സില്‍ഹട്ട്: ബംഗ്ലാദേശ് പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡിന് ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ബാറ്റിങ് തകര്‍ച്ച. ആദ്യ ദിനത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ എറിഞ്ഞുപിടിച്ചതിന്റെ ആഹ്ലാദത്തിലായിരുന്ന കിവീസിന് അതേ നാണയത്തില്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്പിന്നര്‍ തൈജുല്‍ ഇസ്ലാമിന്റെ ബൗളിങ് പ്രകടനത്തിന് മുന്നില്‍ കിവീസ് കറങ്ങി വീഴുകയായിരുന്നു.
തലേന്ന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു നിന്ന ബംഗ്ലാദേശിന് ഇന്നലെ ഒരു റണ്‍സ് പോലും കൂട്ടിചേര്‍ക്കാനായില്ല. തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡ് നിരയില്‍ ആരെയും നിലയുറപ്പിക്കാന്‍ ബംഗ്ലാ താരങ്ങള്‍ അനുവദിച്ചില്ല. മികച്ച പ്രകടനം പുറത്തെടുത്തുവന്ന ടോം ലാതമിനെ(44 പന്തില്‍ 21) പുറത്താക്കി തൈജുല്‍ ഇസ്ലാം പണി തുടങ്ങി. പിന്നാലെ ഡെവോണ്‍ കോന്‍വേ(12) കൂടി പുറത്തായതോടെ കിവീസ് പ്രതിരോധത്തിലായി. ഈ സമയം കിവീസ് ടോട്ടല്‍ 50 പോലും കടന്നിരുന്നില്ല.
കെയന്‍ വില്ല്യംസണ് നടത്തിയ ചെറുത്തുനില്‍പ്പാണ് കിവീസിനെ പിടിച്ചുനിര്‍ത്തിയത്. താരത്തിന്റെ സെഞ്ചുറി പ്രകടനം ടീമിന് ആശ്വാസമാകുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. 205 പന്തുകള്‍ നേരിട്ട താരം 11 ബൗണ്ടറിസഹിതം 104 റണ്‍സെടുത്ത് പുറത്തായി. തൈജുല്‍ ഇസ്ലാം ആണ് പുറത്താക്കിയത്. കിവീസ് ടോട്ടല്‍ 262 റണ്‍സിലെത്തിനില്‍ക്കുമ്പോള്‍ തൈജുലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചലി(54 പന്തില്‍ 41)നെയും ആറാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്സിനെ(62 പന്തില്‍ 42)യും കൂട്ടുപിടിച്ച് വില്ല്യംസണ് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തൈജുല്‍ ഇസ്ലാം ആണ് ഡാരില്‍ മിച്ചലിനെയും പുറത്താക്കിയത്. ഒടുവില്‍ ഏഴാമനായാണ് വില്ല്യംസണ് സെഞ്ചുറി പ്രകടനത്തോടെ ക്രീസ് വിട്ടത്. തുടര്‍ന്ന് ഇന്നലെ കളി പിരിയും മുമ്പ് കിവീസ് നിരയിലെ ഒരാള്‍ കൂടി പുറത്തായി. ബംഗ്ലാദേശിന്റെ 310 റണ്‍സിനെതിരെ എട്ടിന് 266 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലന്‍ഡ്. റണ്ണൊന്നുമെടുക്കാത്ത ഇഷ് സോധിയും ഒരു റണ്ണുമായി നായകന് ടിം സൗത്തിയും ആണ് ക്രീസില്‍. ഹെന്റി നിക്കോള്‍സ്(19), കൈല്‍ ജാമീസണ്(ഏഴ്), ടോം ബ്ലണ്ടല്‍(ആറ്) എന്നിങ്ങനെയാണ് മറ്റ് കിവീസ് ബാറ്റര്‍മാരുടെ വ്യക്തിഗത സംഭാവനകള്‍.
ബംഗ്ലാദേശ് നിരയില്‍ തൈജുല്‍ ഇസ്ലാമിന്റെ നാല് വിക്കറ്റ് പ്രകടനത്തിനൊപ്പം ഷൊഫിഫുല് ഇസ്ലാം, മെഹ്ദി ഹസന് മിറാസ്, നയീം ഹസന്, മൊമിനുല്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. ബംഗ്ലാദേശിനായി പന്തെടുത്തവരെല്ലാം വിക്കറ്റ് നേടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: