പത്തനംതിട്ട: അയ്യപ്പഭക്തർക്ക് വേണ്ടി പമ്പയിൽ പുതിയതായി ഒരു ക്ലോക്ക് റൂം കൂടി സജ്ജമാക്കുമെന്ന് അറിയിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഒരേ സമയം ആയിരത്തോളം ഭക്തജനങ്ങൾക്ക് പുതിയ ക്ലോക്ക് റൂമിന്റെ പ്രയോജനം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പമ്പയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് പമ്പാ സ്നാനത്തിന് വേണ്ടി പോകുന്ന വേളയിലും സന്നിധാനത്ത് ദർശനത്തിന് വേണ്ടി പോകുമ്പോഴും ക്ലോക്ക് റൂമിന്റെ സഹായം ആസ്വദിക്കാവുന്നതാണ്.
നിലവിൽ പമ്പയിൽ പ്രവർത്തിക്കുന്ന ക്ലോക്ക് റൂമിൽ ഒരേ സമയം 500 അയ്യപ്പഭക്തരുടെ ബാഗുകൾ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. ഭക്തരുടെ ആവശ്യാനുസരണമാണ് പമ്പയിൽ ഒരു ക്ലോക്ക് റൂം കൂടി അടിയന്തരമായി സജ്ജമാക്കിയിരിക്കുന്നത്.
പമ്പയിൽ ലേലത്തിന് നൽകിയിരിക്കുന്ന ഹോട്ടലിന്റെ മുകളിലത്തെ നിലയിലാണ് പുതിയ ക്ലോക്ക് റൂം തയാറാക്കിയിരിക്കുന്നത്. അറ്റകുറ്റപ്പണികൾ ആവശ്യമുള്ള ഹാൾ അതിനു ശേഷം ക്ലോക്ക് റൂമാക്കി മാറ്റും. കെട്ടിടത്തിന്റെ പണികൾ അടിയന്തരമായി പൂർത്തിയാക്കി എത്രയും വേഗം ക്ലോക്ക് റൂം പ്രവർത്തിപ്പിക്കാനാണ് നീക്കം. പമ്പയിൽ ഭക്തർക്ക് വിശ്രമിക്കാനായി താൽക്കാലിക വിരി ഷെഡുകളും സജ്ജമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: