ശബരിമല: ശബരിമല ദര്‍ശനത്തിലെത്തുന്ന തീര്‍ത്ഥാടകരെ വട്ടം കറക്കി ബിഎസ്എന്‍എല്‍ – സ്വകാര്യ ടെലികോം കമ്പനികള്‍.
അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ജിയോ അടക്കമുള്ള സ്വകാര്യ കമ്പനികളുടെ ശബരിമലയിലെ സേവനം ഏറെ പരിതാപകരമാണ്. ശബരിമലയില്‍ മാത്രം രണ്ട് എക്സ്ചേ
ഞ്ചുകള്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്ലിന്റെ ത്രീജിസംവിധാനവും വൈഫൈ സംവിധാനവും പരിമിതമാണെന്ന് പരാതി ഉയരുന്നുണ്ട്. സ്വകാര്യ കമ്പനികളുടേതടക്കം വൈഫൈ സംവിധാനത്തിന് വേഗത വളരെ കുറവാണ്.
കൂടാതെ ഇടയ്ക്കിടയ്ക്ക് നെറ്റ് കട്ടാവുന്നുമുണ്ട്. ബിഎസ്എന്‍എലും സ്വകാര്യ കമ്പനികളായ ജിയോ, എയര്‍ടെല്‍, വോഡാ ഫോണ്‍ ഇന്ത്യയും സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആറ് ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടവറുകളുടെ ശേഷിക്കുറവ് മൂലം കോള്‍ പോലും വിളിക്കാന്‍ ആവാതെ തീര്‍ത്ഥാടകരായ ഉപഭോക്താക്കള്‍ വലയുകയാണ്.
നിലയ്ക്കല്‍- പമ്പ പാതയിലും പലയിടത്തും മൊബൈല്‍ കവറേജ് ലഭ്യമല്ല. ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ പലസംവിധാനങ്ങളും ഡിജിറ്റലാക്കിയിരിക്കുകയാണ്. ഇവയെല്ലാം തന്നെ ബിഎസ്എന്‍എല്‍ വൈഫൈയെ ആശ്രയിച്ചാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അപ്പം, അരവണ കൗണ്ടറുകള്‍ രണ്ട് ബാങ്കുകളുടെ സഹായത്തോടെ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്നദാനം, ഡൊണേഷന്‍, ഇ- കാണിക്ക എന്നിവയ്ക്ക് ക്യൂ ആര് കോഡ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വഴിപാട് ബുക്കിങ് കൗണ്ടറുകള്‍ കംപ്യൂട്ടര്വല്ക്കരിക്കുകയും ചെയ്തു.
ഇതോടെ തടസമില്ലാതെ ഇന്റര്‍നെറ്റ് ലഭിച്ചില്ലെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും താളം തെറ്റുന്ന സ്ഥിതിയാണുള്ളത്. വഴിപാട് ബുക്കിങ് കൗണ്ടറുകളില്‍ ബുക്കിങ് സ്റ്റേറ്റ്മെന്റ് എടുക്കാന്‍ കഴിയാത്ത അവസ്ഥയും ഇത് മൂലം നിലനില്‍ക്കുന്നുണ്ട്. കൂടാതെ സന്നിധാനത്തെ എടിഎം കൗണ്ടറുകളുടെ പ്രവര്‍ത്തനത്തെയും ഇന്റര്‍നെറ്റിന്റെ ദൗര്‍ലഭ്യം പ്രതികൂലമായി ബാധിക്കുന്നുണ്ട്. മണ്ഡല പൂജയോട് അനുബന്ധിച്ച് വരുംദിവസങ്ങളില്‍ സന്നിധാനത്ത് തീര്‍ത്ഥാടക തിരക്ക് വര്‍ധിക്കാനാണ് സാധ്യത. അതിന് മുമ്പായി ടവറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്ക് അടക്കം വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: