തിരുവനന്തപുരം: കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കാന് ഗവര്‍ണര്‍ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ചെലുത്തിയ സര്‍ക്കാരിന് ഇന്നത്തെ സുപ്രീം കോടതി വിധിയോടെ വമ്പന്‍ തിരിച്ചടി നേരിട്ടെങ്കിലും അതിന് ഗവര്‍ണറാണ് ഉത്തരവാദിയെന്ന വിചിത്ര ന്യായീകരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര് ബിന്ദു.വൈസ് ചാന്‍സലര്‍ നിയമനം നടത്തേണ്ടത് ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹത്തിന്റെ വിവേചനാധികാരം അവിടെ ഉപയോഗിക്കണമെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തത്. വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി അറിയിച്ചു.
എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്കാന് താന്‍ ശുപാര്‍ശ നല്‍കിയതെന്ന് മന്ത്രി വിശദീകരിച്ചു. വൈസ് ചാന്‍സലരെ പുനര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവര്‍ണര്‍ ബാഹ്യശക്തികള്‍ക്ക് വഴങ്ങിയെന്നും നിരീക്ഷിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസഹമായതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം അട്ടിമറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് പുനര്‍നിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു.
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: