തിരുവനന്തപുരം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ച് ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത് സംഗീതത്തെക്കുറിച്ച് നടത്തിയ പ്രഭാഷണം ശ്രോതാക്കള്‍ക്ക് വേറിട്ട അനുഭവമായി. വെറുമൊരു എഡിജിപി എന്നതിനപ്പുറം ശ്രീജിത് ഒരു ഗായകനാണെന്നും സംഗീതത്തെയും കര്‍ണ്ണടക, ഹിന്ദുസ്ഥാനി രാഗങ്ങളെയും അറിയുന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ ശ്രോതാക്കള്‍ ആ പ്രഭാഷണത്തില്‍ സ്വയംമറന്നിരുന്നുപോയി.
സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററെക്കുറിച്ചാണ് ശ്രീജിത് പ്രസംഗിച്ചത്. കര്‍ണ്ണാടിക് രാഗങ്ങളും ഹിന്ദുസ്ഥാനി രാഗങ്ങളും എങ്ങിനെയാണ് അനായാസം തന്റെ അനശ്വരഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉപയോഗിച്ചതെന്നാണ് എഡിജിപി ശ്രീജിത് തന്റെ പ്രസംഗത്തില്‍ വിവരിച്ചത്.
“‘ചന്ദനം മണക്കുന്ന പൂന്തോട്ടം..’..എന്ന് തുടങ്ങുന്ന വിദ്യാധരന്‍ മാസ്റ്ററുടെ ഗാനം ബഗേശ്രീയില്‍ ചിട്ടപ്പെടുത്തിയ ഗാനമാണ്. ബാഗേശ്രീ എന്ന രാഗം ഖരഹരപ്രിയയുടെ ജന്യരാഗമാണ്. ബാഗശ്രീ എന്ന രാഗം ജനിച്ചത് 16ാം നൂറ്റാണ്ടിലാണ്. ബാഗേശ്രീ എന്ന രാഗത്തില്‍ ചിട്ടപ്പെടുത്തിയ സുപ്രസിദ്ധ മലയാളം ഗാനങ്ങളാണ് മാനസമൈനേ വരൂ….,(അനുരാഗം വരുമ്പോള്‍) പ്രിയമുള്ളവളേ നിനക്ക് വേണ്ടി(വിരഹം വരുമ്പോള്‍) എന്നീ ഗാനങ്ങള്‍ സാധാരണ പ്രണയത്തിനും വിരഹത്തിനും ഉപയോഗിക്കുന്ന രാഗമായ ബാഗേശ്രീയെ സന്ധ്യാപ്രാര്‍ത്ഥനയ്‌ക്കായി വിദ്യാധരന്‍ മാസ്റ്റര്‍ ഉപയോഗിച്ചു നമ്മുടെ നാട്ടിലെ ഏറ്റവും സാധാരണയില്‍ സാധാരണ കാര്യമാണ് സന്ധ്യാദീപം കൊളുത്തുന്നതും വീടു മെഴുകി വെയ്‌ക്കുന്നതും. ബാഗേശ്രീ എന്ന ഈ റൊമാന്‍റിക് രാഗത്തെ വിദ്യാധരന്‍ മാസ്റ്റര്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ പശ്ചാത്തലത്തില്‍ മനോഹരമായി ഉപയോഗപ്പെടുത്തുകയായിരുന്നു ‘ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന ഗാനത്തില്‍”- എഡിജിപി ശ്രീജിത് പറഞ്ഞു.
എഡിജിപി ശ്രീജിതിന്റെ പ്രഭാഷണം കേള്‍ക്കാം:
“സാധാരണ അദ്ദേഹം മോഹനം എന്ന രാഗവും (സ്വപ്നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം എന്ന ഗാനം), ഹംസധ്വനി എന്ന രാഗവും (പാടുവാനായ് വന്നു നിന്റെ പടിവാതില്‍ക്കല്‍ എന്ന ഗാനം) ആണ് കൂടുതലായി ഉപയോഗപ്പെടുത്താറ്. പക്ഷെ പീലൂ എന്ന രാഗത്തില്‍ വിദ്യാധരന്‍ മാസ്റ്റര്‍ ചിട്ടപ്പെടുത്തിയ ‘താലോലം പൈതല്‍ താലോലം’ എന്നത് ഒരത്ഭുതമാണ്. കാരണം ശോകാര്‍ദ്രമായി കരയാന്‍ പറ്റുന്ന പീലു എന്ന രാഗത്തെ എടുത്ത് താരാട്ട് പാട്ടാക്കി മാറ്റുകയായിരുന്നു വിദ്യാധരന്‍ മാസ്റ്റര്‍ ‘താലോലം പൈതല്‍ താലോലം’ എന്ന ഗാനത്തില്‍ ചെയ്തത്. പീലു എന്ന രാഗത്തിലാണ് കിരീടം എന്ന സിനിമയിലെ ‘മധുരം ജീവാമൃതബിന്ദു’…. പോലുള്ള ശോകഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. “- ശ്രീജിത് പറഞ്ഞു.
“വിണ്ണിന്റെ വിരിമാറില്‍ മഴവില്ലിന്‍ മണിമാല എന്നത് കാപ്പി രാഗം ഉപയോഗിച്ചാണ് ചിട്ടപ്പെടുത്തിയത്. പാടുവാനായ് വന്നൂ നിന്റെ പടിവാതില്‍ക്കല്‍ എന്ന ഗാനം ഹംസധ്വനി രാഗത്തില്‍ വ്യത്യസ്തമായാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാര മൂര്‍ത്തി ഓച്ചിറയില്‍ എന്ന ഗാനം എടുത്തുപറയേണ്ടതാണ്. ഇത് ജോന്‍പൂര്‍ എന്ന ഹിന്ദുസ്ഥാനി രാഗത്തിലാണ് ചിട്ടമപ്പെടുത്തിയത്. ജോന്‍പൂര്‍ എന്ന പേരില്‍ ഒരു സ്ഥലമുണ്ട് യുപിയില്‍. ഇവിടുത്തെ തുഗ്ലക് സാമ്രാജ്യത്തിന്റെ അവസാനത്തെ രാജാവായിരുന്നു ഹുസൈന്‍ ഷാ ഷര്‍ക്കി. അദ്ദേഹം ഒരു സുന്നിയായിരുന്നു.സുന്നികളിലെ സൂഫികളുമായി അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്ന ഹുസൈന്‍ ഷാ ഷര്‍ക്കി. ഇദ്ദേഹം സൃഷ്ടിച്ച രാഗമാണ് ജോന്‍പൂര്‍. ഹുസൈന്‍ ഷാ ഷര്‍ക്കിയെ പിന്നീട് ലോധി രാജാക്കന്മാര്‍ വന്ന് ബംഗാളിലേക്ക് ഓടിച്ചു. ഈ ജോന്‍പൂരിനെ എടുത്ത് നമ്മുടെ ദേവതാ സങ്കല്‍പത്തെ (അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും…) .ചിട്ടപ്പെടുത്താന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഉപയോഗിച്ചു. ജോന്‍പൂര്‍ എന്ന ഈ രാഗം സൃഷ്ടിച്ച ഹുസൈന്‍ ഷാ ഷര്‍ക്കിക്കുള്ള ഏറ്റവും വലിയ ട്രീറ്റാണ് വിദ്യാധരന്‍ മാസ്റ്ററുടെ അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും എന്ന ഗാനം. ഹിന്ദുസ്ഥാനി സംഗീതത്തെ നമ്മള്‍ പോലും അറിയാതെ നമ്മുടെ ഓരോ രോമകൂപത്തിന്റെയും ഭാഗമാക്കി മാറ്റിയ സംഗീതകാരനും സംഗീതജ്ഞനുമാണ് വിദ്യാധരന്‍ മാസ്റ്റര്‍.” – ശ്രീജിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: