കൊല്ലം: ആറ് വയസുകാരി അഭികേല്‍ സാറയെ തട്ടിക്കൊണ്ടു പോയവര്‍ കുട്ടിയുടെ ബന്ധുവിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്. കുട്ടി സുരക്ഷിതയാണെന്നും പത്ത് ലക്ഷം രൂപ നല്കിയല് വിട്ടയയ്ക്കാമെന്നും പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്.
പണം നല്‍കാമെന്നും കുട്ടിയെ ഉടന്‍ വിട്ടയയ്ക്കണമെന്നും ബന്ധു ആവശ്യപ്പെടുമ്പോള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിളിക്കാമെന്നാണ് ഫോണ്‍ വിളിച്ച സ്ത്രീ മറുപടി നല്‍കുന്നത്. കുട്ടിയെ വീട്ടിലെത്തിക്കുമെന്നും ഇവര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കുട്ടിക്ക് ആപത്തുണ്ടാകാതിരിക്കണമെങ്കില്‍ പൊലീസിനെ അറിയിക്കരുതെന്നും സ്ത്രീ ശബ്ദം പറയുന്നത്.
ഇപ്പോള്‍ പണം തന്നാല്‍ കുട്ടിയെ വിടാമോ എന്ന് ബന്ധു ചോദിക്കുമ്പോള്‍ ചൊവ്വാഴ്ച 10 മണിക്ക് വിളിക്കാനാണ് ബോസ് പറഞ്ഞതെന്നാണ് സ്ത്രീയുടെ മറുപടി.
അതേസമയം പാരിപ്പളളിയിലും കിഴക്കനേലയിലും രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുകയാണ്. ആളൊഴിഞ്ഞ വീടുകളിലും ഒഴിഞ്ഞ പറമ്പുകളിലും സ്ത്രീകളടക്കം രാത്രിയിലും പരിശോധന നടത്തുകയാണ്. റബര്‍ എസ്റ്റേറ്റുകളിലും വടികളുമായി സ്ത്രീകളും പുരുഷന്മാരും പരിശോധന നടത്തുന്നുണ്ട്.
ഇതിന് പുറമെ കൊല്ലം ജില്ലയില്‍ നിന്ന് പുറത്ത് കടക്കാനുളള വഴികളടച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. വാഹന പരിശോധനയും നടത്തുന്നു.
ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാര്‍ ഏതാനും ദിവസങ്ങളായി കുട്ടിയുടെ വീടിന് സമീപം വന്നു പോകുന്നുണ്ടായിരുന്നുവെന്നാണ് സഹോദരന് നല്കുന്ന വിവരം. ഇക്കാര്യം കുട്ടികള്‍ വീട്ടിലറിയിച്ചെങ്കിലും അത്ര കാര്യമാക്കിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: