ജി20 അധ്യക്ഷപദവിയിലൂടെ ഭാരതം അസാധാരണമായ നേട്ടങ്ങളാണ് കൈവരിച്ചത്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിന് പ്രാധാന്യം നല്‍കിയതിലൂടെ ജി20 അധ്യക്ഷപദത്തെ ഒരു ജനാധിപത്യരാഷ്ട്രത്തിന് അനുയോജ്യമായ ‘ജനകീയ അധ്യക്ഷപദ’മെന്ന നിലയിലേക്കുയര്‍ത്തി. ഭാരതം അധ്യക്ഷതയിലെത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. അധ്യക്ഷപദവി ബ്രസീലിന് കൈമാറുമ്പോള്‍ നാം കൈവരിച്ച നേട്ടങ്ങളെ കുറിച്ച്, ലോകത്തിന് നല്കിയ സംഭാവനകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എഴുതുന്നു
ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തിട്ട് ഇന്നേക്ക് 365 ദിവസം തികയുന്നു. ‘വസുധൈവകുടുംബകം’, ‘ഒരുഭൂമി, ഒരുകുടുംബം, ഒരുഭാവി’ എന്നതിന്റെ ചൈതന്യം പ്രതിഫലിപ്പിക്കാനും പുനര്‍നിര്‍മിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള നിമിഷമാണിത്. കഴിഞ്ഞ വര്‍ഷം നാം ഈ ഉത്തരവാദിത്വം ഏറ്റെടുത്തപ്പോള്‍, കോവിഡ്-19 മഹാമാരിക്കുശേഷമുള്ള തിരിച്ചുവരവ്, ഉയര്‍ന്നുവരുന്ന കാലാവസ്ഥാഭീഷണികള്‍, സാമ്പത്തിക അസ്ഥിരത, വികസ്വര രാജ്യങ്ങളിലെ കടബാധ്യത തുടങ്ങിയ വെല്ലുവിളികളുമായി ലോകമെങ്ങും മല്ലിടുകയായിരുന്നു. സംഘര്‍ഷങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമിടയില്‍, വികസന സഹകരണം താറുമാറായി; പുരോഗതിക്കു തടസം നേരിട്ടു.
ലോകത്തിന് പുതിയ ബദല്‍
ജി20 അധ്യക്ഷപദം ഏറ്റെടുക്കുമ്പോള്‍ നിലവിലുള്ള സ്ഥിതിക്ക് ബദല്‍ ലോകത്തിന് നല്‍കാനാണ് ഇന്ത്യ ശ്രമിച്ചത്. ജിഡിപി കേന്ദ്രീകൃത പുരോഗതിയില്‍നിന്നു മാനവകേന്ദ്രീകൃത പുരോഗതിയിലേക്കുള്ള മാറ്റമാണ് നടപ്പിലാക്കുന്നത്. നമ്മെ ഒന്നിപ്പിക്കുന്നത് എന്താണെന്നു ലോകത്തെ ഓര്‍മിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. നിരവധിപേരുടെ വികസനസ്വപ്നങ്ങളിലേക്കു വഴിമാറുംവിധം ആഗോളതല സംഭാഷണങ്ങള്‍ വികസിപ്പിക്കാന്‍ ഭാരതത്തിനു കഴിഞ്ഞു.
ഏവരെയും ഉള്‍ക്കൊള്ളുന്നതും, ശ്രേഷ്ഠമായതും, പ്രവര്‍ത്തനാധിഷ്ഠിതവും, നിര്‍ണായകവും-ഈ നാലു വാക്കുകള്‍ ജി20 അധ്യക്ഷരാജ്യം എന്ന നിലയിലുള്ള നമ്മുടെ സമീപനത്തെ നിര്‍വചിച്ചു. മാത്രമല്ല, എല്ലാ ജി20 അംഗങ്ങളും ഏകകണ്ഠമായി അംഗീകരിച്ച നേതാക്കളുടെ ന്യൂദല്‍ഹി പ്രഖ്യാപനം (എന്‍ഡിഎല്‍ഡി) ഈ തത്വങ്ങള്‍ പാലിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുക എന്നതു നമ്മുടെ അധ്യക്ഷപദത്തിന്റെ കാതലാണ്. ജി20 സ്ഥിരാംഗമായി ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തിയതോടെ 55 ആഫ്രിക്കന്‍ രാജ്യങ്ങളെ ഈ വേദിയില്‍ സമന്വയിപ്പിക്കാനായി. അത് ആഗോള ജനസംഖ്യയുടെ 80% ഉള്‍ക്കൊള്ളുന്ന തരത്തില്‍ ജി20യെ വികസിപ്പിച്ചു. സജീവമായ ഈ നിലപാട് ആഗോള വെല്ലുവിളികളെയും അവസരങ്ങളെയുംകുറിച്ചു കൂടുതല്‍ സമഗ്രമായ ചര്‍ച്ചകള്‍ക്കിടയാക്കി. രണ്ടു പതിപ്പുകളിലായി ഇന്ത്യ വിളിച്ചുചേര്‍ത്ത ‘വോയ്സ് ഓഫ് ദി ഗ്ലോബല്‍ സൗത്ത്’ ഉച്ചകോടി, ബഹുരാഷ്ട്രവാദത്തിന്റെ പുതിയ പ്രഭാതത്തെ വിളംബരംചെയ്തു. അന്താരാഷ്ട്ര ഇടപെടലുകളില്‍ ഗ്ലോബല്‍ സൗത്തിന്റെ ആശങ്കകളെ ഇന്ത്യ മുഖ്യധാരയിലെത്തിക്കുകയും ആഗോള ആഖ്യാനം രൂപപ്പെടുത്തുന്നതില്‍ വികസ്വര രാജ്യങ്ങള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്ന യുഗത്തിനു തുടക്കമിടുകയും ചെയ്തു.
ജനകീയ അധ്യക്ഷപദവി
എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്നതിന് പ്രാധാന്യം നല്‍കിയതിലൂടെ ജി20 അധ്യക്ഷപദത്തെ ഒരു ജനാധിപത്യരാഷ്ട്രത്തിന് അനുയോജ്യമായ ‘ജനകീയ അധ്യക്ഷപദ’മെന്ന നിലയിലേക്കുയര്‍ത്തി. ‘ജന്‍ ഭാഗീദാരി’ (ജനപങ്കാളിത്തം) പരിപാടികളിലൂടെ, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും പങ്കാളികളാക്കി 140 കോടി ജനങ്ങളിലേക്ക് ജി20 എത്തി. കാതലായ ഘടകങ്ങളുടെ കാര്യത്തില്‍, ജി20 ഉത്തരവിന് അനുസൃതമായി, വിശാലമായ വികസനലക്ഷ്യങ്ങളിലേക്ക് അന്താരാഷ്ട്രശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഇന്ത്യ ഉറപ്പാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുള്‍പ്പെടെ പരസ്പരബന്ധിതമായ വിഷയങ്ങളില്‍ കൂട്ടായ ഇടപെടലും പ്രവര്‍ത്തനാധിഷ്ഠിത സമീപനവും സ്വീകരിച്ച്, സുസ്ഥിര വികസനലക്ഷ്യങ്ങളുടെ (എസ്ഡിജി) പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി20-2023 കര്‍മപദ്ധതി ഇന്ത്യ അവതരിപ്പിച്ചു.
ഡിജിറ്റല്‍ രംഗത്തെ മുന്നേറ്റം
ഈ പുരോഗതിയെ നയിക്കുന്ന പ്രധാന മേഖല കരുത്തുറ്റ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളാണ് (ഡിപിഐ). ആധാര്‍, യുപിഐ, ഡിജിലോക്കര്‍ തുടങ്ങിയ നവീന ഡിജിറ്റല്‍ ആശയങ്ങളുടെ വിപ്ലവകരമായ സ്വാധീനം നേരിട്ടുകണ്ട ഇന്ത്യ അവയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിര്‍ണായകമായിരുന്നു. ജി20യിലൂടെ, ആഗോള സാങ്കേതിക സഹകരണത്തിലെ സുപ്രധാന മുന്നേറ്റമായ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ ശേഖരം നാം വിജയകരമായി പൂര്‍ത്തിയാക്കി. 16 രാജ്യങ്ങളില്‍ നിന്നുള്ള 50-ലധികം ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ശേഖരം, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുടെ ശക്തി തുറന്നുകാട്ടുന്നതിന് ഡിജിറ്റല്‍ സൗകര്യങ്ങള്‍ നിര്‍മിക്കാനും സ്വീകരിക്കാനും വ്യാപിപ്പിക്കാനും ഗ്ലോബല്‍ സൗത്തിനെ സഹായിക്കും.
ഹരിത വികസന ഉടമ്പടി
നമ്മുടെ ഏകഭൂമിക്കു വേണ്ടി, അടിയന്തിരവും ശാശ്വതവും തുല്യവുമായ മാറ്റം സൃഷ്ടിക്കുന്നതിനുള്ള അഭിലാഷവും സമഗ്രവുമായ ലക്ഷ്യങ്ങളും നാം അവതരിപ്പിച്ചു. തൊഴിലിനും ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥാബോധത്തില് അധിഷ്ഠിതമായ ഉപഭോഗത്തിനും ഗ്രഹസൗഹൃദമായ ഉല്പാദനത്തിനും സമഗ്ര മാര്‍ഗരേഖ തയ്യാറാക്കി. ഇതിലൂടെ വിശപ്പിനെതിരെ പോരാടുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനുമുള്ള ഇടപെടലുകളും വെല്ലുവിളികളുമെല്ലാം ജി20 പ്രഖ്യാപനത്തിന്റെ ‘ഹരിത വികസന ഉടമ്പടി’ അഭിസംബോധന ചെയ്യുന്നു. അതോടൊപ്പം, 2030ഓടെ ആഗോള പുനരുപയോഗ ഊര്‍ജശേഷി മൂന്നിരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ജി20 പ്രഖ്യാപനം ആഹ്വാനം ചെയ്യുന്നു. ഹരിത ഹൈഡ്രജനുവേണ്ടിയുള്ള സംഘടിതമായ മുന്നേറ്റത്തിനൊപ്പം, ആഗോള ജൈവ ഇന്ധന സഖ്യം സ്ഥാപിക്കുന്നതിലൂടെയും ശുദ്ധവും ഹരിതവുമായ ലോകം കെട്ടിപ്പടുക്കാനുള്ള ജി20യുടെ അഭിലാഷങ്ങള്‍ നിഷേധിക്കാനാവാത്തതാണ്. ഇത് എല്ലായ്പ്പോഴും ഇന്ത്യയുടെ ധര്‍മചിന്തയാണ്. സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലിയിലൂടെ (ലൈഫ്), ലോകത്തിന് നമ്മുടെ പഴയ സുസ്ഥിര പാരമ്പര്യങ്ങളില്‍ നിന്ന് പ്രയോജനം നേടാന്‍ കഴിയും.
കൂടാതെ, കാലാവസ്ഥാനീതിയോടും സമത്വത്തോടുമുള്ള നമ്മുടെ പ്രതിബദ്ധത ഈ പ്രഖ്യാപനം അടിവരയിടുന്നു. ഗ്ലോബല്‍ നോര്‍ത്തില്‍ നിന്ന് ഗണ്യമായ സാമ്പത്തിക സാങ്കേതിക പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതാദ്യമായി, വികസന ധനസഹായത്തിന്റെ വ്യാപ്തിയില്‍ ആവശ്യമായ വലിയ കുതിച്ചുചാട്ടത്തിന് അംഗീകാരം ലഭിച്ചു. ഇതു ശതകോടികളില്‍ നിന്ന് ട്രില്യണ്‍ കണക്കിനു ഡോളറിലേക്കു മാറി. വികസ്വര രാജ്യങ്ങള്‍ക്ക് 2030-ഓടെ ദേശീയമായി നിര്‍ണയിക്കപ്പെട്ട സംഭാവനകള്‍ (എന്‍ഡിസി) പൂര്‍ത്തീകരിക്കാന്‍ 5.9 ട്രില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് ജി20 അംഗീകരിച്ചു.
സ്ത്രീശാക്തീകരണത്തിന് ഊന്നല്‍
ജി20 പ്രഖ്യാപനത്തില്‍ ലിംഗസമത്വം കേന്ദ്രബിന്ദുവായി. ഇത് അടുത്ത വര്‍ഷം സ്ത്രീശാക്തീകരണത്തിനായി സമര്‍പ്പിത കര്‍മസമിതിയുടെ രൂപവല്‍ക്കരണത്തിനു കാരണമായി. ഇന്ത്യന്‍ പാര്‍ലമെന്റിലെയും സംസ്ഥാന നിയമസഭയിലെയും മൂന്നിലൊന്ന് സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യുന്ന ഇന്ത്യയുടെ വനിതാ സംവരണ ബില്‍ 2023 സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ പ്രതീകമാണ്.
നയപരമായ യോജിപ്പ്, വിശ്വസനീയമായ വ്യാപാരം, അഭിലഷണീയമായ കാലാവസ്ഥാ പ്രവര്‍ത്തനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഈ പ്രധാന മുന്‍ഗണനകളിലുടനീളം സഹകരണത്തിന്റെ നവോന്മേഷം ന്യൂദല്‍ഹി പ്രഖ്യാപനം ഉള്‍ക്കൊള്ളുന്നു. ജി20യില്‍ ഭാരതത്തിന്റെ അധ്യക്ഷതയുടെ കാലത്ത് 87 ഫലങ്ങളും 118 അംഗീകൃത രേഖകളും എന്ന നേട്ടത്തിലെത്തിയത് അഭിമാനകരമാണ്. ഇത് മുന്‍കാലങ്ങളില്‍ നിന്നുള്ള പ്രകടമായ ഉയര്‍ച്ചയാണ്. ഭാരതത്തിന്റെ ജി20 അധ്യക്ഷ കാലയളവില്‍ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയിലും വികസനത്തിലും അവയുടെ സ്വാധീനത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യ നേതൃത്വം നല്കി. ഭീകരവാദവും സാധാരണക്കാരെ വിവേകശൂന്യമായി കൊന്നൊടുക്കുന്നതും അംഗീകരിക്കാനാകില്ല, സഹിഷ്ണുതാരഹിത നയത്തിലൂടെ നാം അതിനെ അഭിസംബോധന ചെയ്യണം. ശത്രുതയെക്കാള്‍ മാനുഷികത നാം ഉള്‍ക്കൊള്ളുകയും ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന് ആവര്‍ത്തിക്കുകയും വേണം.
നമ്മുടെ അധ്യക്ഷകാലയളവില്‍ ഭാരതം അസാധാരണമായ നേട്ടം കൈവരിച്ചു. അത് ബഹുരാഷ്ട്രവാദത്തെ പുനരുജ്ജീവിപ്പിച്ചു. ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം ഉയര്‍ത്തുകയും വികസനത്തിന് വേണ്ടി വാദിക്കുകയും എല്ലായിടത്തും സ്ത്രീശാക്തീകരണത്തിനായി പോരാടുകയും ചെയ്തു. ജനങ്ങള്‍, ഭൂമി, സമാധാനം, സമൃദ്ധി എന്നിവയ്ക്കായുള്ള നമ്മുടെ കൂട്ടായ നടപടികള്‍ വരുംവര്‍ഷങ്ങളിലും തുടരുമെന്ന ബോധ്യത്തോടെയാണ് നാം ജി20 അധ്യക്ഷപദം ബ്രസീലിന് കൈമാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: