ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ധനവകുപ്പുമായി ബന്ധപ്പെട്ട് പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്. ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരം 109 പേര്‍ക്ക് സൗജന്യ പാചകവാതക വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യം കേരളത്തില്‍ പൂര്‍ണമായും ഇല്ലാതായിരിക്കുകയാണ്. പണമില്ലെന്ന് വീണ്ടും വീണ്ടും സര്‍ക്കാര്‍ പറയുന്നു. പക്ഷേ ഒന്നരക്കോടി രൂപ ചെലവഴിച്ച് ആഡംബരബസില്‍ യാത്ര ചെയ്യുന്നു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാത്രയല്ല മുഖ്യമന്ത്രി നടത്തുന്നത്. സ്വന്തം പ്രശ്നങ്ങള്‍ ജനങ്ങളോട് പറയുന്ന പരിപാടിയാണിത്. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പരിധിക്കപ്പുറമുള്ള ഫണ്ടിനുവേണ്ടി ഒരു അപേക്ഷയും കൊടുക്കാതെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന സമീപനമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ പാവപ്പെട്ടവന്റെ സര്‍ക്കാരാണ് മോദിയുടെത്. രാജ്യത്തെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഏറ്റവുമധികം സഹായം ചെയ്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് 61 ശതമാനം സ്ത്രീകള്‍ക്കും അക്കൗണ്ട് തുറപ്പിക്കാനായത് മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണനേട്ടമാണ്. വിവിധ തരം വായ്പകളും സ്ത്രീകള്‍ക്കായി വിതരണം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന്, ദക്ഷിണമേഖലാ സെക്രട്ടറി ബി. കൃഷ്ണകുമാര്‍, ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, മണ്ഡലം ജനറല്‍ സെക്രട്ടറി അനീഷ് മുളക്കുഴ, എസ്.വി. പ്രസാദ്, രോഹിത്ത് പി. കുമാര്‍, സിന്ധുലക്ഷ്മി, കെ.കെ. വിനോദ്, ഇന്ദു രാജന്, ശ്രീജ പ്രദീപ്, രാജലക്ഷ്മി, സ്മിത വട്ടയത്തില്‍, മീട്ടു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെങ്ങന്നൂര്‍ ബ്ലയിസ് ഭാരത്ഗ്യാസ് ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഗ്യാസ് കണക്ഷനുകള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: