ന്യൂദല്‍ഹി: വികസിത് സങ്കല്പ് യാത്രയിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഓണ്‍ ലൈനില്‍ സംവദിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ജനക്ഷേമപദ്ധതികള്‍ സമയബന്ധിതമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നു എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി നവംബര്‍ 15ന് ഝാര്‍ഖണ്ഡിലെ കുന്തിയില്‍ പ്രധാനമന്ത്രിയാണ് വികസിത് സങ്കല്പ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.
യാത്ര എത്തുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഹെല്‍ത്ത് ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ആദ്യ പത്ത് ദിവസം 995 ഗ്രാമപഞ്ചായത്തുകളിലായി 5700 ആരോഗ്യ ക്യാമ്പുകളാണ് നടന്നത്. 782000 പേര് ഇതിന്റെ പ്രയോജനം നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പുകള്‍. ഗുണഭോക്താക്കള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകളും പരിപാടികളില്‍ വിതരണം ചെയ്തു.
പ്രധാന്‍മന്ത്രി ടിബി മുക്തി ഭാരത് അഭിയാന്, ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ച ബോധവത്കരണം സാധാരണജനങ്ങളില്‍ വരെ എത്തിക്കുന്നതില്‍ ആരോഗ്യക്യാമ്പുകള്‍ വിജയിക്കുന്നുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വനിതാ കര്‍ഷക സ്വയംസഹായസംഘങ്ങള്‍ക്ക് ഡ്രോണുകള്‍ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി മഹിളാ കിസാന്‍ ഡ്രോണ്‍ കേന്ദ്രയുടെ പ്രവര്‍ത്തനം സങ്കല്പ്യാത്രയില് വിലയിരുത്തുന്നുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 15000 ഡ്രോണുകള്‍ വിതരണം ചെയ്യാനാണ് പരിപാടി. വനിതാകര്‍ഷകര്‍ക്ക് ഇത് ഉപയോഗിക്കുന്നതിനുള്ള പരിശീലനവും കേന്ദ്രകൃഷി മന്ത്രാലയം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: