അഭിഷേക പ്രിയനായ അയ്യപ്പനു സമര്‍പ്പിക്കുന്ന മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ തന്നെ ശബരിമലയില്‍ നെയ്യഭിഷേകം നടത്തിയിരുന്നു. അഗ്നിക്കിരയായ സ്ഥലം ശീതപ്പെടുത്താനും ചൈതന്യത്തില്‍ സ്നേഹമയം നിറയ്ക്കാനുമാണ് നെയ്യ് ഉപയോഗിച്ചത്.
ഇരുമുടിക്കെട്ടില്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യാണ് അഭിഷേകത്തിനെടുക്കുക. നെയ്ത്തേങ്ങയിലെ ജീവാത്മാവാണ് നെയ്യ്. ഇതെടുത്തു കഴിഞ്ഞാല്‍ ജഡമാണ് നെയ്യ്ത്തേങ്ങാമുറി. ജീവാത്മാവിനെ ഭഗവാനില്‍ ലയിപ്പിക്കുന്നതാണ് നെയ്യഭിഷേകം. ജഡമായതിനാലാണ് നെയ്യ്ത്തേങ്ങാമുറി ഹോമകുണ്ഡത്തില്‍ അര്‍പ്പിക്കുന്നത്.
നെയ്യഭിഷേകം രാവിലെ നിര്മാല്യത്തിനു ശേഷം ആരംഭിക്കും. അഭിഷേകം നടത്തുന്നതിന് ദേവസ്വത്തില്‍ തുക അടയ്ക്കണം. മണ്ഡപത്തിനു സമീപത്തുള്ള തോണിയില്‍ ഭക്തര്‍ നെയ്യ് ഒഴിക്കാറുണ്ട്. അഭിഷേകം ചെയ്ത നെയ്യ് ദിവ്യപ്രസാദമായാണ് കരുതുന്നത്. ഭക്തര്‍ വീടുകളിലേക്ക് കൊണ്ടുപോകാറുള്ള ഈ നെയ്യ് അനവധി രോഗങ്ങളുടെ ശാന്തിക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ശബരിമലക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ഭക്തര്‍ നല്കുന്ന നെയ്യാണ്.
ഉത്സവദിവസങ്ങളില്‍ തീവെട്ടികള്ക്കുപയോഗിക്കുന്നതും നെയ്യ് മാത്രമാണ്. ഇത്രയേറെ നെയ്യ് ഉപയോഗിക്കുന്ന മറ്റൊരു ക്ഷേത്രം ഇല്ലെന്നു തന്നെ പറയാം. ആവശ്യം കഴിഞ്ഞു മിച്ചം വരുന്നത് പാട്ടകളിലാക്കി സൂക്ഷിച്ചു ദേവസ്വത്തിലേക്ക് മുതല്‍ കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: