കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം മറ്റ് കുട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോകുന്നതിന് മണിക്കൂര്‍ മുന്‍പ് പള്ളിക്കല്‍ മൂതല ഭാഗത്ത് റോഡരികില്‍ ഒറ്റക്ക് നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായാണ് നിഗമനം.
ഒറ്റയ്ക്ക് നിന്നിരുന്ന കുട്ടിയുടെ സമീപത്തുവച്ച് ഒരു കാര്‍ വേഗത കുറയ്ക്കുന്നതും കുട്ടിയുടെ അമ്മയും മറ്റും എത്തുന്നതോടെ കാര്‍ അവിടെ നിന്ന് വേഗത്തില്‍ പോകുന്നതും പിന്നീട് അഞ്ച് മിനിറ്റിനകം കാര്‍ തിരിച്ചെത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
പിന്നീട് ഓയൂര്‍ ഭാഗത്തേക്ക് പോയ ഈ കാറിലാണ് അബിഗേലിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം അബിഗേലിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ യാത്ര ഏറെ ദുരൂഹം. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് കല്ലുവാതുക്കല്‍ ഭാഗത്തേക്കാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. തട്ടിക്കൊണ്ടുപോയ ദിവസം രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേല്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പാരിപ്പള്ളി, ചാത്തന്നൂര്‍ പോലീസ് സ്റ്റേഷന് പരിധികളിലാണ് കൂടുതല്‍ പരിശോധന. കാടടച്ചുള്ള പരിശോധന ഒഴിവാക്കി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെയും ഷാഡോ പോലീസിന്റെയും നേതൃത്വത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയും വാഹനങ്ങള്‍ റെന്റിന് കൊടുക്കുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. വാടകവീടുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ എന്നിവയും പരിശോധന നടത്തുന്നുണ്ട്.
ഓയൂര്‍ നിന്ന് വേളമാനൂര്‍, കല്ലുവാതുക്കല്‍ വഴി ചിറക്കര പുത്തന്‍കുളം ഭാഗത്ത് കുട്ടിയെ തട്ടികൊണ്ട് പോയ കാര്‍ എത്തിയതായി സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് ഇവിടങ്ങളില്‍ പരിശോധന വ്യാപകമാക്കിയത്.
സംസ്ഥാന പോലീസിന്റെ ബലഹീനത കൃത്യമായി മനസ്സിലാക്കിയായിരുന്നു പ്രതികളുടെ നീക്കങ്ങളെന്ന് കൂടുതല്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പോലീസ് പ്രധാനമായും ആശ്രയിക്കുന്നത് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ്. ഈ രണ്ടു തെളിവുകളും ലഭിക്കാത്ത രീതിയിലായിരുന്നു പ്രതികളുടെ നീക്കങ്ങള്‍.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷവും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത് പോലീസിന് വലിയ നാണക്കേടായിരിക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: