തിരുവനന്തപുരം: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്ലിന്റെ അഞ്ചാം പതിപ്പ് ‘ജിഎഎഫ് 2023’ ഡിസംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ കേന്ദ്രമന്ത്രി വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി പര്‍ഷോത്തം രൂപാല പങ്കെടുക്കും. ദേശീയ ആരോഗ്യ മേള കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യും.
ഡിസംബര്‍ രണ്ടിന് ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ കോണ്‍ക്ലേവ് ശ്രീലങ്കയിലെ തദ്ദേശീയവൈദ്യ വകുപ്പ് സഹമന്ത്രി ശിശിര ജയകോടി ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ മൂന്നിന് മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിങ് രൂപണ്‍ ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യും.
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനുമായി സഹകരിച്ച് നടത്തുന്ന എന്‍സിഐഎസ്എം വിദ്യാര്‍ത്ഥികളുടെ ആശയവിനിമയ പരിപാടി കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് സഹമന്ത്രി ഡോ. മുഞ്ചപ്പാറ മാഹേന്ദ്രഭായി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര എംഎസ്എംഇ വകുപ്പ് മന്ത്രി നാരായണ്‍ ടാറ്റു റാണെ, സംസ്ഥാന ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ശശി തരൂര്‍, എംപി, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഡിസംബര്‍ അഞ്ചിന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സമാപിക്കും. സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ജിഎഎഫിന്റെ മുഖ്യ രക്ഷാധികാരി. എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍, മുതിര്‍ന്ന സര്‍ക്കാര്‍തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഫെസ്റ്റിന്റെ ഭാഗമാകും.
ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍ വേദവും എന്നതാണ് ജിഎഎഫിന്റെ പ്രമേയം. ആധുനിക കാലത്തെ ആരോഗ്യ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സമ്മേളനം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: