കഴിഞ്ഞ ദിവസം കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി അബിഗേല്‍ സാറാ റെജിയെ കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ 21 മണിക്കൂറുകള്‍ നീണ്ട മലയാളികളുടെ ആശങ്കയുടെ കാറൊഴിഞ്ഞു.
പക്ഷെ ചോദ്യം ഇനിയും ബാക്കിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരളത്തില്‍ നിന്നും അപ്രത്യക്ഷരായ മറ്റ് 62 കുട്ടികള്‍ എവിടെയാണ്? ഇതുവരെ ഇവരെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്. 2018നും 2023നും ഇടയിലാണ് ഇത്രയും കുട്ടികളെ കാണാതായത്. ഇവരില്‍ ചിലര്‍ ദുരൂഹസാഹചര്യത്തിലാണ് കാണാതായത്. ഇവരില്‍ 43 പേര്‍ ആണ്‍കുട്ടികളാണെങ്കില്‍ 19 പേര്‍ പെണ്‍കുട്ടികളാണ്.
ഇതില്‍ ആറ് കേസുകളില്‍ പൊലീസ് തന്നെ തുമ്പ് കിട്ടാത്തതിനാല്‍ കേസ് പൂട്ടിക്കെട്ടി. ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. ഈ ആറ് കേസുകളിലും കാണാതായ കുട്ടികള്‍ കേരളത്തിലെത്തിയ ഉത്തരേന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടേതാണ്. മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് ഉത്തരമായി കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ കാണാതായത് മലപ്പുറത്താണ്- 10 പേര്‍. കാസര‍്ഗോഡ് ജില്ലയില്‍ എട്ട് കുട്ടികളെ കാണാതായി. അതിനും പിന്നില്‍ കോഴിക്കോട്- ഏഴ് കുട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: