ചെന്നൈ: എല്ടിടിഇ നേതാവ് കൊല്ലപ്പെട്ട വേലുപ്പിള്ള പ്രഭാകരന്റെ മകളുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് അറിയിപ്പ്. വേലുപ്പിള്ളൈ പ്രഭാകരന്റെ മകള് ദ്വാരകയുടെ പ്രസംഗം ലണ്ടനിലും സ്കോട്ട്ലാന്റിലും സംപ്രേഷണം ചെയ്യുമെന്നാണ് അറിയിപ്പ്. അതേ സമയം ഇത് ദ്വാരകയുടേതല്ല, എഐ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത പ്രസംഗമാണെന്ന് ഇന്റലിജന്സ് ഏജന്സി പറയുന്നു.
ഇതോടെ വീണ്ടും എല്ടിടിഇ എന്ന തമിഴ് തീവ്രവാദി സംഘം ഉയിര്ത്തെഴുന്നേല്ക്കുകയാണോ എന്ന സംശയം ഉണരുകയാണ്. ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യുമെന്ന് അറിയിക്കുന്ന പോസ്റ്ററില് ഒരു പുലിയെ പിടിച്ചിരിക്കുന്ന വേലുപ്പിള്ളൈ പ്രഭാകരന്റെ ചിത്രമാണ് നല്കിയിരിക്കുന്നത്. യുകെ തമിഴ് കോര്ഡിനേഷന് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
2009 മെയിലാണ് വേലുപ്പിള്ള പ്രഭാകരന് ശ്രീലങ്കന് സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. അന്ന് അദ്ദേഹത്തിന്റെ 12 വയസ്സായ മകന്റെ ശവശരീരം പ്രഭാകരന്റെ മൃതദേഹത്തിനടുത്ത് കണ്ടെത്തിയതായി അറിയിപ്പുണ്ടായിരുന്നു. പക്ഷെ മകള് ദ്വാരകയുടെ വിവരം ഒന്നും ഇല്ലായിരുന്നു. പ്രഭാകരന് കൊല്ലപ്പെടുന്നതിന് മുന്പ് ലണ്ടനിലേക്ക് ദ്വാരക രക്ഷപ്പെട്ടു എന്നായിരുന്നു അന്ന് വാര്ത്ത പരന്നിരുന്നത്. അതിന് ശേഷം ഇപ്പോഴാണ് ദ്വാരകയുടെ വാര്ത്ത പുറത്തുവരുന്നത്. യൂറോപ്പിലും ശ്രീലങ്കയിലും തമിഴ്നാട്ടിലും ആയി ചിതറിക്കിടക്കുന്ന എല്ടിടിഇ തീവ്രവാദികളെ ഒന്നിപ്പിക്കാനും പണം സമാഹരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ദ്വാരകയെ മുന്നിര്ത്തിയുള്ള ഈ നീക്കമെന്നും പറയപ്പെടുന്നു. മാത്രമല്ല, ശ്രീലങ്കന് സര്ക്കാര് ദുര്ബലമായതോടെ വീണ്ടും പ്രവര്ത്തനം ശക്തിപ്പെടുത്താമെന്നതാണ് എല്ടിടിഇയുടെ കണക്കുകൂട്ടല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: