ബാങ്കോക്ക്: സമൂഹത്തിനാകെ നന്മയും ശ്രേയസും പ്രദാനം ചെയ്യുന്ന തത്വങ്ങളും ആദര്‍ശങ്ങളുമാണ് ഹിന്ദുധര്‍മം ലോകത്തിന് കാഴ്ചവെക്കുന്നതെന്ന് ബാങ്കോക്കില്‍ ലോക ഹിന്ദു കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ മാതാ അമൃതാനന്ദമയീ ദേവി പറഞ്ഞു. എല്ലാവരിലും നന്മ മാത്രം ദര്‍ശിക്കുന്ന വിശാല വീക്ഷണമാണ് സനാതന ധര്‍മത്തിന്റെ പ്രത്യേകത.
എന്റെ ധര്‍മം, എന്റെ കര്‍ത്തവ്യമാണെന്നും അത് ഞാന്‍ നിര്‍വഹിക്കണമെന്നുമുള്ള കാഴ്ചപ്പാടിനാണ് സനാതന ധര്‍മം പ്രധാന്യം കൊടുക്കുന്നതെന്നും ഇത് ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും ശാന്തിയുടേയും മാര്‍ഗമാണെന്നും അമ്മ പറഞ്ഞു. മനുഷ്യരില്‍ സ്നേഹത്തിന്റെയും സേവനത്തിന്റെയും നീരുറവ ഇന്ന് വറ്റി വരികയാണ്. ലോകത്തെയും മനുഷ്യരെയും രക്ഷിക്കാനുള്ള ഏകമാര്‍ഗം ധര്‍മത്തെ വീണ്ടെടുക്കലാണ്.
സമൂഹത്തിന് മനുഷ്യനിര്‍മിതമായ നിയമങ്ങള്‍ ഉള്ളതു പോലെ ഈ പ്രപഞ്ചത്തിന്റെ നടത്തിപ്പിന് പ്രപഞ്ചശക്തി നിശ്ചയിച്ച നിയമമാണ് ധര്‍മം. പരമാവധി ജനങ്ങള്‍ക്ക് പരമാവധി സമയം പരമാവധി സന്തോഷം നല്‍കുന്നത് എന്തോ അതാണ് ധര്‍മമെന്നും അമൃതാനന്ദമയി ദേവി പറഞ്ഞു. ധര്‍മത്തില്‍ ഉറച്ചുനിന്ന് സ്നേഹവും ശാന്തിയും ഐക്യവും തുടിക്കുന്ന ഒരു ലോകക്രമം വാര്‍ത്തെടുക്കാന്‍ അവര്‍ ആഹ്വാനം ചെയ്തു.
ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, വിഎച്ച്പി ജോ. ജനറല്‍ സെക്രട്ടറി സ്വാമി വിജ്ഞാനന്ദ്, ഹിന്ദു ഇക്കണോമിക് ഫോറം സെക്രട്ടറി രവികാന്ത് മിശ്ര, ഡോ. ജയ് ബിശ്വാള്‍, ലോക ഹിന്ദു കോണ്‍ഗ്രസ് സംഘാടക സമിതി സെക്രട്ടറി സ്വദേശ് ഖേതാവാത്, പ്രൊഫ. ഗുണമഹേശന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സംസാരിച്ചു.
ഹൈന്ദവ സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യുന്നതിനാണ് വേള്‍ഡ് ഹിന്ദു ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ലോക ഹിന്ദു കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. മൂന്ന് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ ആത്മീയ ആചാര്യന്‍മാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും, പണ്ഡിതരും, 60 ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: