കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായുള്ള സംഗീതനിശക്കിടെ ഉണ്ടായ മനുഷ്യ ദുരന്തം ഹൃദയഭേദകമാണ്. സംഗീതനിശക്കെത്തി പുറത്തു കാത്തുനിന്നവര്‍, മഴ പെയ്തതോടെ ഓഡിറ്റോറിയത്തിനുള്ളിലേക്ക് തള്ളിക്കയറിയതാണ് നാല് പേരുടെ ജീവന് പൊലിയാനും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനും ഇടയാക്കിയത്. അകത്തേക്കും പുറത്തേക്കും ഒരിടത്തുകൂടി മാത്രം സൗകര്യമുള്ള ഓഡിറ്റോറിയത്തിന്റെ കുത്തനെ താഴേക്കുള്ള പടികളിലേക്ക് നൂറുകണക്കിനാളുകള്‍ തിക്കിത്തിരക്കി വന്നതാണ് ദുരന്തമായി കലാശിച്ചത്. കുസാറ്റിലെ വിദ്യാര്‍ത്ഥികളധികവും ഓഡിറ്റോറിയത്തിന് അകത്തായിരുന്നു. പുറമെനിന്നെത്തിയവര്‍ ഓഡിറ്റോറിയത്തെക്കുറിച്ച് ധാരണയില്ലാത്തവരായിരുന്നു. അവര്‍ ഇരമ്പിയെത്തിയപ്പോള്‍ ചവിട്ടുപടികളിലും മറ്റും നിന്നിരുന്ന വിദ്യാര്‍ത്ഥികള്‍ വീണുപോയി. അവരെ ചവിട്ടിയാണ് പുറത്തുള്ളവര്‍ അകത്തെത്തിയത്. എന്താണ് സംഭവിച്ചതെന്നറിയാതെ കൂടുതലാളുകള്‍ പുറത്തുനിന്നു വന്നുകൊണ്ടിരുന്നു. ഇതാണ് ഗുരുതരമായി പരിക്കേറ്റവരുടെ സംഖ്യ വര്‍ധിക്കാന്‍ കാരണം. ഹൃദയത്തിനും കരളിനും ശ്വാസകോശത്തിനുമൊക്കെ പരിക്കേറ്റവര്‍ ഭാഗ്യംകൊണ്ടു മാത്രമാണ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമൊക്കെ കഴിയുന്നവര്‍ എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.
മാതാപിതാക്കളുടെ കണ്ണിലുണ്ണികളായിരുന്ന, കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെ നാലുപേരുടെ ജീവനുകളാണ് നഷ്ടമായത്. തീരാത്ത വേദനയാണ് ഇത് സമ്മാനിക്കുന്നത്. അപ്പോള്‍ പോലും എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്നു ആരായാതിരിക്കാന്‍ കഴിയുന്നില്ല. ലഭ്യമായ വിവരങ്ങള്‍ വച്ചുകൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ട്. കുസാറ്റിലെ ഈ ദുരന്തം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നു. സംഗീതനിശ എന്നു കേള്‍ക്കുമ്പോള്‍ അത് എവിടെയായിരുന്നാലും പാഞ്ഞെത്തുന്നവരാണ് മലയാളികള്‍. പാട്ടിന്റെ ലഹരിയില്‍ ഒരുതരത്തിലുള്ള നിയന്ത്രണവും ഇവര്‍ പാലിക്കാറില്ല. സ്വാഭാവികമായും ഒരു കോളജ് ക്യാമ്പസില്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടതായിരുന്നു. ആര്‍ക്കൊക്കെ എങ്ങനെയൊക്കെ അതില്‍ പങ്കെടുക്കാം എന്ന നിബന്ധന വയ്ക്കണമായിരുന്നു. വലിയ ആള്‍ക്കൂട്ടമുണ്ടാകുമ്പോള്‍ അവരെ നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ടാകേണ്ടതായിരുന്നില്ലേ? എന്നാല്‍ വെറും നാലു പോലീസുകാര്‍ മാത്രമാണത്രേ സ്ഥലത്ത് ഉണ്ടായിരുന്നത്. ആയിരക്കണക്കിനാളുകള്‍ ഒത്തുചേരുന്നിടത്ത് ഇവര്‍ക്ക് എന്തു ചെയ്യാനാവും? യഹോവസാക്ഷികളുടെ പ്രാര്‍ത്ഥനാ യോഗത്തിലെ ബോംബു സ്ഫോടനത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടത് കുസാറ്റിന് തൊട്ടടുത്താണ്. അവിടെയും പോലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ കോളജ് അധികൃതര്‍ക്ക് വലിയ പങ്കൊന്നുമില്ലായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ക്യാമ്പസുകളില്‍ അരാജകത്വം വിതറുന്നവര്‍ എല്ലാറ്റിന്റെയും നിയന്ത്രണം കയ്യിലെടുക്കുകയാണ്. ഇവരോട് ആര്‍ക്കും ഒന്നും ചോദിക്കാനാവില്ല. പല ക്യാമ്പസുകളിലെയും സ്ഥിതി ഇതാണ്. എല്ലായിടത്തും ദുരന്തങ്ങള്‍ സംഭവിക്കുന്നില്ലെന്നു മാത്രം.
സ്കൂളുകളിലായാലും കലാലയങ്ങളിലായാലും വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് വരുന്നത്. ഇത് കഴിഞ്ഞേ മറ്റുകാര്യങ്ങള്‍ വരുന്നുള്ളൂ. എന്നാല്‍ ഇങ്ങനെയുള്ള പലയിടങ്ങളിലും കണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമായി സംഘടിത ശക്തികൊണ്ട് പലതും ചെയ്തുകൂട്ടുന്നതാണ്. ക്യാമ്പസുകളിലെ പരിപാടികള്‍ക്ക് അത് പഠനത്തിലായാലും പാഠ്യേതര കാര്യങ്ങളിലായാലും അധികൃതര്‍ക്ക് പൂര്‍ണമായ നിയന്ത്രണം വേണം. എല്ലാം വിദ്യാര്‍ത്ഥികളുടെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുക്കാന്‍ പാടില്ല. വിദ്യാര്‍ത്ഥി സംഘടനകളെയല്ല, അധികൃതരെ വിശ്വസിച്ചാണ് മാതാപിതാക്കള്‍ കുട്ടികളെ പഠിക്കാന്‍ വിടുന്നതെന്ന കാര്യം മറന്നുപോകരുത്. ഒരു കാരണവശാലും ക്യാമ്പസുകളില്‍ സമാന്തരഭരണം അനുവദിക്കാന്‍ പാടില്ല. കുസാറ്റിലെ ദുരന്തം ഒരു പാഠമാവണം. എന്താണ് നടന്നതെന്ന് അന്വേഷിച്ചു കണ്ടെത്തി വസ്തുതകള്‍ പൂര്‍ണമായി പുറത്തുകൊണ്ടുവരണം. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണം. തിക്കിലും തിരക്കിലുമുള്ള മരണം കേരളത്തില്‍ പതിവല്ലെങ്കിലും ഇത്തരം ദുരന്തങ്ങള്‍ നമുക്ക് അന്യമല്ല. ശബരിമലയിലെ മകരജ്യോതി ദര്‍ശനത്തിനിടെ പുല്ലുമേട്ടില്‍ 100 ലേറെ അയ്യപ്പന്മാര് മരിക്കാനിടയായ സംഭവം ആര്‍ക്കും മറക്കാനാവില്ലല്ലോ. ഇതുസംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. ചില അജ്ഞാതവാഹനങ്ങള്‍ സംഭവസ്ഥലത്തെത്തിയതായി കണ്ടെത്തിയെങ്കിലും ദുരന്തവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്ന അന്വേഷണം മുന്നോട്ടുപോയില്ല. കേരളം ജനസാന്ദ്രതയേറിയ കൊച്ചുപ്രദേശമാണ്. ആഘോഷപരിപാടികള്‍ക്ക് പെട്ടെന്ന് ആളുകൂടും. കലാലയങ്ങളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാത്തരം മുന്‍കരുതലുകളും കനത്ത ജാഗ്രതയും ആവശ്യമാണ്. ദുരന്തം സംഭവിച്ചു കഴിഞ്ഞിട്ട് ആലോചിച്ചാല്‍ പോരല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: