തിരുവനന്തപുരം: കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പുകാര്‍ക്ക് നല്‍കാനുള്ള സബ്സിഡി കുടിശിക തീര്‍ക്കാന്‍ സര്‍ക്കാര്‍ 33.6 കോടിരൂപ അനുവദിച്ചതായി മന്ത്രി എം.ബി. രാജേഷ് പ്രസ്താവനയിറക്കിയിട്ട് രണ്ടാഴ്ചയാകുന്നു. മലപ്പുറത്തെ കുടുംബശ്രീ ജനകീയഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് കോടികള്‍ കുടിശികയായപ്പോള്‍ അവര്‍ തിരുവനന്തപുരത്തെത്തി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത് സര്‍ക്കാരിന് ക്ഷീണമായപ്പോഴാണ് പണം അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചത്. അതേസമയം കുടിശിക ചൂണ്ടിക്കാട്ടി മലപ്പുറത്തു നിന്നു മാത്രം സമരത്തിനെത്തിയതെന്തിനെന്ന് ജനങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ് മന്ത്രി എം.ബി. രാജേഷ് കുടുംബശ്രീ വനിതകളെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
കുടുംബശ്രീ നടത്തുന്ന 1,116 ജനകീയ ഹോട്ടലുകള്‍ക്കായി സബ്സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുള്ള കുടിശിക നാല് കോടി രൂപയ്ക്കു മുകളിലാണ്. 33.5 കോടി രൂപ അനുവദിച്ചതായുള്ള മന്ത്രിയുടെ പ്രസ്താവനയില്‍ പക്ഷേ കുടുംബശ്രീക്ക് സന്തോഷമൊന്നും തോന്നുന്നില്ല. കാരണം ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശിക നല്‍കുന്നത് തവണകളായാണ്.
തിരുവനന്തപുരത്തെ കുടുംബശ്രീകള്‍ക്ക് പത്തുമാസത്തെ കുടിശിക ലഭിക്കാനുണ്ട്. ആറുമാസത്തെ കുടിശിക തുകയായ 4.60 കോടി രൂപയാണ് അനു
വദിച്ചിട്ടുള്ളത്. രേഖകളില്‍ പണം നല്‍കിയെന്ന് പറയുകയും എന്നാല്‍ ഫലത്തില്‍ പണം ലഭിക്കുകയും ചെയ്യാത്ത അവസ്ഥയാണ്. കഴിഞ്ഞ പ്രാവശ്യം മാര്‍ച്ചില്‍ കുടുംബശ്രീക്ക് അനുവദിച്ച കുടിശിക തുക ഒക്ടോബറിലാണ് മുഴുവനും കൊടുത്ത് തിര്ത്തത്. ഇക്കുറിയും ഇത്തരത്തിലായിരിക്കും തവണ ലഭിക്കുന്നത്. ചില ജില്ലകളില്‍ വലിയ തുക ലഭിക്കാന്‍ ബാക്കിയുള്ളവര്‍ക്ക് ചെറിയ തുക നല്കുന്നു. ബാക്കി തുക എന്ന് നല്കുമെന്നു പോലും അറിയാത്ത അവസ്ഥ.
കുടുംബശ്രീക്ക് തുക നല്‍കുന്നത് ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍ വഴിയാണ്. കോര്‍ഡിനേറ്റര്‍മാര്‍ തുക വീതിച്ച് നഗരസഭകളിലും പഞ്ചായത്തുകളിലും നല്‍കുകയും അവര്‍ കുടുംബശ്രീകള്‍ക്ക് വിതരണം ചെയ്യും. മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ മുഴുവന്‍ തുകയും വേണമെന്നാവശ്യപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷന് ഡിഎംസി ക്ക് കത്തയച്ചതിനെതുടര്ന്ന് അവര്‍ക്ക് മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കാമെന്ന് സമ്മതിച്ചിരിക്കുകയാണ്.
ഇതേ പാത പിന്തുടര്ന്ന് മറ്റ് ജില്ലകളും മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഡിഎംസിക്ക് കത്തയയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 20 രൂപയ്ക്ക് ഊണ് നല്കിയാല് പത്തുരൂപ സബ്സിഡി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് ഇറങ്ങിയവര്‍ ഇന്ന് ദുരിതക്കയത്തിലാണ്.
സുനില്‍ തളിയല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: