തിരുവനന്തപുരം: സ്ത്രീശാക്തീകരണത്തിലൂടെ രാജ്യം മുന്നേറുന്നതിന്റെ അടിസ്ഥാനം ഭരണഘടനയിലൂടെ ഡോ. അംബേദ്കര്‍ വിഭാവനംചെയ്ത സ്വപ്നങ്ങളാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍. മഹിളാ സമന്വയ വേദി തിരുവനന്തപുരം ജില്ലാഘടകം സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം കവടിയാര്‍ ഉദയപാലസ് കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
രാജ്യത്തിന്റെ വികസനക്കുതുപ്പിന് സ്ത്രീകളുടെ ശാക്തീകരണത്തിന് വലിയ പങ്കുണ്ട്. അതുകൂടി വിഭാവനം ചെയ്താണ് ഡോ.അംബേദ്കര്‍ ഭരണഘടന തയാറാക്കിയത്. അതുകൊണ്ടാണ് ഒരു പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്കിയാല് ഒരു കുടുംബം വിദ്യാസമ്പന്നമാകുന്നതിന് സമമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതും നാരീശക്തി പദ്ധതികള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതും.
പ്രധാനമന്ത്രി ആവാസ് യോജന വഴി നല്കിയ നാലുകോടി വീടുകളില്‍ 70 ശതമാനവും സ്ത്രീകളുടെ പേരിലാണെന്നത് അഭിമാനം വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ നഴ്സുമാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ലോകമെമ്പാടും കൈയടി നേടുന്നത് ഏറെ അഭിമാനകരമാണെന്നും ഭരണഘടനാദിനത്തില്‍ തന്നെ സ്ത്രീശക്തി സംഗമം സംഘടിപ്പിച്ചത് ഏറെ അഭിനന്ദാര്‍ഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിവിധ മേഖലളിലെ പ്രഗത്ഭരായ വനിതകളെയും കേന്ദ്രമന്ത്രി ആദരിച്ചു. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ആശാ കിഷോര്‍, ശ്രീനാരായണഗുരു അന്തര്‍ദേശീയ പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.സുഗീത.ബി, തിരുവനന്തപുരം പിആര്‍എസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ പ്രിയാ ബാലന്, കൂന്താണി എന്ന അപൂര്‍വ കൈതച്ചക്ക കര്‍ഷകയായ പരപ്പി അമ്മ, റോളര്‍ സ്കേറ്റിങ് താരം ആര്‍ച്ച എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ സമ്മേളനത്തില്‍ ദീപം കൊളുത്തി. സ്ത്രീശക്തി സംഗമം അധ്യക്ഷ ഡോ. വി. തങ്കമണി അധ്യക്ഷയായി. മഹിള സമന്വയ വേദി സംസ്ഥാന സംയോജക അഡ്വ. അഞ്ജന ദേവി പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്രമന്ത്രിക്ക് ഓണവില്ലും സമ്മാനിച്ചു. പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം ശ്രീശാന്താനന്ദ മഠം സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, മഹിളാ സമന്വയ വേദി ജില്ലാ സംയോജക ഡോ.വി. സുജാത, സ്ത്രീശക്തി സംഗമം ജനറല്‍ കണ്‍വീനര്‍ നീലിമ ആര്. കുറുപ്പ്, ട്രഷറര്‍ വി.വി. ലക്ഷ്മീപ്രിയ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: