കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ച ഫണ്ടുകള്‍ ചെലവഴിച്ചില്ല. കോടികളാണ് ഇത്തരത്തില്‍ കേരളം നഷ്ടപ്പെടുത്തുന്നത്. ഇതുമൂലം 2023-24 വര്‍ഷത്തില്‍ പുതുതായി സിഎഫ്സി ഗ്രാന്റ് അനുവദിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളുടെയും വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. കേന്ദ്രഫണ്ട് യഥേഷ്ടം ഉണ്ടായിട്ടും ഉപയോഗിക്കാത്തത് കേരളത്തിലെ പഞ്ചായത്ത് കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്.
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ഇതു വെരെ ബേസിക് ഗ്രാന്റായി (അണ്‍ടൈഡ് ഫണ്ട്) 685.75 കോടി രൂപയാണ് ഗ്രാമപഞ്ചായത്തുകളില്‍ ലഭ്യമായത്. ചെലവഴിച്ചത് 604.46 കോടി. ടൈഡ് ഫണ്ടില്‍ 1028.6 കോടി ലഭ്യമായപ്പോള്‍ ചെലവഴിച്ചത് 616.62 കോടി മാത്രം. രണ്ട് ഫണ്ടും കൂടി ഏകദേശം 28.77 ശതമാനം തുകയും ചെലവഴിക്കപ്പെടാതെ ഗ്രാമപഞ്ചായത്തുകളില്‍ കിടക്കുകയാണ്. തുക ചെലവഴിക്കാന്‍ പല പഞ്ചായത്തുകളിലും പദ്ധതികള്‍ പോലും തയാറാക്കപ്പെട്ടിട്ടില്ല. ഇനി അത്തരം പഞ്ചായത്തുകള്‍ക്ക് റിവിഷന്‍ മാത്രമാണ് ആശ്രയം.
അനുവദിച്ച് കിടക്കുന്ന തുകയുടെ 90 ശതമാനം എങ്കിലും ചെലവഴിക്കാതെ ഈ സാമ്പത്തിക വര്‍ഷം സിഎഫ്സി ഗ്രാന്റ് അനുവദിക്കില്ലെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
2021-22ലെ ചെലവഴിക്കപ്പെടാത്ത ഫണ്ടുകള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ സ്പില്‍ ഓവര്‍ ഇല്ല എന്ന പേരില്‍ ട്രഷറികളിലേക്ക് തിരിച്ചെടുത്തിരുന്നു. പഞ്ചായത്തുകളിലാവട്ടെ ആ കാലയളവിലെ തന്നെ ലക്ഷങ്ങളുടെ ബില്ലുകള്‍ മാറാന്‍ വഴിയില്ലാതെ കെട്ടിക്കിടക്കുകയുമാണ്. സ്പില്‍ഓവര്‍ പ്രോജക്ടുകള്‍ നിര്‍ത്തലാക്കി പദ്ധതികള്‍ തന് വര്‍ഷം തന്നെ പൂര്‍ത്തിയാക്കണമെന്നത് നടപ്പിലാക്കാനാണ് പണം തിരിച്ചെടുത്തത്. എന്നാല്‍ ഈ പണം ഇനിയും കണക്കില്‍ ചെലവഴിക്കപ്പെട്ടില്ല. ഇതിനിടയില്‍ തുക വകമാറ്റി ചെലവഴിക്കലും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്ന നിലയിലേക്ക് എത്തപ്പെടാതെ അടിയന്തരമായി ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവണമെന്ന് കുറിച്ചി ഗ്രാമപഞ്ചായത്ത് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ബി.ആര്. മഞ്ജീഷ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: