ദില്ലി: പതിനേഴ് ദിവസത്തോളം തുരങ്കത്തിനുള്ളില്‍പ്പെട്ട് തീതിന്ന് ജീവിച്ച 41 തൊഴിലാളികളെയും രക്ഷപ്പെടുത്തിയ സൈന്യത്തിനും ദുരന്തനിവാരണസംഘത്തിനും സ്പെഷ്യല്‍ സ്ക്വാഡുകള്‍ക്കും അവരെ കൂട്ടിയിണക്കി ഒപ്പം നിന്ന പ്രധാനമന്ത്രിയുടെ ഓഫീസിനും ചാരിതാര്‍ത്ഥ്യത്തിന്റെ ദിവസം. തൊഴിലാളികള്‍ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ദീപാവലി ആഘോഷത്തിനിടയില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. അതിന് മണിക്കൂറുകള്‍ക്കിപ്പുറമാണ് 41പേരും പ്രത്യേകം കുഴിച്ച തുരങ്കത്തിലൂടെ പുറത്തെത്തിക്കാനായത്.
ഇതിനിടെ തൊഴിലാളികളുടെ ദുരന്തത്തിന് അദാനിയെ കുറ്റപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ശ്രമങ്ങള്‍ക്കും തിരിച്ചടിയായി. ഈ ദുരന്തത്തില്‍ പങ്കില്ലെന്ന് അദാനി ഗ്രൂപ്പ് വിശദീകരണമിറക്കി മണിക്കൂറുകള്‍ക്കം തന്നെ തൊഴിലാളികള്‍ തുരങ്കത്തില്‍ നിന്നും പുറത്തുവന്നു.
എട്ട് സംസ്ഥാനങ്ങളിലെ നാല്പത്തിയൊന്ന് തൊഴിലാളികളാണ് പതിനേഴ് ദിവസം എട്ടര മീറ്റർ ഉയരമുള്ള തുരങ്കത്തിൽ പിടിച്ചു നിന്നത്. തൊഴിലാളികളെ അവശിഷ്ടങ്ങൾ നീക്കി പുറത്തു കൊണ്ടു വരാൻ കഴിയും എന്ന പ്രതീക്ഷയിലായിരുന്നു തുടക്കത്തിൽ രക്ഷാദൗത്യ സംഘം. എന്നാല്‍ വേണ്ടത്ര ആസൂത്രണം ഇല്ലാതെ തുടങ്ങിയ രക്ഷാദൗത്യം വീണ്ടും തുരങ്കം ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി. ഒട്ടേറെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. ടണലില്‍ കുടുങ്ങിയത് 40 തൊഴിലാളികളല്ല, 41പേരാണെന്ന് തിരിച്ചറിഞ്ഞതുപോലും നാലു ദിവസത്തിനുശേഷമായിരുന്നു.
എന്നാൽ പിന്നീട് കേന്ദ്ര സർക്കാരിൻറെയും സംസ്ഥാനസർക്കാരിന്റെയും ഏകോപനത്തിൽ നടപടികൾ വേഗത്തിലായി. വ്യോമസേനയും റെയിൽവെയും ദൗത്യത്തിനു വേണ്ട ഉപകരണങ്ങൾ സ്ഥലത്ത് എത്തിച്ചു. കരസേനയുടെ എഞ്ചിനീയറിംഗ് വിഭാഗവും ദൗത്യത്തിൽ പങ്കു ചേർന്നു. പല സ്വകാര്യ സർക്കാർ സ്ഥാപനങ്ങളുടെയും വിദഗ്ധർ പങ്കാളികളായി.ഇതിനിടെ സുദീര്‍ഘമായ തുരങ്കമുണ്ടാക്കുന്നതിനിടയില്‍ ഉള്ളിലെവിടെയോ ഉള്ള ഇരുമ്പില്‍ തട്ടി ഓഗര്‍ യന്ത്രത്തിന്റെ കട്ടര്‍ ബ്ലേഡ് മുറിഞ്ഞതും ഒടുവിലായുള്ള രക്ഷാദൗത്യത്തെ തടസ്സപ്പെടുത്തി. രക്ഷാദൗത്യത്തിന് പ്രകൃതിതന്നെ വിഘാതം സൃഷ്ടിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി മോദിയ്‌ക്ക് തന്നെ കഴിഞ്ഞ ദിവസം പ്രസംഗിക്കേണ്ടിവന്നതും ഇതിനാലാണ്. കാരണം ഉറപ്പെടുന്ന തോന്നുന്ന രക്ഷപ്പെടുത്തല്‍ മാര്‍ഗ്ഗങ്ങളാണ് പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒന്നിനു പിറകെ ഒന്നായി പരാജയപ്പെട്ടത്. ഇതിനിടെ ദീപാവലി നാളില്‍ പോലും തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെയും ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാരിന്റെയും പ്രതിച്ഛായയ്‌ക്ക് തന്നെ മങ്ങലേല്‍പിക്കുമോ എന്ന സ്ഥിതിയുണ്ടാക്കി. തെലുങ്കാന, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മണിപ്പൂര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷം ഈ വിഷയം ആയുധമാക്കിയിരുന്നു.
വിദേശവിദഗ്ധരുടെയും സഹായം തേടി. തൊഴിലാളികളെ പുറത്തെത്തിക്കാൻ തുരങ്കത്തിന് മുകളിൽ നിന്ന് താഴേക്ക് കുഴിക്കുന്നത് ഉൾപ്പടെ അഞ്ചു പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ വിജയിച്ച വഴിയല്ലാതെയുള്ള മറ്റു പദ്ധതികളെല്ലാം ഏറെ വൈകുമായിരുന്നു. പല ഏജൻസികളുടെയും കഴിഞ്ഞ മൂന്നു ദിവസത്തെ കൂട്ടായ നീക്കമാണ് ഫലം കണ്ടത്. ഇത്രയും സുദീര്‍ഘമായ ദൗത്യം വിജയച്ചതിന്റെയും ശുഭകരമായി പര്യവസാനിച്ചതിന്റെയും ആഹ്ളാദത്തിലാണ് രാജ്യം. അപ്പോഴും ഉത്തരാഖണ്ഡ് രക്ഷാദൗത്യം രാജ്യത്തിന് പുതിയ പാഠമായി മാറുകയാണ്. മുന്നറിയിപ്പ് അവഗണിച്ചുള്ള ഹിമാലയൻ താഴ്വരയിലെ നിർമ്മാണങ്ങൾ എത്ര സുരക്ഷിതം എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. ഇത്തരം സാഹചര്യം നേരിടാൻ ദുരന്ത നിവാരണ അതോറിറ്റി പോലും തയ്യാറല്ലായിരുന്നു എന്നും ആദ്യം ദിവസങ്ങളിലെ ആശയക്കുഴപ്പം സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: