ന്യൂദൽഹി: ദമ്പതികള്‍ തമ്മിലുള്ള വഴക്കിന് പിന്നാലെ ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കി. ജര്‍മനിയിലെ മ്യൂണിക്കില്‍ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ലുഫ്താന്‍സ വിമാനമാണ് ഡല്‍ഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടത്. യാത്രക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കേണ്ടതുണ്ടെന്ന് പൈലറ്റ് ഡല്‍ഹി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജര്‍മ്മന്‍ സ്വദേശിയും തായ്‌ലന്‍ഡ് സ്വദേശിനിയായ ഭാര്യയും തമ്മിലുള്ള വഴക്കിനെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിടേണ്ടി വന്നത്. വിമാനത്തിനുള്ളില്‍ ഇരുവരും തമ്മിലുള്ള വഴക്ക് ബഹളത്തില്‍ കലാശിക്കുകയായിരുന്നു. ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് ഭാര്യ പൈലറ്റിന്റെ സഹായം തേടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ന്ന് അടിയന്തരമായി വിമാനം താഴെയിറക്കുന്നതിന് ഡല്‍ഹി വിമാനത്താവള അധികൃതരോട് ലുഫ്താന്‍സ വിമാനം അനുമതി തേടി. ആദ്യം പാകിസ്ഥാനില്‍ ലാന്‍ഡ് ചെയ്യുന്നതിനാണ് അനുമതി തേടിയത്. എന്നാല്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് ഡല്‍ഹി വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചുവിട്ടത്. വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഭര്‍ത്താവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: