ഭാരതത്തിന്റെ ഭാവനാത്മകമായ ഏകീഭാവത്തിന് ഏറ്റവുമധികം സംഭാവന നല്കിയ രണ്ടു സാംസ്കാരിക വിപ്ലവങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഒന്നാമത്തേത് ആര്യ ദ്രാവിഡ സംഗമമാണ്. ഇതു വളരെ പ്രാചീനമായ പ്രാഗൈതിഹാസിക കാലത്തു നടന്നതാണ്. രണ്ടാമത്തേത് ഭക്തി പ്രവാഹത്തിന്റെ ആന്ദോളനം കൊണ്ടു ഈ നാടിനുണ്ടായ വൈകാരികമായ ഏകീഭവനമോ മാനസികമായ ഉദ്ഗ്രഥനമോ ആണ്. ഭാരതഭൂമിയില്‍ അധിവസിക്കുന്ന തങ്ങള്‍ ഈ നാടിന്റെ തന്നെ സന്താനങ്ങളാണെന്നും ഒരേ മാനസികതയുടേയും ചിന്താധാരകളുടേയും പ്രതിനിധികളെന്ന നിലയില്‍ ഈ നാടിന്റെ ഭാവിവിധാതാക്കളാണെന്നുമുള്ള ബോധം ദൃഢീഭവിച്ചത് ഭക്തിയുടെ സര്‍വ്വംസ്പര്‍ശിയായ വ്യാപനം മൂലമാണ്. അതുവരെ സംസ്കൃതത്തിന്റെ ഗിരിശൃംഗങ്ങളിലെ ഇടനാഴികളില്‍ തളം കെട്ടി നിന്നി രുന്ന ഭക്തിഭാഗീരഥി സാര്‍വ്വജനീനമായ ജീവിതത്തിന്റെ സമതല ഭൂവിലേക്ക് അമൃതധാരയായി ഒഴുകിയിറങ്ങി സാധാരണ മനുഷ്യരുടെ മനസ്സുകള്‍ക്ക് കുളിരും ഉര്‍വ്വരതയും പ്രദാനം ചെയ്തും അവരുടെ ആദ്ധ്യാത്മിക സാധനകള്‍ക്കു ലക്ഷ്യവും ഭാവനകള്‍ക്ക് ചിറകുകളും നല്കിയതുമായ ഐതിഹാസിക സംഭവമാണ് ഭക്തി പ്രസ്ഥാനം. അത് അരൂപമെങ്കിലും സംവേദനക്ഷമവും ഭാരതീയ സമൂഹത്തിലാകമാനം ഉണര്‍വും ഉന്മേഷവും നല്കിയതുമായിരുന്നു.
ജനഭാഷകളുടെ താഴ്വാരങ്ങളിലേക്കുണ്ടായ ഭക്തിയുടെ പ്രവാഹാം, പാണ്ഡിത്യവും ജാതിഭാവനയും അവിടവിടെ നിര്‍മ്മിച്ചുവച്ചിരുന്ന വേലിക്കെട്ടുകളും അജ്ഞതയുടേയും അശിക്ഷയുടേയും പാഴ്വരമ്പുകളും തട്ടിമാറ്റി ചിന്താധാരകളെ സമാനീകരിച്ചുകൊണ്ട് എല്ലായിടത്തും കരകവിഞ്ഞു പൊങ്ങിപ്പരന്നതും ഈ ഘട്ടത്തിലാണ്. ഭക്തിയുടെ അമൃതവാഹിനി ഒരു പുളകസ്പര്ശമായി ഭഗവാന്റെ നിര്‍ഗ്ഗുണാത്മകവും സഗുണാത്മകവുമായ എല്ലാ മാനവീയ സംവേദനകളയും തൊട്ടുണര്‍ത്തി രമണീയമായ കാവ്യാനുഭൂതികള്ക്കു രംഗമൊരുക്കിയതും ഈ വേളയിലാണ്. അങ്ങു കിഴക്ക് ജയദേവനും ചണ്ഡീദാസനും വിദ്യാപതിയും പടിഞ്ഞാറ് ജ്ഞാനദേവനും നാമദേവനും വടക്ക് ഗുരുനാനാക്ക് ദേവനും കബീര്‍ദാസും തെക്ക് പമ്പനും കമ്പരും ലീലാശുകനും ചെറുശ്ശേരിയും എഴുത്തച്ഛനും മദ്ധ്യഭാഗമായ ഭാരതത്തിന്റെ ഹൃദയപ്രദേശത്ത് സൂരദാസും തുള സീദാസും മറ്റനേകം രസസിദ്ധകവീശ്വരന്മാരും ഏതാണ്ട് സമാനങ്ങളായ പരിതോവസ്ഥകളില്‍ ഉദയം ചെയ്ത് തങ്ങളുടെ നിര്‍വൃതിദായകമായ സ്വരരാഗസുധയില്‍ ആറാടിച്ച് ഭാരതത്തിന്റെ ജനജീവിതമാകെ സരസവും മധുരവുമാക്കിയ ഭക്തിപ്രസ്ഥാനത്തിന്റെ വികാസത്തിനു പശ്ചാത്തലമൊരുക്കിയ ചിന്താധാരകളെയും അവയ്ക്കു കാരണഭൂതരായ വ്യക്തികളെയും പറ്റി വളരെ ചുരുക്കി ചിലത് പ്രസ്താവിച്ചുകൊള്ളട്ടെ.
സുദൂര ദക്ഷിണ ദേശത്തു ആവിര്‍ഭവിച്ച ആചാര്യപ്രവരന്മാര് തങ്ങളുടെ വൈചാരികവും ദാര്‍ശനികമായ അധൃഷ്യത കൊണ്ട് ഉത്തരാപഥത്തിലെ ഏതോ ജനപദങ്ങളില്‍ ചരിത്രാതീത കാലത്ത് പ്രാദുദ്ഭവിച്ച അവതാര പുരുഷന്മാരായ രാമകൃഷ്ണന്മാര്ക്കും മഹര്ഷീശ്വരന്മാര്ക്കും ചിര പ്രതിഷ്ഠയേകിയിരുന്നു. എന്നാല്‍ അവരെ നാടിനു മുഴുവന്‍ ശ്രേയസ്സു വര്ഷിക്കുന്നവരും പ്രിയങ്കരന്മാരുമാക്കിത്തീര്ത്തത് ആഴ്വാരന്മാരുടെ തെക്കു നിന്ന് വടക്കോട്ടും അവിടന്ന് ഭാരതം മുഴുവനും വ്യാപിച്ച സഗുണഭക്തിയുടെ പ്രവാഹവും അതിന്റെ പ്രചാരവും ആയിരുന്നു. അതിനു മുന്‍പു തന്നെ നിര്‍ഗ്ഗുണഭക്തിയും അതിന്റെ ചിന്താധാരകളും ഉത്തരഭാരതത്തില്‍ എത്തിച്ചേര്ന്നിരുന്നതിനെപ്പറ്റി പ്രസ്താവിച്ചുകഴി ഞ്ഞിട്ടുണ്ടല്ലോ. ആഴ്വാരന്മാരുടേത് സഗുണമായ രാമഭക്തിയും കൃഷ്ണഭക്തിയും ആയിരുന്നു. അവയുടെ ഹൃദയംഗമത്വം മൂലം അവ പെട്ടെന്ന് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ചു. അവ പ്രാരംഭത്തില്‍ തെക്കേ ഇന്ത്യ മുഴുവന്‍ വ്യാപിച്ചതിനുശേഷം 15 ഉം 16ഉം നൂറ്റാണ്ടുകളില്‍ ആദ്യം മഥുരയിലും ലോകത്തിലെ ആദ്യതീര്ത്ഥ നഗരമായ കാശിയിലും അവിടെ നിന്നു വടക്കേ ഇന്ത്യ മുഴുവനും വ്യാപിക്കുകയുണ്ടായി. അതിനു ഹേതുഭൂതരായ മഹാത്മാക്കള്‍ തെക്കേ ഇന്ത്യയില്‍ ജനിച്ച ആചാര്യന്മാരായിരുന്നു എന്നു പറഞ്ഞുവല്ലോ ഇവരെല്ലാം മഹാപണ്ഡിതന്മാരായ ദാര്ശനികന്മാരായിരുന്നു. ഇവരുടെയെല്ലാം ദാര്‍ശനിക സിദ്ധാന്തങ്ങള്‍ ഹിന്ദുധര്‍മ്മത്തിന്റെ വികാസത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഇവരെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ശങ്കരാചാര്യരില്‍ നിന്നു തന്നെ തുടങ്ങേണ്ടിയിരിക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: