മുഹമ്മ: മിമിക്രിക്ക് കലോത്സവ വേദികളില്‍ അംഗീകാരം. ചേര്‍ത്തല പുതിയകാവ് സ്വദേശി സജി പൊന്നന് അഭിമാനനേട്ടം. മിമിക്രിയെ കലോത്സവ വേദികളില്‍ മത്സര ഇനമായി അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് സജിയുടെ പ്രയത്നത്തിന്റെയും കൂടി ഫലമായാണ്. മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’ എന്ന പ്രസ്ഥാനം ഇതിനായി 10 വര്‍ഷമായി ശ്രമം തുടങ്ങിയിരുന്നു.
ഇടയ്ക്ക് അഗീകാരം ലഭിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. സജി പൊന്നന്, കെ.ബി. ഗണേഷ്കുമാര് വഴി സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നല്കി. ഇതേത്തുടര്‍ന്ന് വീണ്ടും അംഗികാരം ലഭിച്ചു. ഈ വര്‍ഷം മുതല്‍ മിമിക്രി, മത്സരവേദികളില്‍ സജീവമാകും. ഈ കലയെ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഒന്നര ലക്ഷം കലാകാരന്മാര്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സ്കൂള്‍ കാലഘട്ടം മുതല്‍ മിമിക്രി രംഗത്ത് സജീവമാണ് സജി. യുപി സ്കൂള്‍ കാലഘട്ടത്തില്‍ സ്കൂളിലെ അധ്യാപകനായിരുന്ന ഗോവിന്ദന് മാഷാണ് കലാരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്കൂള്‍ കലോത്സവങ്ങളില്‍ വിജയിയായി. 25 വര്‍ഷങ്ങളായി മിമിക്രി രംഗത്ത് സജീവമായി തുടരുന്നു. പ്രമുഖ ചാനലുകളിലെ മിമിക്രി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ സജി പൊന്നന് നിയമസഭ സെക്രട്ടേറിയറ്റിലെ അമിനിറ്റീസ് വിഭാഗം ഉദ്യോഗസ്ഥനാണ്.
മിമിക്രിയില്‍ രാഷ്ട്രീയ നേതാക്കന്മാരെയാണ് കൂടുതലായി അനുകരിക്കുന്നത്. കെ.ആര്. ഗൗരിയമ്മ, പി.സി. ജോര്‍ജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വെള്ളാപ്പള്ളി നടേശന്, ഗണേഷ്കുമാര്, ഉമ്മന്‍ചാണ്ടി ഇവരെയെല്ലാം ഗംഭീരമായാണ് സജി അനുകരിക്കുന്നത്.
മന്ത്രി പി. പ്രസാദിന്റെ ശബ്ദം അടുത്തിടെ അനുകരിച്ചത് വൈറലായിരുന്നു. പ്രമുഖ ചാനലുകളിലെ ടെലിവിഷന്‍ സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: