്റെ സൂചകമാണെന്ന് തെറ്റില്ലാതെ പറയാനാകും.
ഖലീല്‍ ജിബ്രാന്റെ ‘നിങ്ങളുടെ കുട്ടികള്‍’ എന്ന കവിത ഞാന്‍ പലപ്പോഴും ചൊല്ലാറുണ്ട്. എനിക്ക് ആ കവിത കുറച്ചു മാത്രമേ അറിയൂ എന്ന കാര്യം ഞാന്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. പക്ഷേ, അക്കാര്യം ഞാന്‍ മനസ്സിലാക്കിയത് ഹരിജിയുമായുള്ള ഒത്തുചേരലിലാണ്. അദ്ദേഹമാണ് എന്നെ ഓര്‍മ്മിപ്പിച്ചത് ആ കവിതയുടെ തുടര്‍ച്ച പിന്നെയുമുണ്ടെന്ന്. ഇ മെയിലുകള്‍ ഒന്നുമില്ലാത്ത കാലം. പദ്ധതിയിട്ട യാത്രകളെല്ലാം കഴിഞ്ഞ് രണ്ടുമാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മുംബൈയില്‍ (അദ്ദേഹത്തിന്റെ നിയുക്തനഗരം) എത്തിയ ഹരിജി, ഒരു കത്തില്‍ ‘നിങ്ങളുടെ കുട്ടികള്‍’ എന്ന കവിത എഴുതി അയച്ചു. കയ്യൊപ്പിനൊപ്പം നര്‍മ്മ ശൈലിയില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ‘പ്രിയപ്പെട്ട മന്മോഹന്, ഒന്നുമില്ലാത്ത ഒരാള്‍, ഒന്നുമില്ലാത്ത ഒരാള്‍ക്ക് നിങ്ങളുടെ മക്കളെ അയയ്ക്കുന്നു…ആര്. ഹരി.’ (സംഘ് കേഡറുമായി പരിചയമില്ലാത്തവരുടെ ശ്രദ്ധയ്ക്ക്: ഞങ്ങള്‍ രണ്ടുപേരും പ്രചാരകരായിരുന്നു, പ്രചാരകര്‍ വിവാഹം കഴിക്കാറില്ല.)
ഒരു പ്രചാരകന് എന്നാല്‍ അയാള്‍ ‘അനികേത്’ആണ് (നികേത് അഥവാ വാസസ്ഥലം ഇല്ലാത്തവന്). എന്നിരുന്നാലും, സംഘടനാ ആവശ്യങ്ങള്‍ക്കനുസരിച്ച് സംഘടന അവര്‍ക്ക് ഒരു നഗരം നിയോഗിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഹരിജിയുടെ ആസ്ഥാനം മുംബൈ ആയിരുന്നു. അവിടെയായിരുന്നപ്പോള്‍ ഒരിക്കല്‍ അദ്ദേഹം ഗുജറാത്ത് സന്ദര്‍ശിച്ചു. ആ വേളയില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരു പ്രമുഖ വ്യവസായിയുടെ വീട്ടില്‍ പോയി. വര്‍ത്തമാനത്തിനിടെ ‘ഹരിജി താങ്കള്‍ എപ്പോഴെത്തി’ എന്ന് വ്യവസായി ചോദിച്ചു. ഗുജറാത്തില്‍ എത്രനാള്‍ തങ്ങുമെന്ന് അറിയാനുള്ള കൗതുകത്തോടെയായിരുന്നു ചോദ്യം. എന്നാണ് തിരിച്ചുപോകുന്നതെന്നും തുടര്‍ച്ചയെന്നോണം ചോദിച്ചു. പെട്ടെന്നു തന്നെ ഹരിജി വിവേക പൂര്‍വം മറുപടി പറഞ്ഞു, ‘ഞാന്‍ മൂന്ന് ദിവസത്തിനുള്ളില്‍ ദല്‍ഹിയിലേക്ക് പോകുന്നു, മടങ്ങിവരുന്നില്ല. എന്റെ ഔദ്യോഗിക താവളം മുംബൈയാണ്; ഞാന്‍ മുംബൈയില്‍ പോകുമ്പോള്‍ മാത്രമേ ‘മടങ്ങുക’ എന്ന് പറയൂ. സാധാരണ സംഭാഷണങ്ങളില്‍ പോലും അദ്ദേഹം കാണിക്കുന്ന മനസ്സാന്നിദ്ധ്യം അതിശയകരമായിരുന്നു.
രംഗ ഹരിജിയെ ഒരു സ്ഥാപനമെന്നും വിശേഷിപ്പിക്കാം. തന്റെ ജീവിതത്തിലൂടെയും ഇടപെടലിലൂടെയും പെരുമാറ്റത്തിലൂടെയും അദ്ദേഹം നിരവധി ആളുകളുടെ ജീവിതത്തെ മാറ്റി മറിച്ചു. മാത്രമല്ല, തന്റെ മരണത്തെക്കുറിച്ച,് അന്ത്യനാളുകള്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ മുമ്പ് അദ്ദേഹം എഴുതിയതും ഒരുപോലെ പ്രചോദനാത്മകവും ഗഹനവുമാണ്. കേരളത്തിലെ പ്രവര്‍ത്തകര്‍ക്കുള്ള അഭിസംബോധനയോടെ സീല്‍ ചെയ്ത കത്തുകള്‍ പ്രാന്തപ്രചാരകിന് കൈമാറി. തന്റെ ദേഹവിയോഗത്തിനു ശേഷം മാത്രമേ അവ തുറക്കാവൂ എന്നും നിര്‍ദേശിച്ചിരുന്നു. കത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
‘ജീവിച്ചിരിക്കുമ്പോള്‍ ഒരു മനുഷ്യന് അവന്റെ ഇഷ്ടം പോലെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും, എന്നാല്‍ മരിക്കുമ്പോള്‍, ചെയ്യേണ്ട ജോലികള്‍ അവന് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. തനിക്കുവേണ്ടി അത് ചെയ്യാന്‍ അവന് മറ്റുള്ളവരെ ആശ്രയിക്കുന്നു. അതുകൊണ്ട് എന്റെ പ്രാര്‍ത്ഥനയാണ്, ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ക്കായി അനുവദിച്ചിരിക്കുന്ന ശ്മശാനത്തില്‍ എന്റെ മൃതദേഹം ദഹിപ്പിക്കരുത്. പകരം, ആര്‍ക്കും ദഹിപ്പിക്കാവുന്നിടത്ത് ദഹിപ്പിക്കുക. ജീവിതത്തിലുടനീളം ഞാന്‍ ജാതിപരമായ വിവേചനം അനുവര്‍ത്തിച്ചിട്ടില്ല. എന്റെ മരണശേഷവും അത് നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാണ്ഡവര്‍ പിണ്ഡദാനം നടത്തിയതെന്നു കരുതുന്ന ചരിത്രപ്രസിദ്ധമായ ഐവര്‍മഠം (മരിച്ചയാളുടെ മൃതദേഹത്തിന് കര്‍മങ്ങള്‍ അര്‍പ്പിക്കുന്ന ഹൈന്ദവ ആചാരം) കേരളത്തില്‍ ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. എന്റെ അന്ത്യകര്‍മങ്ങള്‍ അവിടെ നടത്തണം. എന്റെ ചിതാഭസ്മം അടുത്തുള്ള ഒരു ജലാശയത്തില്‍ നിമജ്ജനം ചെയ്യട്ടെ. ഞാന്‍ എന്റെ ശ്രാദ്ധവും പിണ്ഡ ദാനവും ബ്രഹ്മകപാലില്‍ (പവിത്രമായ ബദരീനാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹിമാലയത്തിലെ ഒരു പുണ്യസ്ഥലം) നടത്തി, അതിനാല്‍ ഈ ചടങ്ങുകള്‍ എനിക്ക് ആരും ചെയ്യേണ്ടതില്ല. സംഘത്തിലെ എന്റെ എല്ലാ ബൗദ്ധിക കൃതികളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഉടമസ്ഥാവകാശം ഞാന്‍ നിലനിര്‍ത്തുന്നു. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ മൃതദേഹം തീയില്‍ വയ്ക്കുന്നതിനു മുമ്പ് ചുവന്ന തുണിയില്‍ പൊതിഞ്ഞ് കത്തിക്കുന്ന രീതി കേരളത്തില്‍ പ്രചാരത്തിലുണ്ട്. അതിനുള്ള പ്രതികരണമെന്നോണം സംഘ സ്വയംസേവകരുടെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് കാവി തുണിയില്‍ പൊതിയുന്ന സമ്പ്രദായം ഇവിടെയും വന്നു. എന്നാല്‍ അത് അനുചിതമാണ്. കുങ്കുമം നമ്മുടെ ഗുരുക്കന്മാരുടെ (വഴികാട്ടിയായ പ്രകാശം) പ്രതിനിധിയാണ്. അതുകൊണ്ട് ദയവു ചെയ്ത് എന്റെ ശരീരം കാവി തുണിയില്‍ പൊതിയരുത്.
രംഗഹരിജിയുടെ അവസാനത്തെ ആഗ്രഹങ്ങളായിരുന്നു അദ്ദേഹം എഴുതിയത്. അനുകരണീയമായ ഒരു ജീവിതം അദ്ദേഹം നയിച്ചു, മരിക്കുന്ന പ്രക്രിയയില്‍ പോലും, അദ്ദേഹം നിരവധി മനസ്സുകളെ പ്രോജ്വലിപ്പിക്കുകയും അന്വേഷകരുടെ പാതയില്‍ വെളിച്ചമാവുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: