കൊച്ചി: ആ നിമിഷത്തെ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല കുസാറ്റിലെ ഒന്നാം വര്‍ഷ ഇലക്ട്രോണിക്സ് വിദ്യാര്‍ഥിയായ അദൈ്വത് സുധീര്‍. കാമ്പസില്‍ ടെക് ഫെസ്റ്റിന്റെ അവസാന ദിനത്തില്‍ ബോളിവുഡ് ഗായികയുടെ സംഗീത നിശ നടക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് അദൈ്വതിനെ ആരോ തള്ളിയിട്ടത്.
‘പടിക്കെട്ടില്‍നിന്ന് വീണപ്പോള്‍ ശ്വസം നിലച്ചപോലെ തോന്നി. പിന്നീട് ഒരുപാട് പേര് എന്റെ മുകളിലേക്കു വീഴുന്നതറിഞ്ഞപ്പോള് എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലായില്ല. ശ്വാസമെടുക്കാന്‍ വല്ലാതെ പാടുപെട്ടു. മരണം മുന്നില്‍ക്കണ്ടു ഞാന്‍ പിടിഞ്ഞു.’ – കളമശേരി മെഡിക്കല്‍ കോളജിലെ എ വാര്‍ഡില്‍ കാലിനു പരിക്കേറ്റു കഴിയുന്ന അദൈ്വത് ജന്മഭൂമിയോടു പറഞ്ഞു. ‘അര മണിക്കൂറോളമാണ് അങ്ങനെ കിടന്നത്. ബോധം പോയിരുന്നില്ല. ചെവി അടഞ്ഞു,ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. വലിയ കുലുക്കം അനുഭവപ്പെട്ടു.’ മരണവുമായി ഒളിച്ചുകളി നടത്തിയ നിമിഷങ്ങള്‍ വിവരിക്കുമ്പോള്‍ ഭീതിയില്‍ മുഖം മുറുകി.
പിന്നീട് ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ സഹപാഠികള്‍ പറയുമ്പോഴാണ് അറിയുന്നത് തന്റെ മുകളില്‍ എട്ടു പേര് ഉണ്ടായിരുന്നുവെന്ന്. ദുരന്തത്തില്‍ മരിച്ച അതുല്‍ തമ്പിയും ആന്‍ റുഫ്തയും സാറ തോമസും അദൈ്വതിന്റെ തൊട്ടടുത്താണ് നിന്നിരുന്നത്. നാലു പേരും പരിപാടിയുടെ സംഘാടക സമിതിയിലുണ്ടായിരുന്നു. നല്ല വൈബില്‍ നില്‍ക്കുമ്പോഴാണ് മഴയുടെ രൂപത്തില്‍ ദുരന്തമെത്തിയത്. ചങ്ക്്സ് ഇല്ലാത്ത കാമ്പസിലേക്ക് എങ്ങനെ തിരിച്ചുപോകുമെന്ന വിഷാദത്തിലാണ് അദൈ്വത്.
വില്ലനായത് മഴയും പടിക്കെട്ടുകളും
കൊച്ചി: നാല് കുടുംബങ്ങളുടെ പ്രതീക്ഷയും സ്വപ്നവുമാണ് കുസാറ്റിലെ ആ പടിക്കെട്ടില്‍ എന്നന്നേക്കുമായി അസ്തമിച്ചത്. ടെക് ഫെസ്റ്റിന്റെ സമാപന ദിനത്തില്‍ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത സദസിന് നിമിഷങ്ങള്‍ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. കാമ്പസ് ഓഡിറ്റോറിയത്തിന്റെ അകത്തും പുറത്തുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികളും കാണികളുമുണ്ടായിരുന്നു. അപ്പോഴാണ് മഴ പെയ്യുന്നതും പുറത്ത് നിന്നവര്‍ അകത്തേക്ക് തിക്കിത്തിരക്കിയെത്തിയതും.
എന്നാല്‍ പുറത്തുനിന്നവര്‍ അറിഞ്ഞിരുന്നില്ല താഴെ ഇത്രയും ഉയരത്തിലുള്ള പടിക്കെട്ടുകള്‍ ഉണ്ടാകുമെന്ന്്. കുത്തനെയുളള 12 പടികളിറങ്ങിയാണ് കുസാറ്റ് ഓഡിറ്റോറിയത്തിലേക്ക് കടക്കേണ്ടത്. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഇവിടെ പടികളുണ്ടെന്ന് ആര്‍ക്കും മനസിലാകില്ല. ഗേറ്റിന്റെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞാല്‍ മാത്രമാണ് അവിടെ കുത്തനെയുളള 12 പടികളുളള താഴ്ചയാണെന്ന് മനസിലാക്കുക. ഇരുട്ടും മഴയും ചേര്‍ന്നപ്പോള്‍ ഗേറ്റ് കടന്നെത്തിയവര്‍ തിക്കിലും തിരക്കിലുംപെട്ടു പടികളിലേക്കു വീണു. പുറകില്‍ നിന്നു വന്നവര്‍ മുന്നിലുളളവരുടെ മുകളിലായി വീണു. എന്നാല്‍ മഴയുടെ ശബ്ദവും പരിപാടി നടക്കുന്ന സ്ഥലത്തെ ശബ്ദവും കാരണം പുറകില്‍ ഉള്ളവര്‍ മുന്നില്‍ നടന്ന ദുരന്തമൊന്നും അറിഞ്ഞില്ല. മുന്നില്‍ വീണവരുടെമേല് അവര്‍ മരണഭാരമായി മാറിക്കൊണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: