അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന് ശില പാകാന്‍ എന്നെ വിളിക്കുമ്പോള്‍ അശോക് സിംഗാള്‍ജി പറഞ്ഞത് ചിതറിയ സമൂഹമല്ല ദളിതരെന്ന് ഇതിലൂടെ ലോകം അറിയണമെന്നാണ്…. ശ്രീരാമജന്മഭൂമിയില് രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് ലോകം ഒരുങ്ങുമ്പോള്‍ ക്ഷേത്രത്തിന് ആദ്യശില പാകിയ കാമേശ്വര് ചൗപാലിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു.
രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗമാണ് ഇപ്പോള്‍ കാമേശ്വര് ചൗപാല്‍. രാമക്ഷേത്രത്തിന് കല്ലിടാനുള്ള നിയോഗം മുതല്‍ ഒടുവില്‍ ശ്രീരാമ വിഗ്രഹനിര്മാണത്തിനായി നേപ്പാളിലെ ഗണ്ഡകി നദിയില്‍ നിന്ന് സാളഗ്രാമം കൊണ്ടുവരുന്നതുവരെ ഏറ്റവും ഭവ്യമായ ചുമതലകളാണ് എനിക്ക് വന്നുചേര്‍ന്നത്. അതില്‍പ്പരം എന്താനന്ദമാണ് വേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു.
പ്രാണപ്രതിഷ്ഠയുടെ ഭവ്യമായ മുഹൂര്‍ത്തത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് അറുപത്തേഴുകാരനായ കാമേശ്വര്. 1989 നവംബര്‍ 9ന് രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ കൈവന്ന നിയോഗത്തെ കുറിച്ച് ഒരു ദേശീയ മാധ്യമത്തോട് മുമ്പ് അദ്ദേഹം മനസു തുറന്നതിങ്ങനെയാണ്, ‘ചടങ്ങിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് സിംഗാള്‍ജി എന്നോട് അതേപ്പറ്റി പറയുന്നത്. ഒരു തയാറെടുപ്പും ഉണ്ടായിരുന്നില്ല. എനിക്ക് എന്നെത്തന്നെ വിശ്വസിക്കാനായില്ല. സിംഗാള്‍ജി എന്നെ ശാന്തനാക്കി. ഹിന്ദുക്കളില്‍ പതിതരില്ലെന്ന് പ്രഖ്യാപനമാണ് നിന്നിലൂടെ നടക്കുന്നതെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതൊരു ഇതിഹാസ മുഹൂര്‍ത്തമായിരുന്നുവെന്ന് എനിക്ക് അന്ന് അറിയുമായിരുന്നില്ല, ചൗപാല്‍ പറഞ്ഞു.
അശോക് സിംഗാള്ജിയെ കാണുമ്പോഴെല്ലാം ഞാന്‍ വികാരാധീനനാകാറുണ്ടായിരുന്നു. എല്ലാ ഹിന്ദുക്കളും ഒന്നാണെന്നും ദളിതനും ബ്രാഹ്മണനുമില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുമായിരുന്നു. 2015 നവംബര്‍ 17ന് സിംഗാള്‍ജി വിടവാങ്ങും വരെ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അവസാനശ്വാസത്തിലും അദ്ദേഹം രാമക്ഷേത്രമെന്ന സ്വപ്നം സൂക്ഷിച്ചു. ആ വാക്കുകള്‍ ഞാന്‍ ആവര്‍ത്തിക്കുന്നു, അയോധ്യയിലെ ശ്രീരാമക്ഷേത്രം ഹിന്ദുക്കളില്‍ പതിതരില്ലെന്ന പ്രഖ്യാപനമാണ് മുന്നോട്ടുവയ്ക്കുന്നത്. വ്യാസന്, വാത്മീകി, സന്ത് കബീര്‍, ഡോ.ബി.ആര്. അംബേദ്കര്‍ തുടങ്ങിയവരുടെ പിന്മുറക്കാരാണ് എല്ലാവരും. സമസ്തജനവിഭാഗത്തിന്റെയും സ്വന്തമാണ് ശ്രീരാമജന്മഭൂമിയിലെ രാമക്ഷേത്രം. രാമക്ഷേത്രം സ്വപ്നം കണ്ട എല്ലാവരും ഇപ്പോഴുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു, കാമേശ്വര് ചൗപാല്‍ പറഞ്ഞു.
ബിഹാറിലെ മിഥിലയില്‍ സുപോള്‍ ജില്ലയില്‍ ജനിച്ച കാമേശ്വര് ചൗപാല്‍ മധുബനിയില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരകനായും പിന്നീട് വിശ്വഹിന്ദുപരിഷത്തിന്റെ സംഘടനാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ ദര്‍ഭംഗ മിഥില സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം രണ്ട് തവണ ബിഹാര്‍ നിയമസഭയില്‍ ബിജെപിയുടെ എംഎല്‍സിയായും സേവനം അനുഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: