ഹൈദരാബാദ്: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവേശമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായി തെലങ്കാനയിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ തയാറെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മേദക് ജില്ലയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും ബിആര്‍എസും ഒരേ തൂവല്‍ പക്ഷികളാണ്. രാജ്യത്ത് കോണ്‍ഗ്രസ് സുല്ത്താന്ഷാഹിയെ പ്രോത്സാഹിപ്പിച്ചപ്പോള്‍ ബിആര്‍എസ് മേധാവിയും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു നിസാംഷാഹിയെ പ്രമോട്ട് ചെയ്തുവെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസും ബിആര്‍എസും സാമ്രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങളാണ്. ബൊഫോഴ്സ് മുതല്‍ ഹെലികോപ്റ്റര്‍ അഴിമതി വരെയുള്ള എല്ലാ കാര്യങ്ങളിലും കമ്മീഷന് വാങ്ങിച്ചതിന്റെ സമ്പൂര്‍ണ്ണ ട്രാക്ക് റിക്കാര്‍ഡ് കോണ്‍ഗ്രസിനുണ്ട്. തന്റെ എംഎല്‍എമാരില്‍ നിന്നും 30 ശതമാനം കമ്മീഷന് വാങ്ങുന്നുവെന്ന് കെസിആറും സമ്മതിക്കുന്നു. കോണ്‍ഗ്രസ് സാമ്രാജ്യത്തിലെ ഭൂരിഭാഗം പേരും അഴിമതിക്കേസുകളില്‍ ജാമ്യത്തിലിറങ്ങിയവരാണ്. കെസിആറിന്റെ കുടുംബാംഗങ്ങളും നിരവധി അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നു. തെലങ്കാനയിലെ ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ ബിജെപിക്ക് മാത്രമേ കഴിയൂ.
കോണ്‍ഗ്രസിന്റെയും കെസിആറിന്റെയും ഭരണത്തില്‍ സ്വന്തം കുടുംബങ്ങള്‍ മാത്രമേ തഴച്ചുവളര്ന്നിട്ടുള്ളൂ. തെലങ്കാനയ്ക്ക് ആദ്യ ഒബിസി മുഖ്യമന്ത്രിയെ ബിജെപി നല്‍കുമെന്നും റാലിയില്‍ മോദി പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: