ഹൂസ്റ്റണ്‍: അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിവക് രാമസ്വാമി. ഭഗവാന്‍ നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യം തരികയും നമ്മിലൂടെ തന്റെ നിശ്ചയത്തെ സാക്ഷാത്കരിക്കുയും ചെയ്യുന്നു. നാം നമ്മുടെ കര്‍ത്തവ്യം ചെയ്യുന്നു; ഭഗവാന്‍ തന്റെ ഭൂമികയും നിറവേറ്റുന്നു. കുടുംബം ജീവിതത്തിന്റെ അടിത്തറയാണ്. മാതാപിതാക്കള്‍ വന്ദ്യരാണ്. വൈവാവിക ബന്ധം പവിത്രമാണ്. എന്നതൊക്കെയാണ് വീട്ടില്‍നിന്ന് പഠിച്ചു വളര്‍ന്ന മൂല്യങ്ങള്‍. അതു തന്നെയാണ് അമേരിക്കയുടെ പരമ്പരാഗതമായ സ്ഥാപിത മൂല്യങ്ങള്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരൊറ്റ തലമുറയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുവാനും കയറ്റങ്ങള്‍ കയറുവാനും അമേരിക്കയില്‍ ഭാരത സമൂഹത്തിന് സാധിച്ചിരിക്കുന്നു. അമേരിക്കയുടെ രണ്ടാം രാഷ്‌ട്രപതി ജോണ്‍ ആഡംസ് പിന്നീട് സംസ്‌കൃതത്തിന്റെയും ഹൈന്ദവ സംസ്‌കാരത്തിന്റെയും പണ്ഡിതനായി എന്ന വസ്തുത ഇന്ന് പല അമേരിക്കക്കാരെയും അതിശയിപ്പിക്കുന്നെങ്കിലും അതില്‍ അതിശക്കാന്‍ ഒന്നുമില്ല. കാരണം ഈ രാജ്യത്തിന്റെ സ്ഥാപിത പാമ്പര്യം ആ ഭാരതീയ സംസ്‌കാരത്തിന്റേതുതന്നെയാണ്. നമ്മുടെ നഷ്ടപ്പെട്ട ആത്മീയതയെ വീണ്ടെടുക്കാനുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ സാമാന്യമൂല്യങ്ങള്‍ വീണ്ടെടുത്ത് വരുന്ന തലമുറയ്‌ക്ക് പങ്കുവയ്‌ക്കുക എന്നത് നമ്മുടെ കടമയും കൂടിയാണ് – വിവേക് രാമസ്വാമി പറഞ്ഞു.
മലയാളത്തില്‍ എല്ലാവര്‍ക്കും നമസ്‌തേ എന്നുപറഞ്ഞുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
അടുത്ത തലമുറയോടാണ് പറയാനുള്ളത്. ഒരൊറ്റ തലമുറയില്‍ വലിയ നേട്ടങ്ങൾ കൈവരിക്കുവാനും കയറ്റങ്ങൾ കയറുവാനും അമേരിക്കയില്‍ ഭാരത സമൂഹത്തിന് സാധിച്ചിരിക്കുന്നു. അമേരിക്കയുടെ സ്ഥാപിത മൂല്യങ്ങള്‍ ഞങ്ങളെ മാതാപിതാക്കള്‍ പഠിപ്പിച്ച ഹൈന്ദവ മൂല്യങ്ങളോട് സാദൃശ്യമുള്ളവയാണ്: ഭഗവാന്‍ നമ്മുടെ ജീവിതത്തിന് ഒരു ലക്ഷ്യം തരികയും നമ്മിലൂടെ തന്റെ നിശ്ചയത്തെ സാക്ഷാത്കരിക്കുയും ചെയ്യുന്നു. നാം നമ്മുടെ കര്‍ത്തവ്യം ചെയ്യുന്നു; ഭഗവാന്‍ തന്റെ ഭൂമികയും നിറവേറ്റുന്നു. കുടുംബം ജീവിതത്തിന്റെ അടിത്തറയാണ്. മാതാപിതാക്കള്‍ വന്ദ്യരാണ്. വൈവാവിക ബന്ധം പവിത്രമാണ്. ഞങ്ങള്‍ പഠിച്ചു വളര്‍ന്ന ഈ മൂല്യങ്ങള്‍ തന്നെയാണ് അമേരിക്കയുടെ പരമ്പരാഗതമായ സ്ഥാപിത മൂല്യങ്ങള്‍.
ഞാനും എന്റെ സഹോദരന്‍ ശങ്കറും എട്ടാം ക്ലാസു വരെ പബ്ലിക്(ഗവ:) സ്‌കൂളുകളിലാണ് പഠിച്ചത്. ആ അനുഭവത്തിന് ഞാന്‍ കൃതാര്‍ത്ഥനാണ്. എന്റെകൂടെ പഠിച്ച പലരും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ തോറ്റുപോയി പുറകിലോട്ടായിപ്പോയിരുന്നു. അന്നു മനസ്സിലാക്കിയത് ഞങ്ങള്‍ക്കു കിട്ടിയ ‘അച്ഛനും അമ്മയും രണ്ടുപേരും വീട്ടിലുണ്ടാവുക, വിദ്യാഭ്യാസത്തില്‍ ശ്രദ്ധ, കുടുംബത്തിലും ഈശ്വരനിലും വിശ്വാസം’ എന്നീ അടിത്തറ അവര്‍ക്ക് ലഭിച്ചിട്ടില്ലായിരുന്നു എന്നാണ്. ഓരോ കുഞ്ഞിനും ആ അടിത്തറ ഉണ്ടാവേണ്ടതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ഇന്നത് അവര്‍ക്കു കിട്ടുന്നില്ല. ഞാനും എന്റെ സഹോദരന്‍ ശങ്കറിനെയും ഈ നാട്ടില്‍ കുടിയേറിയവരുടെയും മക്കള്‍ക്ക് ഈ മൂല്യങ്ങള്‍ ലഭിക്കുവാനുള്ള സൗഭാഗ്യം ഉണ്ടായിട്ടുണ്ട്. ആ സുകൃതമാണ് ഈ രാജ്യത്തെ നയിക്കുവാനും ആ മൂല്യങ്ങളുടെ അസ്ഥിവാരം എല്ലാ മതസ്ഥരായ കുട്ടികള്‍ക്കും ലഭ്യമാക്കുവാനുമുള്ള കര്‍ത്തവ്യ ബോധം എനിക്ക് നല്കുന്നത്. ആ കുട്ടികളെല്ലാം അമേരിക്കന്‍ സ്വപ്നത്തെ പിന്‍തുടരാനുള്ള എനിക്കു കിട്ടിയ അതേ അവസരം അര്‍ഹിക്കുന്നു.
ഞാന്‍ കത്തോലിക്ക ഹൈസ്‌കൂളിലാണ് പഠിച്ചത്. വീട്ടില്‍ ഞങ്ങള്‍ പഠിച്ച അതേ മൂല്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതിനാല്‍ അവിടുത്തെ ഏക ഹിന്ദു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ആ അനുഭവം ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു.
യുവാക്കളോട് പറയാനുള്ളത് എന്തെന്നാല്‍ നിങ്ങള്‍ ഒരനന്യനാണെങ്കില്‍ അത് സ്വീകരിക്കുക അത് അമേരിക്കന്‍ പാരമ്പര്യത്തിന്റെയും എന്റെ മാതാപിതാക്കള്‍ പഠിപ്പിച്ച മൂല്യങ്ങളുടെയും ഭാഗമാണ്. ഒറ്റയാനാകുന്നതില്‍ സന്തുഷ്ടരാവുക. ആ പരിശീലനമാണ് എന്നെ വ്യവസായത്തിന്റെ മേഖലയിലെ നേതൃത്വം വഹിക്കാന്‍ പ്രാപ്തനാക്കിയത്.
ഫാര്‍മസി രംഗത്തെ അങ്ങനെയുള്ള എന്റെ സമീപനത്തിന്റെ ഫലമായി ഇന്ന് കുട്ടികളുടെ ജിവന്‍ രക്ഷിക്കുന്ന മരുന്നുകളിലേയ്‌ക്ക് നയിച്ചു. പ്രതിവര്‍ഷം 20 കുഞ്ഞുങ്ങളോളം ജീവന് ഭീഷണിയായ ജനറ്റിക് രോഗത്തോടെ ജനിക്കുന്നു. ഇന്ന് അതിലെ ഭൂരിഭാഗം കുട്ടികളും സാമാന്യമായ പ്രായംവരെ ജീവിച്ചുവരുന്നു.
ഭഗവാന്റെ പണിയായുധമായി നാം പലപ്പോഴും പാത്രീഭവിക്കുമ്പോള്‍ നവീനമായ ചിന്താഗതികള്‍ സ്വീകരിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. ഇതാണ് ഭഗവദ്ഗീതയുടെയും സന്ദേശം: കര്‍മ്മം ചെയ്യുക അത് എളുപ്പമല്ലെങ്കിലും. ആ പാഠങ്ങളാണ് ഇന്നെന്നെ വ്യവസായ ജീവിതത്തിനുമപ്പുറം ഈ രാജ്യത്തെ നയിക്കുവാനും പുനഃസംയോജിപ്പിക്കുകുവാനുള്ള അവസരം തേടാന്‍ പ്രേരിപ്പിക്കുന്നത്.
ഞാന്‍ പലപ്പോഴും ‘America First conservative’ എന്നു സ്വയം വിശേഷിപ്പിക്കാറുണ്ട്. അമേരിക്കയെ മുന്‍ നിര്‍ത്താന്‍ അമേരിക്കയുടെ സ്വത്വം വീണ്ടെടുക്കുക എന്നത് അനിവാര്യമാണ്.
അമേരിക്കന്‍ മൂല്യങ്ങള്‍ എന്താണ്? നിങ്ങള്‍ ആരായാലും, നിങ്ങളുടെ ഉറവിടങ്ങള്‍ എന്തായാലും, നിറം ഏതായാലും, സ്വന്തം പ്രയത്‌നത്താലും, പ്രതിജ്ഞാബദ്ധതയാലും, സമര്‍പ്പണത്തിനാലും മുന്നോട്ടു പോകാന്‍ കഴിവുണ്ടാവുക എന്നതാണ്. അതുപോലെ മനസ്സുതുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യവും യോഗ്യത (merit) കൊണ്ടുമാത്രം മുന്നേറുക എന്നതുമാണ്.
ഭാരതത്തിൽ നിന്നു പലരും കുടിയേറിയതിനു പിന്നില്‍ സംവരണം പോലുള്ള യോഗ്യതയ്‌ക്കുമീതെയുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചിതരാകുവാനും കൂടെയാണ്. പകരം അമേരിക്ക പോലുള്ള രാജ്യത്തില്‍ സ്വന്തം കഴിവിന്റെ ഫലത്തില്‍ മുന്നേറാനുള്ള സാഹചര്യം അവര്‍ക്ക് ലഭിക്കുമെന്ന വിശ്വാസവും അതിന്റെ പിന്നിലുണ്ട്.
എന്താണ് യോഗ്യത? നാം ആ വാക്ക് പലപ്പോഴും പ്രയോഗിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കാറില്ല. നമ്മുടെ പാരമ്പര്യത്തില്‍ അതിനെപ്പറ്റിയുള്ള സൂചനകള്‍ ഏറെയുണ്ട്. യോഗ്യത എന്നുപറഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും ഒരേ കഴിവുകള്‍ ഉണ്ടെന്നല്ല. അങ്ങനെയല്ല എന്നതാണ് യഥാര്‍ത്ഥമായ വൈവിധ്യം. നമുക്കോരോര്‍ക്കും ഈശ്വരന്‍ വിവിധങ്ങളായ അദ്വിതീയങ്ങളായ കഴിവുകള്‍ പ്രദാനം ചെയ്തിട്ടുണ്ട്. നമ്മുടെ ജീവിത ലക്ഷ്യവും വെല്ലുവിളിയും അവസരവും അതെന്തൊക്കെയാണ് എന്നു കണ്ടുപിടിക്കുക എന്നതാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകണ്ടുപിടിച്ചു കഴിഞ്ഞാല്‍ ഒരു യഥാര്‍ത്ഥ യോഗ്യതാധിപത്യ സമൂഹത്തിന്റെ (meritocratic socitey) ലക്ഷണം നമ്മുടെ അന്തര്‍ലീനമായ ശക്തിയുടെ പരമമായ സാധൂകരണം തൊലിനിറത്തിന്റെയോ വിശ്വാസത്തിന്റെയോ മതത്തിന്റെയോ രാഷ്‌ട്രീയത്തിന്റെയോ പേരില്‍ ഉപാധികളിലില്ലാതെ സാദ്ധ്യമാക്കുക എന്നതാണ്. അതുതന്നെയാണ് നമുക്ക് ഇന്ന് പുനരുത്ഥാനം ചെയ്യേണ്ടത്. സമകാലിക സംസ്‌കാരത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നതും ഇതാണ്. എന്നാല്‍ ഈ നഷ്ടം ശാശ്വതമാവേണ്ടതില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
റോമ സാമ്രാജ്യത്തിന്റെ ഉയര്‍ച്ചയേയും താഴ്ചയേയും കുറിച്ച് ഞാന്‍ എഴുതിയ പുസ്തകത്തിന്റെ ഗവേഷണത്തില്‍ ഞാന്‍ മനസ്സിലാക്കിയത് ആ പ്രതിഭാസം പല ആവര്‍ത്തികള്‍ സംഭവിച്ചിരുന്നു എന്നതാണ്. ഇന്ന് കേള്‍ക്കുന്നത് അമേരിക്കന്‍ രാഷ്‌ട്രത്തിന്റെ പതനത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നാണ്. പക്ഷെ ഈ പതനവും നിരന്തമാവണം എന്നു ഞാന്‍ കരുതുന്നില്ല. ഇതിനു മുമ്പും പലതവണ ഉയര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഭാവിയിലും പല ഉയര്‍ച്ചകളും താഴ്ചകളും ഇനിയും ഉണ്ടാവും. പൊള്ളയായ ശുഭാപ്തി വിശ്വാസത്തില്‍ നിലകൊള്ളുന്നില്ലെങ്കിലും, യോഗ്യതയില്‍ അധിഷ്ടിതമായ ഒരു സമൂഹത്തെ വീണ്ടെടുക്കാന്‍ നമുക്ക് സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായി ഞാന്‍ നില്ക്കുന്നത്. നാമിപ്പോള്‍ വ്യക്തിത്വം നഷ്ടപ്പെടലിന്റെയോ ആത്മീയ സമസ്യയിലൂടെയോ തന്നെയാണ് കടന്നുപോകുന്നത്. നാം ആശയക്കുഴപ്പത്തിലാണ്, അര്‍ത്ഥബോധം നഷ്ടപ്പെട്ടതിന്റെ സമസ്യയിലാണ്.
പക്ഷെ അങ്ങനെതന്നെയാവണമെന്നില്ല. അമ്മയും അച്ഛനും ഞങ്ങളെ പഠിപ്പിച്ച പോലെ ഞാന്‍ പഠിച്ച മൂല്യങ്ങളുടെ വിജയത്തിനുവേണ്ടി എന്റെ കര്‍ത്തവ്യം ഞാന്‍ നിറവേറ്റും, ശേഷം ഭഗവദ് കരങ്ങളിലാണ്. എന്റെ മുദ്രാവാക്യം ‘Speak the Truth’ എന്നതാണ്: അച്ഛനെന്നെ പഠിപ്പിച്ചത് ‘സത്യം വദ, ധര്‍മ്മം ചര’ എന്നാണ്. ഞാന്‍ അതില്‍ ഉറച്ചുനില്ക്കുകയും ഈ രാജ്യത്തിന്റെ മൂല്യങ്ങളും അതുതന്നെയാണെന്നും കരുതുന്നു. അതുകൊണ്ട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നത് അതുതന്നെയാണ്: പരസ്പരം മര്യാദയോടെ, ധൈര്യമായി, സങ്കോചമന്യേ മനഃസാക്ഷിയില്‍ തൊട്ട് നിലപാട് വ്യക്തമാക്കുക. മറ്റു പൗരന്മാരോട് മര്യാദ പുലര്‍ത്തുക എന്നത് സത്യസന്ധമായി അഭിപ്രായങ്ങള്‍ അവരോട് പങ്കുവയ്‌ക്കുക എന്നതും കൂടിയാണ്.
മാദ്ധ്യമങ്ങള്‍ നമ്മെ വൃഥാ തമ്മില്‍ തല്ലിക്കാനായി പ്രചരിപ്പിക്കുന്ന വര്‍ഗ്ഗീയമായതും രാഷ്‌ട്രീയമായ വകഭേദങ്ങള്‍ക്കപ്പുറം നമ്മെ വൈവിധ്യത്തില്‍ ഒരുമിപ്പിക്കുന്ന മൂല്യങ്ങളെ തേടുക എന്നതാണ് മറ്റുള്ളവരില്‍ നിന്നും എന്റെ വ്യത്യസ്തമായ സന്ദേശം.
നമ്മുടെ വൈവിധ്യങ്ങളെ കൊണ്ടാടുന്ന തിടുക്കത്തില്‍ അമേരിക്കകാരെന്ന നിലയിലും മനുഷ്യരെന്ന നിലയിലുമുള്ള നമ്മുടെ സാമാന്യതകളെ നാം മറന്നുപോയിരിക്കുന്നു.
സാങ്കേതിക ഉപകരണങ്ങളുടെ നിര്‍ദ്ദേശം സ്വീകരിക്കുന്ന പല തൊലിനിറങ്ങളുള്ള ദ്വിപദങ്ങളായ സസ്തിനകള്‍ എന്നതില്‍ കവിഞ്ഞ് നമ്മെ ഒരുമിപ്പിക്കുന്നത് പലതുമുണ്ട്. ജീവിതത്തിന് ആഴമുള്ള അര്‍ത്ഥമുണ്ട്.
നമ്മുടെ നഷ്ടപ്പെട്ട ആത്മീയതയെ വീണ്ടെടുക്കാനുള്ള കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ആ സാമാന്യമൂല്യങ്ങള്‍ വീണ്ടെടുത്ത് വരുന്ന തലമുറയ്‌ക്ക് പങ്കുവയ്‌ക്കുക എന്നത് നമ്മുടെ കടമയും കൂടിയാണ്. E Pluribus Unum (പലതില്‍ നിന്ന് ഒന്ന്) എന്ന നമ്മുടെ രാഷ്ട്ത്തിന്റെ പ്രമാണസൂക്തം ഞാന്‍ വളര്‍ന്ന പാരമ്പര്യത്തിന്റെയും ഭാഗമാണ്.
അമേരിക്കയുടെ രണ്ടാം രാഷ്‌ട്രപതി തന്റെ പില്‍കാലങ്ങളില്‍ സംസ്‌കൃതത്തിന്റെയും ഹൈന്ദവ സംസ്‌കാരത്തിന്റെയും പണ്ഡിതനായി എന്ന വസ്തുത ഇന്ന് പല അമേരിക്കക്കാരെയും അതിശയിപ്പിക്കുന്നെങ്കിലും അതില്‍ അതിശക്കാന്‍ ഒന്നുമില്ല. കാരണം ഈ രാജ്യത്തിന്റെ സ്ഥാപിത പാമ്പര്യം ആ ഭാരതീയ സംസ്‌കാരത്തിന്റേതു തന്നെയാണ്.
ഇന്നു നമ്മള്‍ അപൂര്‍ണ്ണത്വത്താല്‍ ബാധിതമായ ഒരു രാഷ്‌ട്രമാണെന്ന് തോന്നിയേക്കാം. അതില്‍ അല്പം വസ്തുതയുണ്ടെങ്കിലും നമ്മുടെ സ്ഥാപിത ലക്ഷ്യം ‘the pursuit of an ever more perfect union’ എന്നതും ‘the pursuit of libetry, equaltiy and justice for all’ എന്നതുമാണ്.
നമ്മുടെ വൈകല്യങ്ങള്‍ എന്തൊക്കെയായാലും അമേരിക്കയില്‍ പ്രയത്‌നവും പ്രതിജ്ഞാബദ്ധതയും ആത്മാര്‍പ്പണവും കൊണ്ട് വിജയിക്കാന്‍ പറ്റുന്ന ഒരു സമൂഹമാണ് എന്ന് നമ്മുടെ വരുംതലമുറകളെ പഠിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങളോട് സംസാരിക്കാന്‍ ലഭിച്ച ഈ അവസരത്തിന് കൃതാര്‍ത്ഥതയും ധന്യതയും രേഖപ്പെടുത്തിക്കൊള്ളുന്നു.
നന്ദി, നമസ്‌കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: