കണ്ണൂര്‍: വനം വകുപ്പ് മയക്ക് വെടിവച്ച് പിടികൂടിയ പുലി ചത്തു. പെരിങ്ങത്തൂര്‍ സൗത്ത് അണിയാരം കനകമലയുടെ താഴ്വാരത്തെ വീട്ടു കിണറ്റില്‍ വീണ പുലിയെയാണ് മയക്ക് വെടിവച്ച് പിടിച്ച് വയനാട്ടിലേക്ക് കൊണ്ടുപോയത്. കൂട്ടിലേക്ക് മാറ്റി അല്പ സമയത്തിനകം മരിച്ചെന്നാണ് വനം വകുപ്പ് നല്കുന്ന വിശദീകരണം. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് എക്സ്പേര്‍ട്ട് കമ്മിറ്റി വയനാട്ടില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.
കക്കുഴി പറമ്പത്ത് കിഴക്കേ മലാല്‍ സുനീഷിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടുവളപ്പിലെ കിണറ്റിലാണ് ചൊവ്വാഴ്ച രാത്രി പുലിവീണത്. ഇന്നലെ കാലത്ത് 7.30 ന് സുനീഷിന്റെ ബന്ധു ശാന്ത വസ്ത്രം അലക്കുമ്പോള്‍ കിണറ്റില്‍ നിന്ന് ശബ്ദം കേട്ടിരുന്നു. കിണര്‍ പരിസരത്ത് എത്തിയ കുഞ്ഞിരാമനാണ് പുലിയെ ആദ്യം കണ്ടത്. വിവരം സുനീഷ് പോലീസില്‍ വിവരമറിയിച്ചു.
പോലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി വല ഉപയോഗിച്ച് കിണര്‍ മറച്ചു. കിണറിന് മുകളില്‍ ഇരുമ്പ് വല സ്ഥാപിച്ചശേഷം വെള്ളം വറ്റിച്ചു. തുടര്‍ന്ന് കിണറ്റില്‍ ഇറക്കിയ പലകമേല്‍ പുലി കയറി നില്‍ക്കുകയായിരുന്നു. വയനാട്ടില്‍ നിന്ന് വന്ന വെറ്റിനറി സര്ജന് ഡോ. അജേഷ് മോഹന്‍ദാസ് ആണ് വൈകുന്നേരം 5.40 ന് മയക്കുവെടിവച്ചത്. ആദ്യം വെടിവയ്ക്കുകയും തുടര്‍ന്ന് മയക്കുമരുന്ന് കുത്തിവെക്കുകയും ചെയ്തു. മയക്കത്തിലായ പുലിയെ കൂട്ടിലാക്കി പ്രത്യേക വാഹനത്തില്‍ കയറ്റി വയനാട്ടിലേക്ക് കൊണ്ടുപോയി.
ഡിഎഫ്ഒ പി. കാര്‍ത്തിക്, ഫോറസ്റ്റ് ആര്‍ഒ: ജയശങ്കര്‍, അഖില്‍ നാരായണന്, സുധീര്‍ നിരോത്ത്, ഫ്ളൈയിങ് സ്ക്വാഡ്, ആര്‍ആര്‍ടി അംഗങ്ങള്‍ ഇതിനായി പ്രവര്‍ത്തിച്ചു. കനകമല പ്രദേശത്ത് പുലിയെ ആദ്യമായാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: