കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ സര്‍വകലാശാലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്. പരിപാടിക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് രജിസ്ട്രാര്‍ക്ക് സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ നല്കിയ കത്താണ് പുറത്തുവന്നത്. കത്തു ലഭിച്ചിട്ടും രജിസ്ട്രാര്‍ നടപടിയെടുത്തില്ലെന്നാണ് അറിയുന്നത്.
അച്ചടക്കം ഉറപ്പാക്കാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പോലീസ് സുരക്ഷ നിര്‍ബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലുള്ളത്.
‘ധിഷണ 2023’ എന്ന പേരില്‍ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ഥികള്‍ 24, 25 തീയതികളില്‍ പരിപാടി നടത്തുന്നുണ്ടെന്നും ആവശ്യത്തിനു പോലീസ് സുരക്ഷ വേണമെന്നും കത്തില്‍ പറയുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലെ പരിപാടിയിലേക്ക് പുറത്തു നിന്നുള്ളവരും വരാന്‍ സാധ്യതയുണ്ടെന്നും കത്തിലുണ്ട്.
പരിപാടിയെക്കുറിച്ച് സര്‍വകലാശാലയില്‍ നിന്ന് അറിയിപ്പു ലഭിച്ചിട്ടില്ലെന്നു ദുരന്ത ദിനം തന്നെ പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, പരിപാടി നടക്കുന്നത് പോലീസിന് അറിയാമായിരുന്നെന്നും സംഭവം നടക്കുമ്പോള്‍ ആറ് പോലീസുകാര്‍ അവിടെയുണ്ടായിരുന്നെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു പറഞ്ഞത്. ഇതോടെ ആരു പറയുന്നതാണു സത്യമെന്നതില്‍ ആശയക്കുഴപ്പമായി. ഇതിനിടെ, കുസാറ്റ് വിസിയെ അടിയന്തരമായി നീക്കണമെന്നും ടെക് ഫെസ്റ്റ് നടത്തിപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി ഗവര്‍ണര്‍ക്കു കത്ത് നല്കി.
കുസാറ്റില്‍ ഇന്നലെ ചേര്‍ന്ന അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തില്‍, ധിഷണയുടെ സംഘാടന സമിതി ചെയര്മാന് കൂടിയായ ഡോ. ദീപക് കുമാര്‍ സാഹുവിനെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് തത്കാലത്തേക്കു മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ശോഭ സൈറസിന് പ്രിന്‍സിപ്പല്‍ ചുമതല നല്കി. കൂടാതെ, അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍വകലാശാല വഹിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അപകടവുമായി ബന്ധപ്പെട്ട് പോലീസിന്റേതുള്‍പ്പെടെ മൂന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: