കൊച്ചി: കുസാറ്റിൽ ശനിയാഴ്ച ഉണ്ടായ ദുരന്തത്തിൽ ദുരൂഹതയേറ്റി സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ പ്രിൻസിപ്പലിന്റെ കത്ത്. പരിപാടിക്ക് പോലീസ് സുരക്ഷ ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്തു വന്നത്. നവംബർ 26ന് കത്ത് ലഭിച്ചിട്ടും രജിസ്ട്രാർ പോലീസിന് കൈമാറിയില്ല എന്നാണ് ആരോപണം. കത്ത് പോലീസിനെ ഏല്പിക്കാത്തതിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുസാറ്റ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ആൻസൺ പി. ആൻ്റണി ആരോപിച്ചു.
പ്രോഗ്രാം നടക്കുന്ന തീയതിയും സമയവും ഉൾപ്പടെ വ്യക്തമാക്കിയാണ് കത്ത് നൽകിയിരിക്കുന്നത്. അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പോലീസ് സുരക്ഷ നിര്‍ബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.
ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് പുറത്ത് നിന്നുള്ളവരും വരാൻ സാധ്യതയുണ്ട്. പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ആവശ്യത്തിനു പൊലീസിനെ ഉറപ്പാക്കേണ്ടത്. പ്രിൻസിപ്പൾ നൽകിയ ഈ കത്തിൻമേൽ സർവകലാശാല റജിസ്ട്രാർ വേണ്ട നടപടി സ്വീകരിച്ചില്ല എന്നും പോലീസിനെ അറിയിച്ചില്ല എന്നുമാണ് ആരോപണം.
ഇതിനിടെ, അപകടം അന്വേഷിക്കുന്ന മൂന്നംഗ സമിതി കൊച്ചിയിൽ യോഗം ചേർന്നു. ഇതിനിടെ, കുസാറ്റ് വിസിയെ അടിയന്തരമായി നീക്കം ചെയ്യണമെന്നും, നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മറ്റി ഗവർണർക്ക് കത്ത് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: