കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന് പന്തല്‍ കെട്ടാന്‍ പൊന്‍കുന്നം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം പൊളിച്ചുനീക്കി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചതോടെ ബലക്ഷയമെന്ന പേരില്‍ പഴയ കെട്ടിടം ഉപയോഗിക്കാതെയിരിക്കുകയായിരുന്നു.
മൂന്നു വര്‍ഷം മുമ്പാണ് സ്കൂളിന് പുതിയ കെട്ടിടം പണിതത്. അന്നു മുതല്‍ ഉപയോഗിക്കാതിരുന്ന കെട്ടിടമാണ് നവകേരള സദസിന് വേദിയൊരുക്കാന്‍ വേഗത്തില്‍ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ കൊണ്ട് പൊളിച്ചുനീക്കിയത്. ബലക്ഷയമുള്ള കെട്ടിടമായിരുന്നെങ്കില്‍ കുട്ടികള്‍ക്ക് ആപത്തുണ്ടാകാതിരിക്കാന്‍ അതന്നേ പൊളിക്കേണ്ടതായിരുന്നു.
2023 നവംബര്‍ 21നാണ് കെട്ടിടം പൊളിച്ചുനീക്കാനുള്ള ലേലം നടത്തിയത്. സ്കൂളിരിക്കുന്ന പഞ്ചായത്തില്‍ത്തന്നെ പല പദ്ധതികളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുമ്പോഴാണ് വെറും എട്ടു ദിവസം ദിവസം കൊണ്ട് ലേലമുള്‍പ്പെടെ പൂര്‍ത്തിയാക്കി സ്കൂള്‍ കെട്ടിടം പൊളിച്ചത്. ഡിസംബര്‍ 12നാണ് പൊന്‍കുന്നത്ത് നവകേരള സദസ്. 25,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വേദിയാണ് തയാറാക്കുന്നത്.
എന്നാല്‍ സ്കൂള്‍ കെട്ടിടം പൊളിച്ചുനീക്കിയത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നാണ് ജില്ലാ പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സമീപത്തെ വൃക്ഷങ്ങള്‍ വെട്ടിമാറ്റുന്നതു സംബന്ധിച്ച് വനംവകുപ്പ് വാല്യുവേഷനിലെ താമസമാണ് പൊളിക്കല്‍ നീണ്ടുപോയതെന്നും അവര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വരവ് മുന്നില്‍ക്കണ്ട് സ്കൂളിന് പുതിയ കവാടത്തിന്റെ പണിയും വേഗത്തില്‍ പുരോഗമിക്കുന്നു. സ്പില്‍ഓവര്‍ പദ്ധതിയിലാണ് ഇപ്പോഴത്തെ നിര്‍മാണം. 2021ല്‍ മതില് കെട്ടുന്നതിന് 10 ലക്ഷവും 2022-23ല്‍ കവാടം പണിയാന്‍ 10 ലക്ഷവും ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ചിരുന്നു. എന്നാല്‍ പണി വൈകുകയായിരുന്നു.
പൊന്‍കുന്നം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കെട്ടിടം പൊളിച്ചു നീക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: