തിരുവനന്തപുരം: നവംബര്‍ 26ന് ഭരണഘടനാ ദിനാചരണം എന്ന ആശയം മുന്നോട്ടുവച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മന്‍ കി ബാത്ത് ക്വിസ് രണ്ടാം ഘട്ടത്തിലെ ജില്ലതല മത്സരങ്ങള്‍ തിരുവനന്തപുരം പട്ടം പിഎംശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1949 നവംബര്‍ 26 നാണ് ഭരണഘടനാ നിര്‍മാണ സഭ നമ്മുടെ ഭരണഘടന അംഗീകരിച്ചത്. ആനുകാലിക സാഹചര്യങ്ങളില്‍ ദേശീയോദ്ഗ്രഥനം സാധ്യമാക്കുന്ന പരിപാടിയാണ് മന്‍ കി ബാത്തെന്നും വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയം നാം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നും വി. മുരളീധരന്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖം പ്രതിജ്ഞ രൂപത്തില്‍ കേന്ദ്രമന്ത്രി ചൊല്ലിക്കൊടുത്തു. വേദിയില്‍ പ്രദര്‍ശിപ്പിച്ച മന്‍ കി ബാത്തിന്റെ 107-ാം പതിപ്പ് അദ്ദേഹം വീക്ഷിച്ചു.
സിബിഎസ്‌സി റീജണല്‍ ഡയറക്ടര്‍ മഹേഷ് ഡി.ധര്‍മ്മാധികാരി അദ്ധ്യക്ഷനായി. തദ്ദേശ സ്വയംഭരണ സെക്രട്ടറി എം.ജി.രാജമാണിക്യം മുഖ്യ പ്രഭാഷണം നടത്തി. പട്ടം പിഎം ശ്രീകേന്ദ്രീയ വിദ്യാലയ വൈസ് പ്രിന്‍സിപ്പാള്‍ അമിത്ഗുപ്ത, കേന്ദ്ര സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍, എം.അനില്‍കുമാര്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ.പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ യുവജന കാര്യ സ്‌പോര്‍ട്ട്‌സ് മന്ത്രാലയവും നെഹ്‌റു യുവകേന്ദ്ര കേരള സോണും തിരുവനന്തപുരം ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷനും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മന്‍ കി ബാത്ത് ജില്ലാതല മത്സര വിജയികള്‍ക്ക് 2024 ല്‍ ന്യൂദല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയില്‍ പങ്കെടുക്കാനും രാഷ്‌ട്ര നേതാക്കളെ നേരില്‍ കാണാനും പാര്‍ലമെന്റ് മന്ദിരമടക്കം ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: