ചെറുതുരുത്തി (തൃശ്ശൂര്‍): ചെന്നൈയില്‍ നിന്ന് നാട്ടിലെത്താനായി ട്രെയിനില്‍ റിസര്‍വ് ചെയ്ത സീറ്റെല്ലാം കൈയടക്കി ഇതര സംസ്ഥാന തൊഴിലാളികള്‍. റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ രോഷാകുലരായി യാത്രക്കാര്‍.
കഴിഞ്ഞ 27ന് ചെന്നൈയില്‍ നിന്നും ധന്‍ബാദ്-ആലപ്പി എക്സ്പ്രസില്‍ കയറിയ കോഴിക്കോട് സ്വദേശി അമ്പിളി സോമന്‍ എന്ന യുവതിക്കും കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്.
എസ് 2 കോച്ചിലെ 27, 28, 29 സീറ്റായിരുന്നു ഇവര്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പാര്‍ട്ട്മെന്റ് കൈയടക്കിയതോടെ തങ്ങള്‍ക്കനുവദിച്ച സീറ്റില്‍ ഇരിക്കാനായില്ല. സമാധാനത്തോടെ നില്‍ക്കാന്‍ പോലും സാധിച്ചില്ലെന്നും ഇവര്‍ പരാതിപ്പെട്ടു. പിറ്റേന്ന് രാവിലെ ഈറോഡ് എത്തിയ ശേഷമാണ് ടിടിആര്‍ കമ്പാര്‍ട്ട്മെന്റിലേക്ക് എത്തിയത്.
ടിടിആര്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍ പലര്‍ക്കും ടിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും പലരുടെ കൈയിലും ഉണ്ടായിരുന്നത് വ്യാജ ഐഡി കാര്‍ഡുകളാണെന്നും കണ്ടെത്തി.
ഫൈനടയ്‌ക്കാന്‍ ആവശ്യപ്പെട്ടതോടെ പൈസ ഇല്ലെന്ന് പറഞ്ഞ് ഇവര്‍ ഒഴിഞ്ഞുമാറി. പോലീസിനെ വിളിക്കാന്‍ തുനിഞ്ഞതോടെ ഇവര്‍ ഓടി രക്ഷപ്പെട്ടു. പരാതി നല്കിയതിനെതിരെ മറ്റ് തൊഴിലാളികള്‍ ഭീഷണി ഉയര്‍ത്തിയതോടെ ഭയം മൂലം കൂടുതല്‍ പൈസ നല്കി എസി കമ്പാര്‍ട്ട്മെന്റിലേക്ക് മാറിയാണ് യുവതി യാത്ര തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: