ചാരുംമൂട്(ആലപ്പുഴ): കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ കൈക്കൊണ്ട സര്‍വകക്ഷി യോഗത്തിന്റെ തീരുമാനങ്ങള്‍ കാറ്റില്‍പ്പറത്തി നൂറനാട് മറ്റപ്പള്ളിയില്‍ വീണ്ടും മണ്ണെടുപ്പുമായി മണ്ണുമാഫിയ. കുന്നിടിച്ച് മണ്ണെടുക്കാനുള്ള ലോറികളുമായി എത്തിയ സംഘത്തിനു റവന്യു വകുപ്പും, പോലീസും വഴിയൊരുക്കി. വെളുപ്പിനു അഞ്ചിന് സ്ഥലത്തെത്തിയ കരാറുകാരന് നാട്ടുകാര്‍ സംഘടിച്ചെത്തും മുമ്പേ മൂന്നു ലോഡ് മണ്ണ് ഇവിടെ നിന്നും കടത്തി. തുടര്‍ന്ന് ലോഡുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ മൂന്നു ടോറസ് ലോറി മണ്ണ് തടഞ്ഞിട്ടു.
നൂറുക്കണക്കിനു പ്രദേശവാസികള്‍ സ്ഥലത്തെത്തി റോഡ് ഉപരോധിച്ചു. ഈ മാസം 16നു കൃഷിമന്ത്രി പി.പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം അവഗണിച്ചാണ് കരാറുകാരന് മണ്ണെടുപ്പുമായി മുന്നോട്ടു പോയത്. അതേസമയം മണ്ണെടുപ്പിന് ഇതുവരെ സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്നും പോലീസിന്റെയും റവന്യൂ വകുപ്പിന്റെയും പൂര്‍ണ പിന്തുണ തനിക്കുണ്ടെന്നും ഇതുവരെ മണ്ണെടുക്കാതിരുന്നത് മഴ മൂലമായിരുന്നെന്നുമാണ് കരാറുകാരന്റെ പ്രതികരണം.
മണ്ണെടുപ്പ് നിര്‍ത്തിവെച്ചു ജില്ലാ കളക്ടര്‍ ഉത്തരവിട്ടത് നവംബര്‍ 16നാണ്. വിശദമായി പഠിച്ച ശേഷം കളക്ടര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും തുടര്‍ നടപടിയെന്ന നാട്ടുകാരന് കൂടിയായ കൃഷിമന്ത്രി പി. പ്രസാദിന്റെ ഉറപ്പാണ് ലംഘിക്കപ്പെട്ടത്. സ്ഥലം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് കൊടുക്കും മുമ്പേ സര്‍ക്കാര്‍ ഏജന്‍സികളുടെ സംരക്ഷണയോടെ മണ്ണെടുപ്പു നടത്തിയതില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പാണ് വെളിവായത്. പതിവിനു വിപരീതമായി ഇന്നലെ സ്ഥലത്ത് പോലീസിനെ വിന്യാസിപ്പിക്കുവാനോ സംരക്ഷണം ഉറപ്പാക്കുവാനോ കൂടുതല്‍ പോലീസിനെ ഇറക്കിയില്ല. പ്രതിഷേധിക്കുന്നവര്‍ ഒന്നോ രണ്ടോ ദിവസത്തിനു ശേഷം പ്രതിരോധത്തില്‍ നിന്നും പിന്മാറുമെന്നുള്ള കണക്കുകൂട്ടലാണ് സര്‍ക്കാരിനും മണ്ണെടുപ്പ് സംഘത്തിനും ഉള്ളത്.
എന്നാല്‍ മണ്ണെടുപ്പ് ഉപേക്ഷിക്കും വരെ ശക്തമായ പ്രതിരോധത്തില്‍ പാലമേലിലെ മുഴുവന്‍ ജനങ്ങളും സമരരംഗത്തുണ്ടാകുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. രാപ്പകല്‍ സമരവുമായി മുന്നോട്ടു പോകുവാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: