ദുബായ് : യുഎഇ നാഷണൽ ഡേയോടനുബന്ധിച്ച് രാജ്യത്ത് സംഘടിപ്പിക്കുന്നത് വിവിധതരം പരിപാടികൾ . ഡിസംബർ 5 മുതൽ 12 വരെ എക്സ്പോ സിറ്റി ദുബായിലെ ജൂബിലീ പാർക്കിൽ വെച്ചാണ് യുഎഇയുടെ അമ്പത്തിരണ്ടാമത് നാഷണൽ ഡേയുടെ ഭാഗമായി നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.
ആഘോഷ പരിപാടികളിൽ പങ്കു ചേരാനായി ടിക്കറ്റ് വില്പന ആരംഭിച്ചതായി സംഘാടക കമ്മിറ്റി അറിയിച്ചു. യുഎഇ നാഷണൽ ഡേ ഓർഗനൈസിങ്ങ് കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. https://uaenationalday.ae/ എന്ന വിലാസത്തിൽ നിന്ന് ഈ ടിക്കറ്റുകൾ ലഭ്യമാണ്. ഡിസംബർ 2-ന് നടക്കുന്ന ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ എല്ലാ പ്രാദേശിക ടി വി ചാനലുകളിലും, ഔദ്യോഗിക വെബ്സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
യുഎഇ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, കൂട്ടായ പ്രവർത്തനം, സുസ്ഥിരതയിലൂന്നിയുള്ള രാജ്യത്തിന്റെ ഇതുവരെയുള്ള പ്രയാണം എന്നിവ എടുത്ത് കാട്ടുന്ന രീതിയിലായിരിക്കും ഈ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങ് സംഘടിപ്പിക്കുന്നത്. COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടി, സുസ്ഥിരതാ വർഷം എന്നിവ നടക്കുന്ന പശ്ചാത്തലത്തിലാണ് യു എഇ ഇത്തവണ ദേശീയ ദിനം ആഘോഷിക്കുന്നത്. ഈ സാഹചര്യത്തിൽ നാഷണൽ ഡേ ഔദ്യോഗിക ചടങ്ങിൽ സുസ്ഥിരത പ്രമേയമായുള്ള നൂതന സാങ്കേതികവിദ്യകൾ, ഭാവി പദ്ധതികൾ എന്നിവ ഉൾപ്പെടുത്തുന്നതാണ്.
ഇതിന്റെ പ്രതീകം എന്ന രീതിയിൽ ഈ ചടങ്ങിൽ പരമ്പരാഗത നെയ്‌ത്ത് വിദ്യയിലൂടെ ഒത്തൊരുമ, സുസ്ഥിരത തുടങ്ങിയ ചരടുകളെ യു എഇയുടെ അതിഗംഭീരമായ പൈതൃകവുമായി ബന്ധിപ്പിക്കുന്ന തരത്തിൽ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി ഉൾപ്പെടുത്തുന്നതാണ്. എമിറാത്തി സംസ്‌കാരം, പാരമ്പര്യം തുടങ്ങിയവയെ അവതരിപ്പിക്കുന്ന ഈ പരിപാടി രാജ്യത്തിന്റെ പൂർവികരുടെ പൈതൃകം, പരമ്പരാഗത ആശയങ്ങളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സമന്വയം എന്നിവ എടുത്ത് കാട്ടുമെന്ന് സംഘാടക സമിതി അറിയിച്ചു.
ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ദിവസങ്ങൾ യുഎഇ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജീവനക്കാർക്കും സർക്കാർ ഏജൻസികൾക്കും സ്വകാര്യ മേഖലയ്‌ക്കും നീണ്ട അവധിയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 2 മുതൽ 4 വരെ (ശനി മുതൽ തിങ്കൾ വരെ) മൂന്നു ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. വാരാന്ത്യ അവധി ഉൾപ്പടെയാണ് അവധി ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: