വാഷിങ്ടണ്‍: ബഹിരാകാശ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ ഭാരതത്തിലെത്തും. യുഎഇയിലും അദ്ദേഹം സന്ദര്‍ശനം നടത്തുന്നുണ്ട്. ഇരു രാഷ്‌ട്രങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ബില്‍ നെല്‍സണ്‍ ചര്‍ച്ചകള്‍ നടത്തും.
ബില്‍ നെല്‍സണ്‍ ബഹിരാകാശ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും അതിലൂടെ മനുഷ്യ പര്യവേഷണം, ഭൗമശാസ്ത്രം തുടങ്ങിയ മേഖലകളിലെ നവീകരണം, ഗവേഷണം എന്നിവയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുമെന്നും നാസ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടു വച്ച, ഭാരതവും അമേരിക്കയും മുന്‍കൈയെടുക്കുന്ന ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിങ് ടെക്നോളജിയുടെ ഭാഗമാണ് നെല്‍സണിന്റെ ഭാരത സന്ദര്‍ശനം.
ഭാരതത്തിലെത്തുന്ന അദ്ദേഹം ബെംഗളൂരു ഉള്‍പ്പെടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി വിക്ഷേപിക്കാനൊരുങ്ങുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (ചകടഅഞ നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍) വിവിധ പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നത് ബെംഗളൂരുവിലാണ്. 2024ലാണ് ഇതിന്റെ വിക്ഷേപണം.
നാസയും ഐഎസ്ആര്‍ഒയും പങ്കാളികളാകുന്ന ആദ്യ ദൗത്യമാണ് നിസാര്‍. ഇത് ബഹിരാകാശ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭൂമിയിലെ മാറുന്ന ആവാസവ്യവസ്ഥ, ചലനാത്മക പ്രതലങ്ങള്‍, ഹിമ പിണ്ഡങ്ങള്‍, ബയോമാസിനെ സംബന്ധിച്ച വിവരങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സമുദ്രജലനിരപ്പിലുണ്ടാകുന്ന മാറ്റം, ഭൂഗര്‍ഭ ജലം തുടങ്ങിയവയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നിസാര്‍ വഴി ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: